കോഴിക്കോട്: നമ്മുടെ രാഷ്ട്രീയ നേതാക്കളിൽ നല്ലൊരു ശതമാനവും വൺസൈഡ് നവോത്ഥാനവാദികൾ ആണെന്ന് തെളിയുന്ന ഒരു സംഭവം കൂടി പുറത്താവുന്നു. സിപിഐ നേതാവും, രണ്ടാം പിണറായി മന്ത്രിസഭയിലെ കൃഷി മന്ത്രിയുമായ പി പ്രസാദിന്റെ നബിദിന പ്രസംഗമാണ് വിവാദമാവുന്നത്. ഭൗതികവാദത്തിൽ വിശ്വസിക്കുന്ന നിരീശ്വരവാദിയായ പ്രസാദ്, മുഹമ്മദ് നബിയുടെ ഗുണങ്ങൾ പറഞ്ഞ് തള്ളിമറക്കുക മാത്രമല്ല, അതിനെ മതപ്രഭാഷകർ ചെയ്യുന്നപോലെ, ശാസ്ത്രവുമായി കൂട്ടിക്കെട്ടുകയും ചെയ്യുന്നുണ്ട്. സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് അക്ഷരാഭ്യാസം അരികിൽകൂടി പോയിട്ടില്ലാത്ത നബി തിരുമേനിയാണ് എന്നാണ് മന്ത്രി പറയുന്നത്. അതിന് എത്രയോ, കാലങ്ങൾക്ക് ശേഷമാണ് ജഗദീഷ് ചന്ദ്രബോസ് സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് കണ്ടുപിടിച്ചതെന്നും, പ്രസാദ് തള്ളിവിടുന്നു. വൃക്ഷങ്ങൾ വെട്ടിമുറിക്കുക പോലും ചെയ്യുരത് എന്ന് പറയുന്ന മഹദ് വ്യക്തിത്വമായിരുന്നു നബിയെന്നും പ്രസാദ് പറയുന്നു.

ഇതോടെ സോഷ്യൽ മീഡിയയിലെ ഇസ്ലാമിസ്റ്റുകൾ മന്ത്രി പ്രസാദിനെ പുകഴ്‌ത്തുകയാണ്. നബി (സ) പഠിപ്പിച്ച ശാസ്ത്രം വെളിപ്പെടുത്തി കൃഷി മന്ത്രിയെന്നും, ഇതുകേട്ട് യുക്തിവാദി നേതാവ് ഇ എ ജബ്ബാർ മുസ്ലീമായി എന്നും മറ്റും ക്യാപ്ഷൻ കൊടുത്താണ് ഈ വീഡിയോ യൂട്യൂബിൽ പ്രചരിക്കുന്നത്. എന്നാൽ ഇസ്ലാമിസ്റ്റുകൾ ഉണ്ടാക്കിയ ചില തള്ളുകൾ അതേ പടി ആവർത്തിക്കയാണ്, മന്ത്രി പ്രസാദ് ചെയ്യുന്നത് എന്നും വോട്ടിനുവേണ്ടിയുള്ള കൃത്യമായ മത പ്രീണനം മാത്രമാണ് ഇതെന്നുമാണ് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്. ഈന്തപ്പനയെ കല്ലെറിയരുത് എന്ന് പറഞ്ഞ ഒരു കാര്യം വളച്ചൊടിച്ചാണ് പ്രസാദ് സസ്യങ്ങൾക്ക് ജീവനുണ്ടെന്നത് കണ്ടെത്തിയത് നബിയാണെന്ന് പറയുന്നത്. ഇത് എം എം അക്‌ബറെ തോൽപ്പിക്കുന്ന വ്യാഖ്യാനമാണ്. അതുപോലെ ഇദ്ദേഹം പറയുന്ന പലകാര്യങ്ങളും വെറും തള്ള് മാത്രമായേ എടുക്കാൻ കഴിയൂ. ഇതിനൊന്നും ഹദീസുകളുടെ പിൻബലമില്ലെന്നും സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടുന്നു.

'സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് നബി കണ്ടെത്തി'

സഹ്ര മീഡിയ എന്ന യ്യൂടുബ് ചാനലിൽ അപ്പ്ലോഡ് ചെയ്ത മന്ത്രി പ്രസാദിന്റെ നബി ദിന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്. 'ലോകം എക്കാലത്തും ആദരവോടെയും ബഹുമാനത്തോടെയും സ്നേഹത്തോടെയും, കാണുന്ന നബി തിരുമേനിയുമായി ബന്ധപ്പെട്ട ദിനത്തിലാണ് നമ്മെളെല്ലാം ഒത്തുചേർന്നിരിക്കുന്നത്. നബിദിനം എന്നത് സ്നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും, വഴികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്. ''- മന്ത്രി പറയുന്നു. ഇങ്ങനെ ഒരു ആമുഖത്തിനുശേഷം അദ്ദേഹം നബിയാണ് ചെടികൾക്ക് ജീവനുണ്ടെന്ന് കണ്ടുപിടിച്ചത് എന്ന രീതിയാണ് സംസാരിക്കുന്നത്.

