മാസ് ഇസ്രയേലിൽ നടത്തിയ ഏകപക്ഷീയമായ ആക്രമണത്തിൽ, കേരളത്തിൽ ഭൂരിഭാഗം പേരും ഫലസ്തീന് ഒപ്പമാണെങ്കിലും ആഗോളതലത്തിൽ കാര്യങ്ങൾ അങ്ങനെയല്ല. ഈ രീതിയിൽ ഇസ്രയേലികൾ കൊല്ലപ്പെടുമ്പോളും, ഫലസ്തീനും അതുവഴി ഹമാസിനും പരോക്ഷമായി പിന്തുണ പ്രഖ്യാപിക്കുക, ഗുരുതരമായ കുറ്റമായാണ് ലോകം കാണുന്നത്. അതുകൊണ്ടുതന്നെ പ്രമുഖ കമ്പനികൾ ഒക്കെയും ഇത്തരം രാഷ്ട്രീയം പറയുന്നവരെ മാറ്റി നിർത്തുന്ന പ്രവണത കാണാറുണ്ട്. ഇത്തവണ അങ്ങനെ പണി കിട്ടിയത്, മുൻ പോൺതാരവും മോഡലുമായ മിയാ ഖലീഫക്കാണ്.

ഫലസ്തീനെ അനുകൂലിച്ച് എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റുകൾ പങ്കുവച്ച മിയ ഖലീഫയുമായുള്ള കരാർ കമ്പനികൾ റദ്ദാക്കിയിരിക്കയാണ്. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപിറോയും അമേരിക്കൻ അഡൾട്ട് മാസിക പ്ലേ ബോയും ആണ് മിയ ഖലീഫയുമായുള്ള കരാറിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചത്. എന്നാൽ, സയണിസ്റ്റുകളെ പിന്തുണയ്ക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ ഖലീഫ തിരിച്ചടിച്ചു.

പലതവണയാണ് ഫലസ്തീനെ പിന്തുണച്ച് മിയ ഖലീഫ പോസ്റ്റുകൾ പങ്കുവച്ചത്. ഫലസ്തീനിലെ അവസ്ഥ കണ്ടിട്ട്, ഫലസ്തീനൊപ്പം നിൽക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വിവേചനത്തിന്റെ തെറ്റായ ഇടത്താണ് നിങ്ങളെന്ന് കാലം തെളിയിക്കുമെന്നായിരുന്നു മിയയുടെ ഒരു പോസ്റ്റ്. ഇത്തരത്തിൽ പല പോസ്റ്റുകളും താരം പങ്കുവച്ചു. ഇതോടെ ഇവർക്കെതിരെ വ്യാപക വിമർശനങ്ങളുമുയർന്നു. ഇതിനു പിന്നാലെയാണ് ഷാപിറോയുടെ നടപടി.

ഷാപിറോ കരാറിൽ നിന്ന് പിന്മാറിയതിനെതിരെയും എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് മിയ ഖലീഫ രംഗത്തുവന്നത്. സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്ക് വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കൻ അഡൾട്ട് മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പ്ലേബോയ് പ്ലാറ്റ്‌ഫോമിൽ മിയ ഖലീഫയുടെ ക്രിയേറ്റേഴ്‌സ് ചാനലും ഡിലീറ്റ് ചെയ്തു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ താരത്തിന് ഉണ്ടായത്. ഇതിനു പിന്നാലെയാണ് ടോഡ് ഷാപിറോയുമായുള്ള കരാറും താരത്തിനു നഷ്ടമായത്.

മിയ ഖലീഫയുടേത് അറപ്പുളവാക്കുന്ന നിലപാടാണെന്ന് ഷാപിറോ എക്സിൽ കുറിച്ചു. നല്ല ഒരു മനുഷ്യനാകൂ. കൊലപാതകം, ബലാത്സംഗം, മർദ്ദനം തുടങ്ങിയതൊക്കെ താങ്കൾ ക്ഷമിക്കുന്നത് മോശമാണ്. ഇങ്ങനെയൊരു ദുരന്തസമയത്ത് മനുഷ്യരെയാണ് നമുക്ക് വേണ്ടത്. നിങ്ങൾ നല്ല മനുഷ്യനാവാൻ താൻ പ്രാർത്ഥിക്കുന്നു എന്നും ഷാപിറോ കുറിച്ചു. ഇതും നവമാധ്യമങ്ങളിൽ ട്രൻഡിങ്ങാതി. ചുട്ടമറുപടിയാണ് മിയക്ക് ഷാപിറോ കൊടുത്തതെന്ന് പലരും കുറിക്കുന്നുണ്ട്.

പോൺ വിട്ടത് ഐസിസിന്റെ ഭീഷണിയാൽ

അതേസമയം മിയ നേരത്തെ തന്നെ ഇസ്ലാമിസ്റ്റ് ആനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നതെന്ന് സോഷ്യൽ മീഡിയയിൽ മിയയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 2015ൽ കേവലം മൂന്നു മാസം മാത്രമാണ് പോൺ മേഖലയിൽ പ്രവർത്തിച്ചതെങ്കിലും ഏറ്റവും അധികം സേർച്ച് ചെയ്യപ്പെട്ട പോൺ താരങ്ങളിൽ ഒരാളായിരുന്നു മിയ. ഭീകരസംഘടനയായ ഐസിസിന്റെ വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് നീലച്ചിത്ര മേഖല വിടാനുള്ള തീരുമാനം.പോൺരംഗം ഉപേക്ഷിച്ച്, സ്പോർട്സ് ഷോയുടെ അവതാരകയായി പ്രവർത്തിക്കുകയാണ് അന്ന് മിയ ഖലീഫ ചെയ്തത്.

ഹിജാബ് ധരിച്ച് സെക്സിൽ ഏർപ്പെടുന്ന മിയയുടെ വീഡിയോ മുസ്ലിം രാജ്യങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതും ഐസിസിന്റെ ഭീഷണിയും ചേർന്നതോടെയാണ് പോൺ രംഗം വിട്ടത്. 1993 ൽ ലെബനനിലാണ് മിയ ഖലീഫ ജനിച്ചത്. 2015 ൽ മൂന്നു മാസക്കാലമാണ് പോൺ സിനിമകളിൽ അഭിനയിച്ചത്. എന്നാൽ താരത്തിന്റെ വിഡിയോകൾ ലോകവ്യാപക ശ്രദ്ധനേടി. ഇതോടെ പ്രശസ്തിയിലേക്ക് ഉയർന്ന മിയ ഖലീഫ ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ അന്വേഷിക്കുന്ന പേരുകളിൽ ഒന്നായി. പോൺ ഇൻഡസ്ട്രിയിൽ നിന്നു ലഭിച്ച വരുമാനം 8.5 ലക്ഷം രൂപ മാത്രമായിരുന്നു എന്ന മിയ ഖലീഫയുടെ വെളിപ്പെടുത്തൽ നേരത്തെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ ഒരു സെലിബ്രിറ്റി മോഡൽ എന്ന നിലയിയാണ് മിയയുടെ പ്രവർത്തനം.