മലപ്പുറം: കൂടുംബത്തിലെ 12പേരുടെ വിറങ്ങലിച്ച മൃതദേഹം കണ്ട് മരവിച്ച് പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ ആവിൽ ബീച്ചിലെ സെയ്്തലവിയും, ജാബിറും. ഇരുവരും ഇല്ലാതെ മാതാവിന്റെ നേതൃത്വത്തിലാണ് ബന്ധുക്കൾ ഇന്നലെ തൂവൽതീരത്ത് വന്നത്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഏകമകളായ മത്തുമാസം പ്രായമുള്ള കൂട്ടത്തിൽനിന്ന് രക്ഷപ്പെട്ട പത്തുമാസം പ്രായമായ ജിഫ്റയെ മാറോട് ചേർത്ത് ഹൃദയംപൊട്ടി ജാബിർ.

താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 22 പേരണപ്പെട്ടതായി സ്ഥിരീകരിക്കുമ്പോൾ ഇതിൽ ഒരു കുടുംബത്തിലെ 12പേരാണ് തീരാനോവായത്. അപകടത്തിൽപ്പെട്ട ബോട്ടിൽ ഒരു കുടുംബത്തിലെ 12മുതിർന്നവരും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമുണ്ടായിരുന്നു.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ ആവിൽ ബീച്ചിലെ കുന്നുമ്മൽ സെയ്തലവിയുടെ ഭാര്യ സീനത്ത്(43), മക്കളായ അസ്ന(18), ഷംന(16), ഷഫ്ല(13), ഫിദ ദിൽന(8), സെയ്തലവിയുടെ അനിയൻ സിറാജിന്റെ ഭാര്യ റസീന(27), ഇവരുടെ മകൾ ഷഹ്റ(8), ഫാത്തിമ റിഷിന(7), നൈറ ഫാത്തിമ(10മാസം), സെയ്തലവിയുടെ സഹോദരി നുസ്റത്തിന്റെ മകൾ ആയിഷ മെഹ്റിൻ(ഒന്നര വയസ്സ്), നുസ്റത്തിന്റെ ബന്ധു താനൂർ കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു(42),ഇവരുടെ മകൻ ജറീർ(12) എന്നിവരാണ് മരിച്ചത്.

ജാബിറിന്റെ മകളായ പത്തുമാസം പ്രായമായ ജിഫ്റയും അപകടത്തിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. കാലപ്പഴക്കമുള്ളതും ലൈസൻസില്ലാത്തതുമായ ബോട്ടാണ് ദുരന്തത്തിന് ഇടയാക്കിയതെന്നു നാട്ടുകാർ പറയുന്നു. ബോട്ട് സർവീസുകളുടെ കാര്യത്തിൽ നഗരസഭ ഇടപെടാറില്ല. അനുവദിച്ചതിലേറെ യാത്രക്കാരെ കയറ്റിയതാണ് അപകടത്തിനുകാരണമെന്നു പൊലീസും പറയുന്നു. ഇവിടെ വൈകിട്ട് 6.30 വരെയാണ് ബോട്ട് സർവീസിന് അനുമതി. അതുകഴിഞ്ഞും വിനോദസഞ്ചാരികളുമായി ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. നാട്ടുകാർ മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും പാലിക്കാറില്ല. അപകടത്തിൽപ്പെട്ട ബോട്ടിൽ കൂടുതൽ പേരെ കയറ്റിയിരുന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് സ്വിമ്മിങ് പൂളിൽ ഉപയോഗിക്കാവുന്ന ലൈഫ് ജാക്കറ്റാണ് ധരിക്കാൻ നൽകിയത്.

താനൂരിൽ ഇരുപതിലേറെപേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ വിനോദസഞ്ചാര ബോട്ട് മത്സ്യബന്ധന ബോട്ട് രൂപം മാറ്റിയുണ്ടാക്കിയതെന്ന് സംശയം. അറ്റ്‌ലാന്റിക് ബോട്ടിന് വിനോദസഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ലൈസൻസ് കിട്ടിയതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. യാർഡിൽ പോയി ബോട്ടിന് മാറ്റം വരുത്തിയതാണെന്നാണ് സൂചന. ഇത്തരം ബോട്ടുകൾക്ക് വിനോദസഞ്ചാരത്തിന് ലൈസൻസ് കൊടുക്കാറില്ലെന്നിരിക്കെ അറ്റ്‌ലാന്റിക്കിന് എങ്ങനെ ലഭിച്ചുവെന്നാണ് അന്വേഷിക്കപ്പെടുന്നത്.

ബോട്ടിന്റെ വശങ്ങളിൽ അപകടകരമായ രീതിയിൽ ആളുകൾക്ക് നിൽക്കാനും സൗകര്യമുണ്ടായിരുന്നു. അനുവദനീയമായതിലും കൂടുതൽ പേരുമായി യാത്രപുറപ്പെട്ട ബോട്ടിലെ യാത്രക്കാർ കൂടുതൽ പേർ വശങ്ങളിലേക്ക് മാറിയതാണോ അപകടത്തിലേക്ക് നയിച്ചതെന്നാണ് സംശയം.