കൊച്ചി: വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം കാണമെങ്കിൽ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളെ കണ്ടുപഠിക്കണമെന്ന് ഇതാ ഒരിക്കൽ കൂടി തെളിയുന്നു. ആരോഗ്യമേഖലയിലിലെ കേരളാമോഡലിനെക്കുറിച്ചും, കേരളം ഉണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും പ്രസംഗിക്കുന്ന കമ്യൂണിസ്റ്റ് നേതാക്കാൾ, തങ്ങൾക്ക് അസുഖം വന്നാൽ മുതലാളിത്ത ചെകുത്താനായി പ്രചരിപ്പിച്ചിരിക്കുന്ന അമേരിക്കയിലേക്കാണ് പറക്കാറ്. പൊതുഗതാഗതത്തെപ്പറ്റി വാചാലർ ആവുന്ന നേതാക്കളും കൂടുംബവും വർഷത്തിൽ ഒരിക്കൽപോലും പൊതുഗതാഗത സംവിധാനം ഉപയോഗിക്കാതെ സ്വകാര്യവാഹനങ്ങളിൽ ചീറിപ്പായുകയാണ് പതിവ്. അതേ ഇരട്ടത്താപ്പ് തന്നെയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലും കാണുന്നത്.

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ പറയുന്ന കാര്യമാണ്്, സർക്കാർ സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തിയത്. പൊതുവിദ്യാഭാസ സംരക്ഷണത്തിനായി പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭാസമന്ത്രി വി ശിവൻകുട്ടിയുമൊക്കെ ആവർത്തിക്കാറുള്ളത്. പക്ഷേ മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും മക്കൾ അടക്കം എത്രപേർ സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ട് എന്ന് ചോദിച്ചാൽ കടുങ്ങും. ഈ ഇരട്ടത്താപ്പ് കൈയോടെ പിടികൂടിയിരിക്കയാണ് കവി പി രാമൻ.

വ്യവസായ മന്ത്രിയും, മുതലാളിത്തത്തിനെതിരെ വലിയ സിദ്ധാന്തങ്ങൾ ഘോരഘോരം പ്രസംഗിക്കുകയും ചെയ്യുന്ന മന്ത്രി പി രാജീവിന്റെ മകൾ, ലക്ഷങ്ങൾ അഡ്‌മിഷൻ ഫീസായും മറ്റും വാങ്ങുന്ന ഹൈട്ടക്ക് സ്വകാര്യ വിദ്യാലമായ കളമശ്ശേരി രാജഗിരി പബ്ലിക്ക് സ്‌കൂളിൽ പഠിക്കുന്നതിന്റെ ഇരട്ടത്താപ്പാണ് കവി രാമൻ ചോദ്യം ചെയ്യുന്നത്. പി രാജീവിന്റെ മകൾക്ക്, ബോസ്റ്റണിൽ നടന്ന ഹാർവാർഡ് മോഡൽ യുഎന്നിൽ (എച്ച്എംയുഎൻ) മികച്ച പ്രകടനത്തിനുള്ള അവാർഡ് കിട്ടിയ ദേശാഭിമാനി വാർത്തയുടെ കട്ടിങ്ങ് വെച്ച് കവി രാമൻ ഇങ്ങനെ കുറിക്കുന്നു.

'ഞാൻ എന്റെ മക്കളെ പൊതു വിദ്യാലയത്തിൽ പഠിപ്പിക്കുന്നു.കേരളത്തിന്റെ വ്യവസായ മന്ത്രി പി. രാജീവ് അദ്ദേഹത്തിന്റെ മകളെ കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ പഠിപ്പിക്കുന്നു.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിക്കുന്നു. താഴെ കൊടുത്ത വാർത്ത ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ''- പി രാമൻ ചൂണ്ടിക്കാട്ടി.

'മന്ത്രി പി രാജീവിന്റെ മകൾക്ക് എച്ച്എംയുഎന്നിൽ പുരസ്‌കാരം' എന്ന തലക്കെട്ടോടെ ദേശാഭിമാനി ഇന്നലെ കൊടുത്ത വാർത്ത ഇങ്ങനെയാണ്. 'ബോസ്റ്റണിൽ നടന്ന ഹാർവാർഡ് മോഡൽ യുഎന്നിൽ (എച്ച്എംയുഎൻ) വ്യവസായമന്ത്രി പി രാജീവിന്റെ മകൾ ഹരിതയ്ക്ക് മികച്ച പ്രകടനത്തിനുള്ള അവാർഡ്. നൂറോളം രാജ്യങ്ങളിൽനിന്നായി ആയിരത്തിലേറെ കുട്ടികളാണ് ഹാർവാർഡ് മോഡൽ യുഎന്നിൽ പങ്കെടുത്തത്. കളമശേരി രാജഗിരി പബ്ലിക് സ്‌കൂളിൽ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയായ ഹരിത, അൾജീരിയയെയാണ് പ്രതിനിധാനം ചെയ്തത്.

ആറാംക്ലാസ് മുതൽ മോഡൽ യുഎന്നിൽ (എംയുഎൻ) ഹരിത പങ്കെടുക്കാറുണ്ട്. സ്‌കൂളിലെ എംയുഎൻ ക്ലബ്ബിലും സജീവം. സ്‌കൂളിൽ നിന്നാണ് എച്ച്എംയുഎന്നിൽ കുട്ടികൾക്ക് പങ്കെടുക്കാനുള്ള അപേക്ഷ നൽകിയത്. 2013ൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ പ്രസംഗിക്കുമ്പോൾ ഗാലറിയിലിരുന്ന ആറുവയസ്സുകാരി സ്വന്തം കഴിവിലും കഠിനാധ്വാനത്തിലും ഹാർവാർഡ് വരെയെത്തി അംഗീകാരം നേടിയിരിക്കുന്നുവെന്ന് ഹരിതയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ് ഫേസ്‌ബുക്കിൽ കുറിച്ചു.''- ഇങ്ങനെയാണ് ദേശാഭിമാനി വാർത്ത അവസാനിക്കുന്നത്.

പി രാമന്റെ പോസ്റ്റിന് താഴെ നിരവധി പേർ ഈ വിഷയം ഗൗരവമായി ചർച്ചയാക്കുന്നുണ്ട്. എഴുത്തുകാരൻ ഷാജി ജേക്കബ് ഇങ്ങനെ കമന്റ് ചെയ്യുന്നു.

'സ്വകാര്യ, പുരോഹിത മത, പിന്തിരിപ്പൻ സ്ഥാപനങ്ങളുടെ പെറ്റി ബൂർഷ്വാ സമീപനങ്ങളെ അന്തർ വ്യാപന പരമായി റദ്ദാക്കാൻ പ്രസ്ഥാനം ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ആ വർഗ സമരത്തിന്റെ ഭാഗമായാണ് സഖാവ് മകളെ അവിടേക്ക് നിയോഗിച്ചത്. ഇത് മനസ്സിലാക്കി അഭിനന്ദിക്കേണ്ട നിങ്ങൾ പക്ഷെ കുത്തക മുതലാളിത്തത്തിന് ഓശാന പാടുകയാണ്.''- ഇങ്ങനെയായിരുന്നു ഷാജി ജേക്കബിന്റെ ട്രോൾ. വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കണമെങ്കിൽ സിപിഎം നേതാക്കളെ കണ്ട് പഠിക്കണമെന്ന് പറഞ്ഞ് നിരവധിപേർ പോസ്റ്റിൽ കമന്റ് ചെയ്യുന്നുണ്ട്.