കോഴിക്കോട്: നാലുവർഷം മുമ്പ് വരെയും കേരളത്തിലെ സ്വതന്ത്രചിന്താ മേഖലയിൽ നിറഞ്ഞു നിന്ന, കടുത്ത ഇസ്ലാമിക വിമർശകനായി അറിയപ്പെട്ട വ്യക്തിയായിരുന്നു പി എം അയൂബ്. നേരത്തെ മൗലവിയായിരുന്ന ഇദ്ദേഹം, യുക്തിവാദത്തിലേക്ക് വന്നത് ഏവരെയും ഞെട്ടിച്ചിരുന്നു. തുടർന്ന് ഖുർആനെയും, പ്രവാചകനെയും, ഹദീസുകളെയുമൊക്കെ നിശിതമായി വിമർശിച്ചുകൊണ്ടുള്ള നിരവധി പ്രസംഗങ്ങൾ പി എം അയൂബ് നടത്തി. അവയിൽ പലതും സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. ഒരു മൗലവിയായ താൻ എങ്ങനെയാണ് നാസ്തികനായത് എന്നൊക്കെ അയൂബ് വിശദമായി പറയുന്ന വീഡിയോയും ഉണ്ട്. ഇതിനിടെ മതവിമർശനം നടത്തുന്ന ചില പുസ്തങ്ങളു അയൂബ് എഴുതി.

എന്നാൽ കഴിഞ്ഞ നാലുവർഷമായി പൊതുരംഗത്ത് അയൂബിന്റെ സാന്നിധ്യം ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഒരു വീഡിയോയുമായി അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. നവനാസ്തികർ ഇസ്ലാമിനെതിരെ വെറുപ്പ് പ്രചരിപ്പിക്കയാണെന്നും, ഇസ്ലാമിനെയും ഖുർആനിനെയും താൻ എതിർത്തതിൽ യുക്തി ദീക്ഷയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ലെന്ന് തിരിച്ചറിയുന്നുവെന്നും പറയുന്ന അയൂബ് താൻ ഇസ്ലാമിലേക്ക് തിരിച്ചുപോവുകയാണെന്നും പ്രഖ്യാപിക്കുന്നു. യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള എന്റെ വീഡിയോകൾ നിങ്ങൾ അവഗണിച്ചു കളയുകയും എനിക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുകയും വേണമെന്ന് അയൂബ് പറയുന്നുണ്ട്.

ഇതേതുടർന്ന് സോഷ്യൽ മീഡിയയിലും വലിയ ചർച്ചകൾ നടക്കുകയാണ്. അയൂബിന്റെ കടങ്ങൾ എല്ലാം വീട്ടി, അയാളെ സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷിച്ചെടുത്ത് ജമാഅത്തെ ഇസ്ലാമി പർച്ചേസ് ചെയ്യുകയാണെന്നാണ് ഇപ്പോൾ ഒരു വിഭാഗം യുക്തിവാദികൾ പ്രതകരിക്കുന്നത്. നേരത്തെ അയൂബ് ഇറക്കിയ ഒരു പുസ്തകം എം എൻ കാരശ്ശേരിയുമായുള്ള അവതാരികാ തകർക്കത്തെ തുടർന്ന് ഡി സി ബുക്സിൽനിന്ന് പിൻവലിക്കയും, അവർക്ക് വൻ തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്തു. ഇതോടെപ്പം ഭാര്യയുടെ രോഗവും, നേരത്തെയുള്ള കടബാധ്യതകളും എല്ലാംമൂലം അയൂബിന് നിൽക്കള്ളിയില്ലാതാവുകയും, തക്കം നോക്കി ജമാഅത്തെ ഇസ്ലാമിക്കാർ രക്ഷകരായി എത്തുകയുമാണെന്നാണ്, സോഷ്യൽ മീഡിയയിൽ സ്വതന്ത്ര ചിന്തകർ പറയുന്നത്. എന്നാൽ ഇസ്ലാമിക വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും അയൂബിയുടെ 'ഖർ വാപ്പസി' ആഘോഷിക്കപ്പെടുകയാണ്.