പ്രസാദ് തുടരുന്നു. 'ഈന്തപ്പനക്ക് കല്ലെറിഞ്ഞതിന്റെ പേരിൽ പിടികൂടപ്പെട്ട് മുന്നിൽ ഹാജരാക്കിയ കുഞ്ഞിനോട് നബി തിരുമേനി പറയുകയാണ്. കുഞ്ഞേ എന്തിനാണ് എറിഞ്ഞത്, ഈന്തപ്പനക്ക് നോവുകയില്ലേ എന്ന്. ഒരു കുഞ്ഞിന്റെ മനസ്സിലേക്ക് എത്ര കൃത്യമായിട്ടാണ് അദ്ദേഹം ആശയങ്ങൾ കടത്തിവിടുന്നത് എന്ന് നോക്കുക. അങ്ങനെ വെറുതെ പറയുക മാത്രമല്ല. കൃത്യമായി ഒരു ശാസ്ത്രസത്യത്തെ, അദ്ദേഹം അവതരിപ്പിക്കയായിരുന്നു. നോവുകയെന്നത് ജീവനുള്ളതിന് മാത്രമാണ്. അപ്പോൾ സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്. ഇതും കഴിഞ്ഞ് എത്രയോ, കാലങ്ങൾക്ക്ശേഷമാണ് ജഗദീഷ് ചന്ദ്രബോസ്, എന്ന ശാസ്ത്രജ്ഞൻ സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് കണ്ടുപിടിക്കുന്നത്. അതുവരെ എല്ലാവരും ധരിച്ചിരുന്നത് സസ്യങ്ങൾക്ക് ജീവനൊന്നും ഇല്ലെന്നാണ്. പക്ഷേ, അക്ഷരാഭ്യാസം അരികിൽകൂടി പോലും പോയിട്ടില്ലാത്ത നബി തിരുമേനി ജഗദീഷ് ചന്ദ്രബോസ് ഈ കണ്ടുപിടുത്തം നടത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ്, ഈ കണ്ടെത്തൽ നടത്തിയിരുന്നു''- പ്രസാദ് പറയുന്നു.

മന്ത്രി ഇങ്ങനെ തുടരുന്നു. 'സമാനതകൾ ഇല്ലാത്ത ഒരു ജീവിതത്തിന്റെ എത്രയേ എത്രയോ ഏടുകൾ നമുക്ക് ചരിത്രത്തിൽനിന്ന്, ഇത്തരത്തിൽ കാണാൻ കഴിയുന്നതാണ്. തങ്ങളുടെ എതിരാളികളുടെ അടുത്തേക്ക് ധാന്യങ്ങൾ കൊടുത്തയക്കുന്ന ആളിനെ ചരിത്രത്തിൽ കാണാനേ കഴിയില്ല. അവിടെ നമ്മൾ കാണുന്നത് സമാനതകൾ ഇല്ലാത്ത ഒരു വ്യക്തിത്വത്തെയാണ്. അതുകൊണ്ടാണ് ഏതെങ്കിലും ഒരു ആയുധത്തിന്റെ പിൻബലത്തോടെയല്ല അദ്ദേഹം മനസ്സുകളെ കീഴ്പ്പെടുത്തിയത്, എന്ന് ഞാൻ പറഞ്ഞത്.

യുദ്ധത്തിൽ കുറച്ച് കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടുവെന്ന് കേട്ടപ്പോൾ അദ്ദേഹം വല്ലാതെ ആയിപ്പോയി. അദ്ദേഹം ഒരു വേള ചെറുതായി പൊട്ടിത്തെറിക്കുകപോലും ചെയ്യുന്നുണ്ട്. നമ്മളുടെ കുഞ്ഞുങ്ങൾ അല്ല എതിരാളികളുടെ കുഞ്ഞുങ്ങൾ ആണ് മരിച്ചത് എന്ന് പറയുമ്പോഴും നബി തിരുമേനിയുടെ വികാരത്തിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. കുഞ്ഞുങ്ങൾ ആരുടെതായാലും, കുഞ്ഞുങ്ങൾ അല്ലേ എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി. അവിടം കൊണ്ട് നിർത്തിയില്ല. അടുത്ത ദിവസം എല്ലാവരെയും യുദ്ധത്തിനായി പോവുന്ന മുഴുവൻ ആളുകളെയും വിളിച്ചു കൂട്ടി. എന്നിട്ട് പറയുകയാണ്. വൃദ്ധന്മാരെ കൊല്ലരുത്, സ്ത്രീകളെ കൊല്ലരുത്. കുഞ്ഞുങ്ങളെ കൊല്ലരുത്, കെട്ടിടങ്ങൾ തകർക്കരുത്.

ഇന്ന് നമ്മൾ ആധുനിക കാലത്ത് പരിസ്ഥിതിയുടെ വലിയ വർത്തമാനങ്ങൾ പറയുന്ന കാലമാണ്. യുദ്ധത്തിനായി പോകുന്നവരോട് ഇങ്ങനെ പറയുന്നത് ലോകത്തിന് മുന്നിൽ കേട്ടു കേൾവി ഇല്ലാത്താണ്. വൃദ്ധന്മാരെ കൊല്ലാൻ പാടില്ല എന്നും, സ്ത്രീകളെ കൊല്ലാൻ പാടില്ല എന്നും, കുഞ്ഞുങ്ങളെ കൊല്ലാൻ പാടില്ല എന്നും, അദ്ദേഹം പറയുന്നു. കെട്ടിടങ്ങൾ തകർത്താൽ വല്ല കുഴപ്പവും ഉണ്ടോ. നമ്മൾ യുദ്ധങ്ങളിൽ കണ്ടുകൊണ്ടിരിക്കുന്നതല്ലേ. എത്രയോ ഇടങ്ങളിൽ അങ്ങനെ സംഭവിക്കുന്നു. ഗൾഫ് യുദ്ധത്തിന്റെ കാലത്തുപോലും നമ്മൾ അത് കണ്ടതാണ്. കെട്ടിടങ്ങൾ തകർക്കപ്പെടുന്നത് എല്ലാം നമ്മൾ കണ്ടതാണ്. റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ സമയത്ത് നമ്മൾ വീണ്ടും കാണുകയാണ്്. എത്രയെത്ര കെട്ടിടങ്ങൾ തകർക്കുന്നു. വൃക്ഷങ്ങൾ പോലും വെട്ടിമുറിക്കാൻ പാടില്ല എന്ന് പറയുന്നിടത്തുനിന്ന് ഒരു ജീവനെപ്പോലും നോവിക്കാൻ പാടില്ല എന്ന് പറയുന്നിടത്താണ്, അതെല്ലാം എത്തുന്നത്. അതൊരു ചെറിയ കാര്യമല്ല.

ആർക്കെങ്കിലും ഹസ്തദാനം നൽകിയാൽ അയാൾ കൈ വിടുവിക്കുന്നതുവരെയും മുറകെ പിടിച്ചിരിക്കുന്ന, നബി തിരുമേനിയെക്കുറിച്ചാണ് കേൾക്കുന്നതെല്ലാം. അങ്ങനെ ഹസ്തദാനം കൊടുക്കുമ്പോഴാണ് താങ്കളുടെ കൈയിൽ പിടിച്ചിട്ടും വല്ലാത്ത ഒരു പരുപരുപ്പ് തോനുന്നുണ്ടെന്ന് നബി ഒരാളോട് പറയുന്നത്. കൈ കൊടുത്ത ആൾ വല്ലാതെ ആയിപ്പോയി. അദ്ദേഹം പറഞ്ഞു. തിരുമേനി അങ്ങ് എന്നോട് ക്ഷമിക്കുക. ഞാൻ ഒരു തൊഴിലാളിയാണ്. പണി എടുത്തതിന്റെ പേരിൽ, വീർത്തിരിക്കുന്ന തഴമ്പുകളാണ് എന്റെ കൈയിൽ ഉള്ളതെല്ലാം. ആ തഴമ്പുള്ള കൈകൾ കൊണ്ട് ഞാൻ അങ്ങയുടെ കൈയിൽ പിടിച്ചപ്പോൾ അങ്ങേക്ക് അസ്വസ്ഥതയുണ്ടായെങ്കിൽ, അങ്ങ് എന്നോട് ക്ഷമിക്കുക എന്ന് പറഞ്ഞു. പക്ഷേ നബി തിരുമേനി, ക്ഷമിച്ചിരുക്കുന്ന എന്ന് അല്ല പറഞ്ഞത്. ആ കൈകൾ എടുത്ത് തെരുതെരെ ഉമ്മവെച്ചു. എന്നിട്ട് ഒരു കൊടിയെടുത്ത് വീശിക്കാണിക്കുന്നതുപോലെ ആ കൈകൾ വീശിക്കാട്ടിയിട്ട് പറഞ്ഞു. അള്ളാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കൈകൾ കാണണോ, ഇങ്ങോട്ട് നോക്കൂ എന്ന്.

പണിയെടുക്കുന്നവന്റെ കൈകളുടെ മഹാത്മ്യത്തെക്കുറിച്ചും, പണിയെടുക്കുന്ന കൈകളുടെ പ്രത്യേകതയെക്കുറിച്ചും, പറഞ്ഞ് അള്ളാഹുവിന് ഇഷ്ടപ്പെട്ട കൈകൾ ഇതാണെന്ന് പറയുന്നത് ഒരു ചെറിയ കാര്യം ആയിരുന്നില്ല. ആ കൈകൾ സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ഒരു പക്ഷം ചേരൽ ആയിരുന്നു. ''- ഇങ്ങനെയാണ് മന്ത്രിയുടെ പ്രസംഗം നീളുന്നത്.

എല്ലാം വെറും തള്ളുകൾ

പക്ഷേ ഈ വാദങ്ങളൊന്നും വെറും തള്ള് മാത്രമാണെന്നാണ് ജാമിദ ടീച്ചറെപ്പോലുള്ള സ്വതന്ത്രചിന്തകർ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ മുജാഹിദ് നേതാവ് എം എം അക്‌ബറും യുക്തിവാദി നേതാവ് ഇ എ ജബ്ബാറും തമ്മിൽ ഖുർആനിൽ അന്നത്തെ കാലത്ത് അറബികൾക്ക് അറിയാത്തതിൽ കൂടുതൽ എന്തെങ്കിലും ശാസ്ത്ര സത്യം ഉണ്ടോ എന്നപേരിൽ സംവാദം നടന്നിരുന്നു. അന്നത്തെ കാലത്ത് അറബികൾക്ക് അറിയാത്തതിൽ കൂടുതൽ എന്തെങ്കിലും ശാസ്ത്രം ഖുർആനിൽ ഉണ്ടെങ്കിൽ കലിമ ചൊല്ലി മുസ്ലിം ആവും എന്നായിരുന്നു ജബ്ബാറിന്റെ വെല്ലുവിളി. എന്നാൽ അക്‌ബറിന് അത് തെളിയിക്കാൻ ആയില്ല. ആഴക്കടലിൽ ഇരുട്ടാണെന്ന, അന്ന് അറബികൾക്ക് അറിയാവുന്ന ഓഷ്യാനോഗ്രഫി പറഞ്ഞ് അപഹാസ്യനാവുകയാണ് ് അക്‌ബർ ചെയ്തത്. ഇപ്പോൾ മന്ത്രി പ്രസാദ് സസ്യങ്ങൾക്ക് ജീവനുണ്ടെന്ന് കണ്ടുപിടിച്ചത് നബിയാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ, ജബ്ബാർ തോറ്റുവെന്നും തിരിച്ച് കലിമചൊല്ലി ഇസ്ലാം ആവണം എന്നുമാണ് ഇസ്ലാമിസ്റ്റുകൾ പറയുന്നത്.

എന്നാൽ മന്ത്രി നടത്തിയത് മുസ്ലിം വോട്ടിനുവേണ്ടിയുള്ള വെറും വ്യാഖ്യാനക്കസർത്ത് മാത്രമാണെന്നും, ചെടിക്ക് ജീവനുണ്ടെന്ന് കണ്ടുപിടിച്ചുവെന്നും ഇത് അർഥമില്ലെന്നും സ്വതന്ത്രചിന്തകനായ ആരിഫ് ഹൂസൈൻ തെരുവത്തും ചൂണ്ടിക്കാട്ടുന്നു. സ്വന്തം കാൽക്കീഴിൽ വൻ എണ്ണ നിക്ഷേപം ഉണ്ടായിട്ടും അത് കണ്ടെത്താൻ കഴിയാത്ത നബി പിന്നെ എന്ത് കണ്ടെത്താനാണ് എന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. അതേസമയം സംഘപരിവാർ ഫാസിസത്തെ വലിയ തോതിൽ എതിർക്കുകയും, ഹിന്ദു മതഗ്രന്ഥങ്ങളെ വിമർശിക്കുകയും ചെയ്യുന്ന, ഒരു കമ്യൂണിസ്റ്റ് മന്ത്രിയുടെ നാലുവോട്ടിനുള്ള മലക്കം മറിച്ചലാണ് ഇതെന്നും വിമർശനം ഉയരുന്നുണ്ട്.