മുംബൈ: നരസിംഹത്തിലെ ഇന്ദുചൂഡന്റെ മാസ് ഡയലോഗ് കടമെടുത്ത് അഞ്ചുവർഷമാക്കി തിരുത്തിയാൽ ഷാരൂഖ് ഖാൻ ഇപ്പോൾ ഇങ്ങനെ പറയാം.. അഞ്ച് വർഷം.. അഞ്ച് വർഷത്തെ ഇടവേള കഴിഞ്ഞ് ഞാനെത്തുന്നു.. ചില കളികൾ കാണാനും ചില കളികൾ കളിക്കാനും.തന്റെ ഏറ്റവും പുതിയ ചിത്രമായ പത്താനെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾ ഷാരൂഖ് ഖാൻ പടത്തിന് അനുകൂലമാക്കി മാറ്റുമ്പോൾ ഈ മാസ് ഡയലോഗ് അന്വർത്ഥമാകുകയാണ്.അത്രവേഗത്തിലാണ് ചിത്രത്തിന്റെ പ്രീ ബുക്കിങ്ങ് പുരോഗമിക്കുന്നതും തിയേറ്ററുകൾ നിറയുന്നതും.

ഈ മുന്നേറ്റം ബോളിവുഡിന് തന്നെ ഗുണം ചെയ്യും.കോവിഡിന് ശേഷം പരാജയ കഥകൾ മാത്രം പറയാനുള്ള ബോളിവുഡിന് അൽപ്പമെങ്കിലും ആശ്വാസമായത് ദൃശ്യം 2 വിന്റെ മാസ്മരിക വിജയത്തോടെയാണ്.ഈ പാത പത്താനിലുടെ തുടർന്ന് പഴയ പ്രതാപം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ബോളിവുഡ്.നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന കിങ് ഖാൻ ചിത്രം എന്നതാണ് ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്ത കാര്യം. ഒപ്പം നായികയുടെ വസ്ത്രത്തെച്ചൊല്ലി ഉയർന്ന ബഹിഷ്‌കരണാഹ്വാനങ്ങളും ചിത്രത്തിന് വാർത്താമൂല്യം നേടിക്കൊടുത്തു.

 

പ്രീ റിലീസ് ബുക്കിംഗിൽ വൻ പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം ഇപ്പോൾ. റിലീസിന് മൂന്ന് ദിവസം അവശേഷിക്കെ 2.65 ലക്ഷം ടിക്കറ്റുകളാണ് രാജ്യത്തെ പ്രധാന മൾട്ടിപ്ലെക്‌സ് ചെയിനുകളിലൂടെ ചിത്രം ഇതിനകം വിറ്റിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് അറിയിക്കുന്നു. കൊവിഡിനു ശേഷമുള്ള ബോളിവുഡ് റിലീസുകളിൽ രൺബീർ കപൂർ നായകനായ ബ്രഹ്മാസ്ത്ര മാത്രമാണ് പ്രീ റിലീസ് ബുക്കിംഗിൽ പഠാന് മുന്നിലുള്ളത്. എന്നാൽ റിലീസിന് ഇനിയും മൂന്ന് ദിവസം അവശേഷിക്കുന്നതിനാൽ ബ്രഹ്മാസ്ത്രയുടെ റെക്കോർഡും പഠാൻ തകർത്തേക്കാം.

 

അഡ്വാൻസ് ബുക്കിങ് ആരംഭിക്കുന്നതിനു മുൻപ് ട്രേഡ് അനലിസ്റ്റുകൾ ചിത്രത്തിന്റെ ഓപണിങ് ആയി പ്രവചിച്ചിരുന്നത് 30 കോടിയാണ്. എന്നാൽ അഡ്വാൻസ് ബുക്കിംഗിൽ വമ്പൻ പ്രതികരണം ലഭിച്ചതോടെ ആ പ്രവചനം 45-50 കോടി എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ചിത്രം തിയറ്ററുകളിലെത്തുന്ന 25-ാം തീയതി ബുധനാഴ്ചയാണ്. അഞ്ച് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡ് ആണ് പഠാന് ലഭിക്കുക. ആദ്യദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം ഈ അഞ്ച് ദിവസങ്ങളിൽ നിന്ന് 180- 200 കോടി നെറ്റ് ചിത്രം നേടുമെന്ന് ട്രേഡ് അനലിസ്റ്റ് സുമിത് കദേൽ പ്രവചിക്കുന്നു.