'നവനാസ്തികർ വിദ്വേഷ പ്രചാരകർ'

അയൂബിന്റെ വീഡിയോയുടെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.- 'ഞാൻ അയ്യൂബ് പിഎം. നിങ്ങളിൽ ചിലർക്കെങ്കിലും എന്നെ അറിയാം എന്ന് ഞാൻ കരുതുന്നു.ഒന്നര പതിറ്റാണ്ടുകാലം കേരളത്തിലെ യുക്തിവാദ പ്രസ്ഥാനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും പങ്കെടുക്കുകയും പ്രസംഗിക്കുകയും എഴുതുകയും ഒക്കെ ചെയ്തിരുന്ന ആളാണ് ഞാൻ.

യുക്തിവാദത്തിന്റെ പേരിൽ ഞാൻ ഏറ്റവും കൂടുതൽ എതിർത്തത് ഇസ്ലാമിനെയും ഖുർആനിനെയും ആണ് .ആ എതിർപ്പുകളിൽ യുക്തി ദീക്ഷയോ വസ്തുനിഷ്ഠതയോ ഉണ്ടായിരുന്നില്ലെന്ന് ഞാൻ ഇന്ന് തിരിച്ചറിയുന്നു. യുക്തി ബോധത്തിന്റെ പടിപടിയായ വികാസ ചരിത്രം പഠിച്ചതിന്റെയും അതുപോലെതന്നെ ഇസ്ലാമിനെ ആധുനിക ചരിത്രരചന സമ്പ്രദായത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും സാമൂഹികശാസ്ത്രപരമായ പുതിയ ഉൾക്കാഴ്ചകളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയതിന്റെയും വെളിച്ചത്തിൽ എനിക്ക് മനസ്സിലായ ഒരു കാര്യം ഇതാണ്:,യുക്തിവാദത്തിന്റെ ലേബലിൽ ഇന്ന് കേരളത്തിൽ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെയും കാമ്പേനുകളുടെയും പിന്നിലെ യഥാർത്ഥ പ്രേരണ വസ്തുനിഷ്ഠതയോ യുക്തിചിന്തയോ അല്ലെന്നും മറിച്ച് ഇസ്ലാമിനോടും അതിന്റെ സംസ്‌കാരത്തോടുമുള്ള അന്ധവും അയുക്തി കവുമായ വെറുപ്പുംവിരോധവുമാ ണെന്നുമാണ്. മാത്രമല്ല ,ഇന്ത്യയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ വംശീയ പ്രത്യയശാസ്ത്രത്തിന് ന്യായീകരണവും സ്വീകാര്യതയും നേടിക്കൊടുക്കുന്നതിനുള്ള നീചമായ ഏജൻസിപ്പണിയാണ് യുക്തിവാദത്തിന്റെ കള്ളപ്പേരിട്ട് അവർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നത്.

ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ,സ്വതന്ത്ര ചിന്തയോ ബൗദ്ധികമായ അന്വേഷണമോ ശാസ്ത്രീയ മനോഭാവമോ ഇല്ലാത്ത ഇത്തരം ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളുമായിട്ടുള്ള എന്റെ ബന്ധം ഞാൻ പൂർണ്ണമായി അവസാനിപ്പിരിക്കുന്ന കാര്യംനിങ്ങളെ ഞാൻ അറിയിക്കുകയാണ്.വൈജ്ഞാനികമായ അന്വേഷണങ്ങൾക്കും യുക്തിയുടെ പ്രയോഗത്തിനും സാമൂഹിക വിപ്ലവങ്ങൾക്കും ശാസ്ത്രീയ അന്വേഷണങ്ങൾക്കും എല്ലാ കാലത്തും പ്രചോദനവും പ്രോത്സാഹനവും നൽകുന്ന ഇസ്ലാമിലേക്ക് ഞാൻ തിരികെ വന്നതായി പ്രഖ്യാപിച്ചു കൊള്ളുകയും ചെയ്യുന്നു.

യുക്തിവാദ പ്രചാരണ പ്രവർത്തനങ്ങൾക്ക് പോപ്പുലാരിറ്റി ഉണ്ടാക്കാനും വർഗീയമായ ചേരിതിരിവുകൾക്ക് ആക്കം കൂട്ടാനും സാമൂഹികമായ ധ്രുവീകരണങ്ങളെ മുതലെടുത്തുകൊണ്ട് യുക്തിവാദ പ്രസ്ഥാനങ്ങളുടെ സാമൂഹിക പിന്തുണ വർദ്ധിപ്പിക്കാനും വേണ്ടി യുക്തിവാദികൾ സംഘടിപ്പിച്ച പരിപാടികളിൽ ഞാൻ നടത്തിയ പ്രസംഗങ്ങളും തർക്കങ്ങളും എല്ലാം ഇതോടെ ഞാൻ പൂർണമായും തള്ളിക്കളഞ്ഞിരിക്കുന്നു.

ഇന്നത്തെ യുക്തിവാദ പ്രസ്ഥാനങ്ങളിൽലുള്ള ഭൂരിപക്ഷം ആളുകൾക്കും , ഞാൻ മനസ്സിലാക്കിയിടത്തോളം , യാതൊരുവിധ ധാർമികതയോ മാനവിക മൂല്യങ്ങളോട് ബഹുമാനമോ നൈതികതയോ ഇല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.അതേസമയം, മുൻകാലങ്ങളിൽ യുക്തിവാദികൾക്ക് സാമൂഹിക പരിഷ്‌കരണപരമായ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്ത്രീകളെ ശാക്തീകരിക്കാനും സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും അധസ്ഥിതരായ ആളുകളെ ഉദ്ധരിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ദലിത് ജീവിതങ്ങൾക്ക് അർത്ഥവും അന്തസ്സും ഉണ്ടാക്കി കൊടുക്കുവാനും അവർ ഒരുപാട് സംഭാവനകൾ സമൂഹത്തിന് ചെയ്തിട്ടുണ്ട്. ആ ഗണത്തിൽ വരുന്നവരല്ല ഇന്നത്തെ യുക്തിവാദികൾ. അവർ സോഷ്യൽ മീഡിയയിലും മറ്റും വന്നിരുന്നു കൊണ്ട് വമിക്കുന്ന വിഷങ്ങൾ സമൂഹത്തിൽ നന്മയുംപുരോഗതിയുമല്ല,മറിച്ച്, സാമൂഹിക ധ്രുവീകരണവും പരസ്പരംവെറുപ്പുമാണ് ഉണ്ടാക്കുന്നത്.

അതേസമയം ഇസ്ലാമിന്റെ അന്തസത്ത മനുഷ്യ നന്മ, സമഭാവന, നീതിനിഷ്ഠ, സഹോദരത്വം മുതലായ മാനവിക മൂല്യങ്ങൾ തന്നെയാണ് എന്നത് നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ പഠനങ്ങളിൽ നിന്ന് ആർക്കും മനസ്സിലാവും.ഈ മാനവികമായ മൂല്യങ്ങളെ ആധാരമാക്കി മഹത്തായ ഒരു ആശയ പ്രപഞ്ചത്തിന് ഏഴാം നൂറ്റാണ്ടിൽ മരുഭൂമിയിലെ പ്രവാചകൻ രൂപം നൽകി എന്നത് ഒരു ചരിത്ര വിദ്യാർത്ഥിക്ക് കാണാതിരിക്കാൻ കഴിയില്ല.ഈ ആധുനിക കാലഘട്ടത്തിലും ഇസ്ലാമും ഖുർആനും പ്രവാചകനും മുഖ്യപ്രമേയമാകാത്ത ചർച്ചകളോ സംവാദങ്ങളോ ഉപന്യാസരചനകളോ സാഹിത്യങ്ങളോ ഏറെക്കുറെ ഇല്ലെന്നുതന്നെ പറയാം. ഇത് ഇസ്ലാമിന്റെ സമകാലിക പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്.

