കൊച്ചി: എന്നും ആൾക്കൂട്ടത്തിന്റെ നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എൺപതാം വയസിലേക്ക് കടക്കുന്ന അദ്ദേഹത്തിൽ വാർധക്യത്തിന്റെ അവശതകൾ പ്രകടമാണെങ്കിലും പിറന്നാൾ ആഘോഷിച്ചു. തന്നെ കാണാൻ കൂടുതൽ പേർ ആലുവ പാലസിലേക്ക് ആളുകൾ എത്തിയ സന്തോഷത്തിലായിരുന്നു മുൻ മുഖ്യമന്ത്രി. അതേസമയം ആൾക്കൂട്ടവുമായി സംവദിക്കാൻ ശബ്ദം കുറവായതിനാനുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തെ അലട്ടുന്നുണ്ട്. ജർമ്മനിയിലേക്ക് ചികിത്സക്കായി പോകുമെന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നു. തെണ്ടയിലെ ബുദ്ധിമുട്ടുകളും അദ്ദേഹത്തെ സാരമായി തന്നെ അലട്ടിയിരുന്നു.

അതേസമയം ഉമ്മൻ ചാണ്ടിക്ക് ആശംസകൾ നേരാൻ നേതാക്കളും മമ്മൂട്ടിയെ പോലുള്ള സെലബ്രിറ്റികളും രംഗത്തുവന്നിരുന്നു. ആലുവ പാലസിൽ എത്തിയ മമ്മൂട്ടി ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു. അസുഖം ഭേദമായി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പതിവു ശൈലിയെയും മമ്മൂട്ടി തമാശയായി പറഞ്ഞു. മുടിയൊക്കെ നല്ല സ്‌റ്റൈലായല്ലോ, വേഗം സുഖം പ്രാപിച്ച് വാ' എന്ന് ആശംസിച്ചു. പൂച്ചെണ്ട് നൽകി കൊണ്ട് പ്രിയതാരം മുൻ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നു.നിർമ്മാതാക്കളായ ആന്റോ ജോസഫും ജോർജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ നേതാക്കളുടെയും പ്രവർത്തകരുടെയും നിർബന്ധത്തിന് വഴങ്ങി കേക്ക് മുറിച്ചിരുന്നു. എന്നാൽ താനായിട്ട് കേക്കു മുറിക്കില്ലെന്ന പതിവ് ഇക്കുറിയും അദ്ദേഹം തുടർന്നു. പകരം കേക്കുമായി ആശംസ അർപ്പിക്കാനെത്തിയ സ്ഥലം എംഎൽഎ അൻവർ സാദത്ത് തന്നെ കേക്കു മുറിച്ചു. ആവർത്തിച്ചു പറഞ്ഞിട്ടും ജന്മദിനത്തിൽ കേക്കു മുറിക്കുന്ന പതിവു തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെ എല്ലാവരുടെയും സമ്മതം വാങ്ങി അൻവർ സാദത്ത് കേക്ക് മുറിച്ച് ഉമ്മൻ ചാണ്ടിക്കും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൽകി.

കടുത്ത ആരോഗ്യ പ്രശ്‌നം നേരിടുന്ന ഉമ്മൻ ചാണ്ടി ചികിത്സകളുമായി ബന്ധപ്പെട്ട് ആലുവ ഗെസ്റ്റ് ഹൗസിലെത്തിയിട്ട് ഏതാനും ദിവസങ്ങളായി. ജർമനയിലേക്കു വിദഗ്ധ ചികിത്സയ്ക്കു പോകാനിരിക്കെയാണ് ഇന്നു ജന്മദിനമെത്തിയത്. ആദ്യം പുതുപ്പള്ളിയിലെത്തി പതിവുപോലെ നാട്ടുകാരുടെ ആശംസകൾ ഏറ്റു വാങ്ങണമെന്നു മോഹിച്ചെങ്കിലും ആരോഗ്യം സമ്മതിക്കാത്തതിനാൽ ഒപ്പമുള്ളവർ അനുവദിച്ചില്ല. ഇതോടെയാണ് ആലുവ ഗെസ്റ്റ് ഹൗസിൽ ഈദിവസം ചെലവഴിക്കാൻ തീരുമാനിച്ചത്.

വലിയൊരു മനുഷ്യന്റെ ജന്മദിന കേക്കു മുറിക്കാൻ ലഭിച്ച അവസരം അപൂർവ സൗഭാഗ്യമായാണ് കാണുന്നതെന്ന് അൻവർ സാദത്ത് പ്രതികരിച്ചു. ഇത് ഒരു വല്ലാത്ത മനുഷ്യൻ തന്നെയെന്ന ആത്മഗതവും അദ്ദേഹം പങ്കുവയ്ക്കുന്നു. കുടുംബാംഗങ്ങൾക്കു പുറമേ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്ത്‌ലിബ്, മുനിസിപ്പൽ ചെയർമാൻ എം.ഒ.ജോൺ തുടങ്ങിയവർ ആശംസ അർപ്പിക്കാനെത്തി.

1943 ഒക്ടോബർ 31നായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. ബാലജനസഖ്യത്തിലൂടെയും കെ.എസ്.യുവിലൂടെയും കടന്നുവന്ന നേതാവ്, പിന്നീട് കോൺഗ്രസിന്റെ അമരത്ത് പകരക്കാരനില്ലാത്ത നേതാവായി. 1970ൽ പുതുപ്പള്ളിയിൽ നിന്നും കന്നിയങ്കം ജയിച്ച ഉമ്മൻ ചാണ്ടി പിന്നീട് തോൽവി അറിഞ്ഞിട്ടില്ല. പാർട്ടിക്കുള്ളിലെ പടയുടെ മുൻപന്തിയിലുണ്ടായിരുന്നുവെങ്കിലും എതിർ ചേരിയിലുള്ളവർക്ക് ഒരിക്കലും പിടിച്ചുകെട്ടാനായില്ല.

മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയപ്പോഴും ജനങ്ങൾ നെഞ്ചേറ്റിയ നേതാവായി. 2016 ൽ പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മാറി നിന്നപ്പോഴും അദ്ദേഹം ജനങ്ങൾക്കിടയിൽ സജീവമായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും ചികിത്സയ്ക്ക് ശേഷം ഉടൻ ജനങ്ങൾക്കിടയിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ.