മിത വ്യായാമം മൂലമുണ്ടായ മരണം ഇന്ത്യൻ സമൂഹത്തിൽ ചർച്ചയായത് കന്നഡ സൂപ്പർ സ്റ്റാർ പുനിത് രാജ്കുമാറിന്റെ മരണത്തെ തുടർന്നാണ്. താരത്തെ ജിമ്മിൽ വ്യായാമത്തിൽ ഏർപ്പെട്ടിരുന്നപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാതൊരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും പുനീത് രാജുമാറിന് നേരത്തെ ഉണ്ടായിരുന്നില്ല. പൂർണ ആരോഗ്യവാനായിരുന്ന പുനീത് ഫിറ്റ്നസ് ഫ്രീക്കുമായിരുന്നു. മരണത്തിനുശേഷം വന്ന പരിശോധനയിലാണ് അമിതമായ വ്യായാമമാണ് വില്ലനായത് എന്നാണ് ഡോക്ടർമാർ വിലയിരുത്തിയത്.

ഇപ്പോഴിതാ ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങൾ അരങ്ങേറിയ വേദിയിൽ ഉണ്ടായ കൂട്ട ഹൃദയാഘാതമരണങ്ങളും വലിയ വാർത്തയാവുകയാണ്. മതിമറന്ന് ഗർബ നൃത്തം ചെയ്യുന്നതിനിടെ പലരും കുഴഞ്ഞുവീണു. ഒട്ടേറെ പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഒടുവിലാണ് ചെറുപ്പക്കാരും മധ്യവയസ്‌കരുമുൾപ്പെടെ പത്തു പേർ ഹൃദയാഘാതത്താൽ മരണമടഞ്ഞെന്ന വാർത്ത പുറത്തുവന്നത്. 24 മണിക്കൂറിനിടെയാണ് ബറോഡയിൽ നിന്നുള്ള പതിമൂന്നുകാരൻ ഉൾപ്പെടെ പത്തു പേർ മരണത്തിനിരയായത്. നവരാത്രി ആഘോഷം ആരംഭിച്ച് ആറു ദിവസത്തിനുള്ളിൽ 108 ആംബുലൻസ് സർവീസിലേക്ക് ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമായി മാത്രം വന്നത് 521 കോളുകളാണ്. ശ്വാസതടസ്സം മൂലം 609 കോളുകളും. എങ്ങനെ ഈ കൂട്ടമരണം ഉണ്ടായി എന്നത് സംബന്ധിച്ച് വലിയ ചർച്ചയാണ് നടക്കുന്നത്.

അമിതവ്യായാമം വില്ലനാവുന്നു

ദുർഗാദേവിയെ പ്രീതിപ്പെടുത്താൻ ചെയ്തുവരുന്ന ഒരു നൃത്തരൂപമാണ് ഗർബ. പ്രായഭേദമന്യേ മണിക്കൂറുകളോളം വിശ്രമമില്ലാതെ അടഞ്ഞ പ്രദേശങ്ങളിൽ ചെയ്യുന്ന രീതിയാണ് ഗർബ നൃത്തത്തിന്റേത്. കഠിനമായ അധ്വാനമാണ് ഇവിടെ നടക്കുന്നത്, അതിനാൽതന്നെ ശരീരം തളരുന്നു. ഇങ്ങനെ ഓവർ ട്രെയിനിങ് മൂലം മരണം സംഭവിച്ചുവെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

ആരോഗ്യമുള്ള മറ്റ് അസുഖങ്ങളൊന്നുമില്ലാത്തവർ ആണെങ്കിലും ശരീരത്തിന്റെ ത്രാണിക്കപ്പുറം അതിനെ സമ്മർദത്തിലാക്കുന്നത് വിപരീതഫലമുണ്ടാക്കും. ഇന്ത്യയിൽ പകുതിയിലേറെയും ബി.പി., പ്രമേഹം തുടങ്ങിയവ ഉള്ളവരാണെങ്കിലും അതു സംബന്ധിച്ച പരിശോധനകളൊന്നും നടത്താതെ ഇത്തരം കഠിനമായ ശാരീരിക പ്രവർത്തനങ്ങളിലേക്ക് പോകുന്നതും ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ പറയുന്നു. യാതൊരു ചെക്കപ്പും ചെയ്യാതെ ശരീരത്തിന് കഴിയാവുന്നതിലപ്പുറം വിശ്രമമില്ലാതെ വലിച്ചിഴയ്ക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക.

എന്തുതരം വ്യായാമമായാലും വിശ്രമം അനിവാര്യമാണ്. അല്ലാത്തപക്ഷം ശരീരം കൈവിട്ടുപോകും. റിക്കവറി പീരിയഡ് ഇല്ലാതെ വ്യായാമം നീണ്ടുപോകുന്നത് വലിയ ദോഷം ചെയ്യും. വ്യായാമത്തിന് മുമ്പ് വാംഅപ്പും ശേഷം റിക്കവറി പീരിയഡും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. നൃത്തമോ ഓട്ടമോ മാരത്തണോ ആയിക്കൊള്ളട്ടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. അതില്ലാതെ നീണ്ടുപോകുമ്പോഴാണ് മരണം സംഭവിക്കുന്നത്. ഓവർ ട്രെയിനിങ് സിൻഡ്രോം ഉള്ളവരിൽ സ്ട്രെസ്സ് ഹോർമോൺ കുമിഞ്ഞുകൂടുകയാണ് ചെയ്യുന്നത്. അഡ്രിനാലിൻ, എപിനെഫ്രിൻ, കോർട്ടിസോൾ തുടങ്ങിയവ കുമിഞ്ഞുകൂടി രക്തക്കുഴലുകളെ ചുരുക്കി, രക്തസഞ്ചാരം കുറയ്ക്കുന്നു, കൂടാതെ ബി.പി. കൂടുകയും നെഞ്ചിടിപ്പ് കൂടുകയുമൊക്കെ ചെയ്യുന്നു. സ്ട്രെസ്സ് നല്ലതാണെങ്കിലും അതിനൊരു അന്ത്യം വേണം. അതില്ലാതെ പോകുമ്പോഴാണ് അപകടാവസ്ഥയിലേക്ക് പോകുന്നത്. അരോഗ ദൃഢഗാത്രർക്ക് പോലും പെട്ടെന്ന് ഹൃദയസ്തംഭനം വരാൻ ഇവ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

സ്ട്രെസ്സ് ഹോർമോൺ കുമിഞ്ഞുകൂടുന്നത്, അമിതമായ വ്യായാമം, നിർജലീകരണം തുടങ്ങിയവയാണ് ഇത്തരം സാഹചര്യങ്ങളിൽ ഹൃദയാഘാതങ്ങൾ കൂടുന്നതിനു പിന്നിൽ. പ്രായം കൂടിയവരിൽ പലരിലും തിരിച്ചറിയപ്പെടാതെ കിടക്കുന്ന പല രോഗങ്ങളുമുണ്ടാകാം. അത്തരക്കാർ പെട്ടെന്ന് അമിതമായ കഠിനമായ ശാരീരികപ്രവർത്തനത്തിൽ ഏർപ്പെടുന്നതും പ്രശ്നമാകും. ഇതിനിടയിൽ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ ശരീരത്തിന് നിർജലീകരണം സംഭവിച്ചാൽ രക്തക്കുഴലുകൾ ചുരുങ്ങി രക്തം കട്ടിയായി രക്തം കട്ട പിടിക്കുകയാണു ചെയ്യുന്നത്. രാത്രികളിൽ ഹൃദയാഘാതം കൂടുന്നതിനു പിന്നിലും ഇതാണ്.