ഖുർആനിലും റസൂലിനും ഇസ്ലാമിനും എതിരെ ഏകപക്ഷീയമായ വിമർശനങ്ങൾ തൊടുത്തു വിടുന്ന ഇസ്ലാമോഫോബുകൾ തങ്ങളുടെവാദങ്ങൾക്ക് അടിസ്ഥാനമായി.ചൂണ്ടിക്കാണിക്കുന്ന ഖുർആനിക വചനങ്ങൾ , അത് അവതരിപ്പിക്കപ്പെട്ട സന്ദർഭങ്ങളിൽ നിന്നും തന്ത്രപരമായി അടർത്തി മാറ്റിയിട്ടുള്ളതാണെന്നും അങ്ങനെ അടർത്തി മാറ്റിയതിനു ശേഷം ഇതൊന്നും നേരിട്ട് പരിശോധിക്കാനുള്ള അറിവോ സാവകാശമോ ഇല്ലാത്ത സാധാരണക്കാരിൽ വെറുപ്പും പകയും പുച്ഛവും ജനിപ്പിക്കുന്ന തരത്തിലുള്ള തന്നിഷ്ട വ്യാഖ്യാനങ്ങൾ ചമച്ച് ബോധപൂർവ്വം തെറ്റിദ്ധാരണകൾ പടർത്തുകയാണ് ചെയ്യുന്നതെന്നും ചിന്തിക്കുന്ന ആർക്കും ഇന്ന് മനസ്സിലാവും. ഇത്തരത്തിലുള്ള കുത്സിത പ്രവർത്തനങ്ങൾ ശാസ്ത്രീയ മനോവൃത്തിയെ അല്ല വളർത്തുന്നത് മറിച്ച് വർഗീയ മനോഭാവത്തെയാണ്.ചരിത്രപരവും നരവംശശാസ്ത്രപരവും സാമൂഹികശാസ്ത്രപരവുമായ അറിവുകളുടെ അടിസ്ഥാനത്തിൽ ഖുർആനിനെ സംബന്ധിച്ച എന്റെ ഗൗരവമാർന്ന വായനകൾ എനിക്ക് മനസ്സിലാക്കി തരുന്നത് ഖുർആൻ പുരോഗമനാത്മകമാണെന്ന് തന്നെയാണ്. ചിന്തിക്കുവാനും അന്വേഷിക്കുവാനും പ്രേരിപ്പിക്കുന്ന ധാരാളം വചനങ്ങൾ അതിലുണ്ട്.മാത്രമല്ല സാമൂഹിക ജീവിതത്തിൽ സമഭാവനയും സാഹോദര്യവും നീതിനിഷ്ഠയും അത് ശക്തമായി അനുശാസിക്കുന്നു.

ആയതിനാൽ ഈ പുതിയ തിരിച്ചറിവുകളെ മുൻനിർത്തി ഞാൻ എന്റെ ഇസ്ലാമിക പുനപ്രവേശനം ഇതിനാൽ നിങ്ങളെ അറിയിച്ചുകൊള്ളുന്നു.യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ള എന്റെ ജാഹിലിയ കാലത്തുള്ള വീഡിയോകൾ നിങ്ങൾ അവഗണിച്ചു കളയുകയും എനിക്കുവേണ്ടി നിങ്ങൾ പ്രാർത്ഥിക്കുകയും ചെയ്യുക.''- ഇങ്ങനെയാണ് അയൂബ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.