നിറയുന്ന തിയേറ്ററുകളും ഉയരുന്ന വിലയും

ചിത്രത്തിന്റെ പ്രീബുക്കിങ്ങ് ഉയരുന്നതിനൊപ്പം തന്നെ മെട്രോ നഗരങ്ങളിൽ ടിക്കറ്റും നിരക്കും ഉയരുന്നുണ്ട്.രാത്രിയിലെ ഷോയ്ക്കാണ് ടിക്കറ്റ് വില കുതിക്കുന്നത്.അദ്യ ഒരാഴ്‌ച്ചയിലേക്ക് തന്നെ ടിക്കറ്റ് ബുക്കിങ്ങ് നിറയുന്നതും നിരക്ക് കൂടാൻ കാരണമാകുന്നുണ്ട്.ആദ്യ ദിവസം രാത്രി 11 മണിക്കുള്ള ഷോയ്ക്കായി സീറ്റുകൾ അതിവേഗമാണ് നിറയുന്നത്. പി.വി.ആർ സെലക്ട് സിറ്റി വാക്കിൽ 2100 രൂപയ്ക്കാണ് ടിക്കറ്റ് വിൽക്കുന്നത്. പി.വി.ആർ ലോജിസ് നോയിഡൽ 10:55നുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1090 രൂപയായി ഉയർന്നു. 2ഡി ടിക്കറ്റ് നിരക്ക് 700 രൂപയായിട്ടും ഉയർന്നിട്ടുണ്ട്.

മുംബൈയിലെ പി.വി.ആർ ഐക്കൺ, ഫീനിക്‌സ് പലേഡിയം, ലോവർ പരേലിൽ, രാത്രി 11 മണിക്കുള്ള ഷോയുടെ ടിക്കറ്റ് നിരക്ക് 1450 രൂപയായി ഉയർന്നു, അതും ഉടനെ തന്നെ വിറ്റുതീർന്നു. ബേ ഏരിയയിലെ മറ്റ് സ്ഥലങ്ങളിൽ ടിക്കറ്റ് നിരക്ക് 300 രൂപയിൽ തുടങ്ങി 850 രൂപ വരെ ഉയർന്നിട്ടുണ്ട്. 2ഡി ടിക്കറ്റ് നിരക്ക് 850 രൂപ ആകുകയും ചെയ്തു.

കൊൽക്കത്തയിലും ടിക്കറ്റ് വില കുതിക്കുന്നതായാണ് റിപ്പോർട്ട്. കൊൽക്കത്ത സൗത്ത് സിറ്റിയിലെ ഇനോക്‌സ്-ൽ നൈറ്റ് ഷോയ്ക്ക് 650 രൂപ ആണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഐമാക്‌സ് 2ഡി പതിപ്പുകൾക്കായി മറ്റ് സ്ഥലങ്ങളിൽ അഡ്വാൻസ് ബുക്കിങ് ഇനിയും ആരംഭിച്ചിട്ടില്ല.
ബാംഗ്ലൂരിൽ, പഠാന്റെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് 900 രൂപയാണ്. 2ഡി പതിപ്പുകൾക്ക് 230 മുതൽ 800 രൂപ വരെയാണ് വില. പൂണെയിൽ ടിക്കറ്റ് നിരക്ക് 650 രൂപയായി ഉയർന്നപ്പോൾ ഹൈദരാബാദിൽ ടിക്കറ്റ് നിരക്ക് 295 രൂപയാണ്.

നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ തിരിച്ചുവരുന്ന സിനിമയാണ് പത്താൻ. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കം കുറിച്ചിരുന്നു. ദീപിക പദുക്കോൺ നായികയായി എത്തുന്ന സിനിമയിലെ ബേഷരം രംഗ് എന്ന ഗാനത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകൾ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരുന്നു.

പത്താൻ ഇന്ത്യയെ ഏകമനസോടെ അമ്മയായി കാണുന്ന ഒരാളാണെന്ന് ഷാരൂഖ് ഖാനും പറഞ്ഞിരുന്നു. പത്താൻ ജനുവരി 25ന് തിയറ്ററുകളിൽ എത്തും. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ചിത്രം. ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