ഡയറ്റുകളെയും സൂക്ഷിക്കുക

ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ ഡയറ്റുകൾ പിന്തുടരുന്നതും പ്രശ്നമാവുന്നുണ്ട്. ബോളിവുഡ് താരം മിസ്തി മുഖർജിയുടെ മരണം കീറ്റോ ഡയറ്റ് പിന്തുടർന്നതിന്റെ പ്രത്യാഘാതങ്ങൾ ആണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ ഇത് വലിയ ചർച്ചയായിരുന്നു. അടുത്ത കാലത്ത് വളരെയധികം പ്രചാരം നേടിയ ഒരു ഡയറ്റ് പ്ലാൻ ആണ് കീറ്റോ ഡയറ്റ്. പെട്ടെന്ന് ശരീരഭാരം കുറയ്ക്കാനായി കേരളത്തിൽ കൂടുതൽ ആളുകൾ കീറ്റോ ഡയറ്റിനെ ആശ്രയിക്കുന്നതായി കണ്ടുവരുന്നുണ്ട്. കീറ്റോ ഡയറ്റാണ് നടിയുടെ ജീവൻ അപഹരിച്ചതെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. കീറ്റോ ഡയറ്റിൽ കാർബോ ഹൈഡ്രേറ്റിന്റെ അളവ് കുറവും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കൂടുതലുമാണ്. പ്രോട്ടീൻ കൂടിയ അളവിൽ എത്തുന്നത് ചിലരിൽ വൃക്കരോഗങ്ങൾ ഗുരുതരമാക്കുന്നുണ്ട്.

99 ശതമാനം കാലറിയും കൊഴുപ്പിൽ നിന്നും മാംസ്യത്തിൽ നിന്നും വെറും ഒരു ശതമാനം അന്നജത്തിൽനിന്നും ലഭിക്കുന്ന ഡയറ്റ് ആണ് കീറ്റോ. പോഷകാഹാര വിദഗ്ധരും വൈദ്യശാസ്ത്ര വിദഗ്ധരും അടങ്ങിയ ഒരു പാനൽ ലോകത്തിലെ ഏറ്റവും മോശം ഡയറ്റ് ആയി തിരഞ്ഞെടുത്തത് കീറ്റോ ആയിരുന്നു. പോഷകങ്ങൾ പൂർണമായും ലഭിക്കുമോ, ഡയറ്റ് പിന്തുടരാൻ എത്രമാത്രം എളുപ്പമാണ്, ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും ശരീരഭാരം കുറയ്ക്കാനുള്ള കഴിവ്, പാർശ്വഫലങ്ങൾ, ഹൃദ്രോഗം, പ്രമേഹം മുതലായ രോഗങ്ങളെ തടയാനുള്ള കഴിവ് ഇവയെല്ലാം പരിശോധിച്ചായിരുന്നു ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നൂറുകിലോയിൽ കൂടുതൽ ശരീരഭാരം ഉള്ളവർക്കാണ് ഈ ഡയറ്റ് കൂടുതൽ യോജിക്കുന്നത്. ഇതുമനസ്സിലാക്കാതെ എല്ലാവും കീറ്റോ ഡയറ്റിങ്ങിലേക്ക് എടുത്തു ചാടുന്നത് അപകടരമാണെന്നാണ് ആരോഗ്യ വിദഗധരുടെ വിലയിരുത്തൽ.

അതുപോലെ തന്നെ കന്നഡ നടൻ വിജയ് രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഘവേന്ദ്രയുടെ (44) മരണവും കീറ്റോ ഡയറ്റ്മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. കുടുംബത്തോടൊപ്പം തായ്ലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ പൊടുന്നനെ ഹൃദയാഘാതം വന്നാണ് ഇവർ മരിക്കുന്നത്. ഒരു ഡോക്ടറുടെയും ഡയറ്റീഷ്യന്റെയും നിർദ്ദേശം ഇല്ലാതെ ഇത്തരം ഡയറ്റുകൾ സ്വീകരിക്കയോ അമിതമായി വ്യായാമം ചെയ്യുകയോ ചെയ്യുന്നത് അപകടകരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.