കോഴിക്കോട്: മിത്തുകളെയും കെട്ടുകഥകളെയുമൊക്കെ എടുത്ത് ചരിത്ര സംഭവങ്ങളാക്കുന്ന ശ്രമം, കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ ഭാഗത്തുനിന്ന് മാത്രമല്ല, കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട് എന്നതിന്റെ തെളിവായിരുന്നു, 19ാം നുറ്റാണ്ട് സിനിമ ഇറങ്ങിയ സമയത്തുണ്ടായ നങ്ങേലിയും മുലച്ചിപ്പറമ്പ് വിവാദവും.

മുലക്കരത്തിന് എതിരെ തന്റെ രണ്ടുമുലകളും ഛേദിച്ച് നാടുവാഴിയുടെ മുന്നിൽവെച്ച നങ്ങേലിയുടെ കഥ കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക നായകർ എടുത്തുപറയാറുള്ളതാണ്. പക്ഷേ ഈ കഥക്ക് ചരിത്രത്തിന്റെ പിൻബലം ഇല്ല. മാത്രമല്ല, മുലക്ക് പ്രത്യേകമായി കരവും തിരുവിതാകൂറിൽ ഉണ്ടായിരുന്നില്ല. ആൺ-പെൺ വ്യത്യാസം മനസ്സിലാക്കാനാണ് തല-മുല എന്ന രീതിയിൽ വേർതിരിച്ചത്. എന്നാൽ മുല മുറിച്ച് ഇലയിൽവെച്ചുകൊടുത്തുവെന്ന് പറഞ്ഞ് നങ്ങേലിയുടെ പേരിൽ അനുസ്മരണംപോലും ഈ നാട്ടിൽ നടന്നു.

അതുപോലെ കേരളത്തിൽ ഏറെ കൊണ്ടാടപ്പെട്ട കഥയാണ് വിഗതകുമാരൻ എന്ന ജെ ഡി ഡാനിയേലിന്റെ ആദ്യ മലയാള ചിത്രത്തിലെ നായിക അവർണ്ണയായതുകൊണ്ട്, സർവണ്ണർ തീയേറ്റർ കത്തിച്ചുവെന്നും റോസിക്ക് നാടുവിട്ട് ഓടേണ്ടിവന്നുവെന്നതും. എന്നാൽ ഇതും പൂർണ്ണമായി കെട്ടുകഥയാണെന്ന് സമർത്ഥിക്കയാണ്, സോഷ്യൽ മീഡിയ ആക്റ്റീവിസറ്റും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റ്. വിഗതകുമാരൻ ആദ്യ പ്രദർശനത്തിനുശേഷമുള്ള പത്ര വാർത്തകൾ അദ്ദേഹം ഇതിനായി ചൂണ്ടിക്കാട്ടുന്നു.

പലതവണ ആവർത്തിച്ച് സത്യമായ നുണക്കഥ

ഡോ. മനോജ് ബ്രൈറ്റിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.-''പല തവണ ആവർത്തിച്ച് സത്യമായി തീർന്ന ഒരു നുണക്കഥയാണ് പി.കെ.റോസി എന്ന നടിയുടേത്. അവർണ്ണ നടിയായതുകൊണ്ട് 'സവർണ്ണർ' വിഗതകുമാരന്റെ ആദ്യ പ്രദർശനം തന്നെ അലങ്കോലപ്പെടുത്തി എന്നും, റോസിക്ക് അതു മൂലം അവിടെ ജീവിക്കാനാകാതെ ഒളിച്ചോടേണ്ടി വന്നു എന്നുമാണ് കഥ. കുറെ ''പറയപ്പെടുന്നു'' കഥകളല്ലാതെ കൊള്ളാവുന്ന ഒരു തെളിവും എവിടെയും കണ്ടിട്ടില്ല. 1930 കൾ എന്നു പറയുമ്പോൾ പത്രങ്ങളൊക്കെ ഉള്ള കാലമാണ്. ഈ പറയുന്ന സംഭവത്തിന്റെ ഒരു സമകാലിക റിപ്പോർട്ട് എങ്കിലും ആരെങ്കിലും കണ്ടിട്ടുണ്ടോ?

പ്രദർശനം തുടങ്ങിയതിന്റെ പിറ്റേ ദിവസത്തെ ഹിന്ദു പത്രം ഇവിടെ കാണാം. അതിലെവിടെയും പ്രദർശനം അലങ്കോലപ്പെട്ട വിവരമൊന്നും പറയുന്നില്ല.
ഒക്ടോബർ ഇരുപത്തെട്ടാം തീയ്യതിയിലെ നസ്രാണി ദീപികയിലെ ആസ്വാദന കുറിപ്പിൽ ആളുകൾ പടം നന്നായി ആസ്വദിക്കുന്നതായാണ് പറയുന്നത്. ആളുകൽ സർക്കാർ ജോലിക്കായി കാത്തിരിക്കാതെ സിനിമ അഭിനയം മുതലായ നൂതന ജോലി സാധ്യതകൾ ഉപയോഗപ്പെടുത്തണം എന്നാണ് അതിൽ പറയുന്നത്. അതിനായി ജെ.സി ഡാനിയൽ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ് എന്നൊരു കമ്പനി തുടങ്ങിയതായും പറയുന്നുണ്ട്. ഇതിലും സവർണ്ണർ പ്രദർശനം അലങ്കോലപ്പെടുത്തുകയോ റോസിയെ കല്ലെറിയുകയോ ചെയ്തതായി പറയുന്നില്ല.