അസാമിലെ സംരക്ഷണം ഉറപ്പ് നൽകി മുഖ്യമന്ത്രി

പത്താൻ സിനിമയെ കുറിച്ചുള്ള വിവാദങ്ങൾ കത്തിനിൽക്കവെ കഴിഞ്ഞ ദിവസമാണ് ഏതാനും മാധ്യമപ്രവർത്തകർ ഇതു സംബന്ധിച്ച് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയോട് ചോദിച്ചത്.അപ്പോൾ ആരാണ് ഷാരൂഖ് ഖാൻ എന്നായിരുന്നു ഹിമന്തിന്റെ മറുചോദ്യം.അസമീസ് ജനതയെ കുറിച്ചല്ലാതെ ബോളിവുഡിലെ കാര്യങ്ങളെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അസം മുഖ്യമന്ത്രി പറയുകയുണ്ടായി.തന്നെ പലരും വിളിക്കു്ന്നുണ്ട് സിനിമയെപ്പറ്റി പറഞ്ഞ്..പക്ഷെ ഷാരൂഖ് ഖാൻ വിളിച്ചിട്ടില്ല..അദ്ദേഹം വിളിച്ചാൽ നോക്കാമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സംഭവം വാർത്തയായതോടെ ഷാരുഖ് ഖാൻ നേരിട്ട് തന്നെ അസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമയോട് സംസാരിച്ചിരിക്കുകയാണ്.അദ്ദേഹം തന്നെയാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതും.ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഷാരൂഖ് ഖാന്റെ കോളിനെ കുറിച്ച് സംസാരിച്ചത്.പത്താൻ സിനിമ പ്രദർശിപ്പിക്കാനൊരുങ്ങുന്ന തിയേറ്ററിൽ നടന്ന അക്രമസംഭവത്തിൽ ആശങ്കയറിയിക്കാനായി നടൻ ഷാരൂഖ് ഖാൻ ഫോണിൽ വിളിച്ച് സംസാരിച്ചെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.ക്രമസമാധാനപാലനം സർക്കാരിന്റെ കടമയാണെന്ന് താൻ അദ്ദേഹത്തിന് ഉറപ്പ് നൽകിയെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

'ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ എന്നെ രാവിലെ രണ്ട് മണിക്ക് വിളിച്ചിരുന്നു.അദ്ദേഹത്തിന്റെ സിനിമയുടെ പ്രദർശനത്തിനിടയിൽ ഗുവാഹത്തിയിലുണ്ടായ സംഭവത്തിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ക്രമസമാധാന പാലനം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പ് നൽകുകയിട്ടുണ്ട്.അത്തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ അന്വേഷിക്കും, ആവർത്തിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും,' ഹിമന്ത ബിശ്വ ശർമ ട്വീറ്റ് ചെയ്തു.

മുതൽ മുടക്ക് 250 കോടി; ചിത്രത്തിനായി ഷാറൂഖ് വാങ്ങിയത് ഏറ്റവും കുറഞ്ഞ പ്രതിഫലം

ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാറൂഖ് ഖാൻ പത്താനിൽ എത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാ ലോകത്ത് വലിയ ചർച്ചയായിരുന്നു. സിനിമ റിലീസിനോട് അടുക്കുമ്പോൾ ആരാധകരുടെ ഇടയിൽ ചർച്ചയാവുന്നത് ഷാറൂഖ് ഖാന്റെ പ്രതിഫലത്തെ കുറിച്ചാണ്. 250 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന് ഷാറൂഖ് വാങ്ങിയത് 35- 40 കോടി രൂപയാണത്രെ. നടൻ വാങ്ങുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണിത്.

അതേസമയം പത്താന്റെ ലാഭത്തിന്റെ ഒരു വിഹിതം നടനുള്ളതാണ്.അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കൾ ഈ തരത്തിലുള്ള പ്രതിഫലം വാങ്ങുന്നത്. കുറഞ്ഞ പ്രതിഫലം വാങ്ങുകയും സിനിമയുടെ ലാഭത്തിന്റെ ഒരു പ്രധാന ഭാഗം ഈടാക്കുകയും ചെയ്യുന്നു.

പാട്ടിൽ തുടങ്ങി നിരൂപണം വരെ നീളുന്ന ആരോപണം

പത്താൻ സിനിമയിലെ ദീപികയുടെ വസ്ത്രത്തെയും നിറത്തെയും ചൊല്ലിയാണ് പത്താൻ സിനിമ ആദ്യം വിവാദങ്ങളിൽ നിറയുന്നത്.അ വിവാദങ്ങളൊക്കെയും ചിത്രത്തിന് ഗുണം ചെയ്യുമ്പോൾ നിരൂപണത്തെക്കുറിച്ച് പുതിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ ആർ കെ.ചിത്രത്തിന് പോസിറ്റീവ് റിവ്യൂവിനായി അണിയറ പ്രവർത്തകർ ലക്ഷങ്ങൾ മുടക്കിയെന്നാണ് കെ.ആർ.കെയുടെ ട്വീറ്റ്.

'പത്താൻ ചിത്രത്തിന്റെ പ്രമോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട്'ഛിലകാുൃലശൈീി' എന്ന കമ്പനി എന്നെ ബന്ധപ്പെട്ടിരുന്നു. പോസിറ്റീവ് റിവ്യൂ നൽകുന്നതിനായി സിനിമ നിരൂപകർക്ക് പണം നൽകാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഞാൻ 1 കോടി രൂപ അവശ്യപ്പെട്ടു. ഇത് കേട്ട് അവർ ഞെട്ടി. ഓരോരുത്തർക്കും പരമാവധി 1-2 ലക്ഷം രൂപയാണ് നൽകുന്നതെന്ന് അവർ എന്നോട് പറഞ്ഞു- കെ. ആർ.കെ ട്വീറ്റ് ചെയ്തു.