1930 നവംബർ ഒന്നാം തീയ്യതിയിലെ മാതൃഭൂമിയിൽ (അതായത് ഒരാഴ്ചയോളം കഴിഞ്ഞ്) സിനിമ കാണാൻ ആളുകൾ ഹാൾ നിറയെ കൂടിയിരുന്നു എന്നാണ്പറയുന്നത്. ഇവിടെയും നോ അലങ്കോല വാർത്ത. അലങ്കോല വാർത്ത ഇല്ലെന്നു മാത്രമല്ല, സിനിമ ഒരാഴ്ചക്കു ശേഷവും പ്രദർശിപ്പിക്കപ്പെടുന്നതായും മനസ്സിലാക്കാം. ആദ്യ പ്രദർശനത്തിൽ തന്നെ സ്‌ക്രീൻ കുത്തിക്കീറിയെങ്കിൽ പിന്നെങ്ങിനെ തുടർന്നും സിനിമ പ്രദർശിപ്പിക്കും?

പിന്നെ ഈ കാപിറ്റോൾ തീയറ്റർ ഈയൊരു സിനിമ കളിക്കാൻ വേണ്ടി ഉണ്ടാക്കിയ സ്ഥാപനമല്ലല്ലോ. വിഗതകുമാരന് മുൻപും, ശേഷവും അവിടെ സിനിമകളും, നാടകങ്ങളും കളിച്ചിട്ടുണ്ട്. അന്നൊക്കെ അവിടെ അവർണ്ണർ അവിടെ സിനിമയും, നാടകങ്ങളും കണ്ടിട്ടുണ്ട്. അല്ലാതെ സവർണ്ണർ മാത്രമല്ല അവിടത്തെ പേട്രൺസ്. സവർണ്ണർ മാത്രം വച്ച് തീയറ്റർ നടത്തിക്കൊണ്ടു പോകാനാകുമോ? ടിക്കറ്റെടുക്കുന്ന ആർക്കും അകത്തുകയറാം. അതിനുള്ളിൽ അയിത്തമൊന്നുമില്ല. മറ്റൊരു നങ്ങേലിക്കഥയാണ് പി.കെ. റോസി കഥയും''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ആളുകൾ തീയേറ്റർ കുത്തിക്കീറിയോ?

1930 നവംബർ ഏഴിന് തിരുവനന്തപുരം കാപ്പിറ്റോൾ തിയറ്ററിലായിരുന്നു നിശ്ശബ്ദസിനിമയായ വിഗതകുമാരൻ റിലീസ് ചെയ്തത്. എന്നാൽ വിക്കീപീഡിയയിൽ അടക്കമുള്ളത് മറ്റൊരു കഥയാണ്.

''സവർണ്ണ കഥാപാത്രത്തെ കീഴ് ജാതിക്കാരി അഭിനയിച്ചു ഫലിപ്പിച്ചതുകൊണ്ട്് തിയറ്ററിൽ റോസിയുടെ ചിത്രം കടന്നുവന്നപ്പോഴൊക്കെ കാണികൾ കൂവിയും ചെരിപ്പ് വലിച്ചെറിഞ്ഞുമാണ് എതിരേറ്റത്. വെള്ളിത്തിര കുത്തിക്കീറുകയും ചെയ്തു. തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.

നഷ്ടനായിക, സിനിമയുടെ ചരിത്രം എന്നീ ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കു സമീപമായിരുന്നു റോസിയുടെ വീട്. ദളിത് വിഭാഗത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു. കുശിനിക്കാരനായിരുന്നു അച്ഛൻ. വിഗതകുമാരനിൽ അഭിനയിച്ചതിനെത്തുടർന്ന് റോസിക്കും വീട്ടുകാർക്കും സമൂഹം ഭ്രഷ്ട് കല്പിച്ചപ്പോൾ അവരെ വിവാഹം കഴിക്കാൻ പോലും ആരും തയ്യാറായില്ല. പിടിച്ചുനിൽക്കാനാവാതെ റോസി ഒരു ഡ്രൈവറുടെ കൂടെ തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടി. വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു. പിന്നീട് അവരെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല.

റോസിയെന്ന പേര് സിനിമയ്ക്കുവേണ്ടി സ്വീകരിച്ചതാവാമെന്നും യഥാർത്ഥ പേര് രാജമ്മ എന്നാണ് എന്നും രാജമ്മയുടെ ഇളയസഹോദരൻ ഗോവിന്ദൻ എന്നയാൾ വെളിപ്പെടുത്തുകയുണ്ടായി. നാഗർകോവിലിലെ വടശേരി തെരുവിലാണ് രാജമ്മ ജീവിച്ചിരുന്നതെന്നും 12 കൊല്ലം മുൻപ് രാജമ്മ മരിച്ചുപോയെന്നുമാണ് ഇദ്ദേഹത്തിന്റെ പക്ഷം. രാജമ്മ പേരുമാറ്റിയിരിക്കാമെങ്കിലും മതം മാറ്റിയിട്ടില്ലെന്നാണ് ഗോവിന്ദൻ അവകാശപ്പെടുന്നത്.''- ഇങ്ങനെയാണ് റോസിയെ പറ്റി വിക്കിപീഡിയയിൽപോലുമുള്ള വിവരങ്ങൾ. പക്ഷേ ഇത് ശരിയാണെന്നതിന് ആധികാരികമായി രേഖകളില്ല.