മുംബൈ: സിവില്‍ സര്‍വീസ് പ്രൊബേഷണറി ഓഫിസറായിരിക്കെ ചട്ടലംഘനമടക്കം നിരവധി പരാതികളുടെ പേരില്‍ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയ മഹാരാഷ്ട്രയിലെ ഐഎഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. അസി. കളക്ടറായ പൂജ ഖേദ്കറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൂനെ കളക്ടറോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയത്.

ആരോപണങ്ങള്‍ വിവാദമായതിന് പിന്നാലെ ഉദ്യോഗസ്ഥയെ കഴിഞ്ഞ ദിവസം പൂനെയില്‍ നിന്നും വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. നിയമന മുന്‍ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഇതിന് പുറമേ സര്‍വീസില്‍ ചേരും മുന്‍പ് തന്നെ പ്രത്യേക സൗകര്യങ്ങള്‍ ആവശ്യപ്പെട്ടെന്നും, സ്വകാര്യ ആഡംബര കാറില്‍ സര്‍ക്കാര്‍ മുദ്രയും ബീക്കണ്‍ ലൈറ്റും ഘടിപ്പിച്ചെന്നുമടക്കം പരാതികള്‍ പൂജക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

സിവില്‍ സര്‍വീസ് പ്രൊബേഷണറി ഓഫിസറായ പൂജാ ഖേഡ്കര്‍ നിയമന മുന്‍ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാന്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമെന്ന് പ്രധാന ആരോപണം. സിവില്‍ സര്‍വീസില്‍ ഇളവുകള്‍ ലഭിക്കുന്നതിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം.

ഭിന്നശേഷി സ്ഥിരീകരിക്കാന്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവര്‍ ഹാജരായില്ല. 2022 ഏപ്രിലില്‍ ഡല്‍ഹി എയിംസില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നതായും എന്നാല്‍ അന്ന് കൊവിഡ്-19 പോസിറ്റീവ് ആണെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്നുള്ള പരിശോധനകളിലും എംആര്‍ഐ പരിശോധനക്കും ഇവര്‍ ഹാജരായില്ല.

ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള വ്യാജ മെഡിക്കല്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് യുവതി ഹാജരാക്കിയെന്നാണ് വിവരം. ഇതിനുശേഷമാണ് സര്‍വീസില്‍ പ്രവേശിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്ന് യു.പി.എസ്.സി. അറിയിച്ചിരുന്നു. ഇതിനിടെ, രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് യുവതി ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് കൈക്കലാക്കിയെന്നാണ് ആരോപണം. യുപിഎസ്‌സി പരീക്ഷയില്‍ 841-ാം റാങ്കാണ് ഇവര്‍ക്ക് ലഭിച്ചത്. അഹമ്മദ്നഗര്‍ സ്വദേശിയായ പൂജ 2023 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

പുണെയില്‍ അസി. കളക്ടറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പാണ് പ്രത്യേക വീടും കാറും വേണമെന്ന് പൂജ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചാണ് അസി. കളക്ടര്‍ ഇത്തരത്തില്‍ പല ആവശ്യങ്ങളും മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തുടര്‍ച്ചയായ പരാതികളും ആരോപണങ്ങളും ഉയര്‍ന്നതോടെയാണ് ഇവരെ പുണെയില്‍നിന്ന് സ്ഥലംമാറ്റി ഉത്തരവിട്ടത്. സ്വകാര്യ ആഡംബര കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് സഞ്ചരിക്കുന്നതിലും ജില്ലാ കളക്ടറുടെ ചേംബര്‍ കൈയേറിയതിനും പൂജയ്ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കുകയും പിന്നാലെ അസി. കളക്ടറെ സ്ഥലംമാറ്റി ഉത്തരവിടുകയുമായിരുന്നു.

ഒ.ബി.സി. വിഭാഗത്തില്‍ പരീക്ഷയെഴുതിയ പൂജ ഇതിലും ക്രമക്കേട് നടത്തിയതായാണ് വിവരം. ഈ വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. എന്നാല്‍, പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. മാത്രമല്ല, ഇദ്ദേഹത്തിന്റെ വാര്‍ഷികവരുമാനമായി നേരത്തെ കാണിച്ചിരുന്നത് 49 ലക്ഷം രൂപയാണെന്നും ഇദ്ദേഹത്തിന്റെ മൊത്തം ആസ്തി നൂറുകോടി രൂപയ്ക്ക് മുകളിലുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതിനിടെ, പൂജയുടെ പുണെയിലെ നിയമനത്തെച്ചൊല്ലിയും പുതിയ വിവാദമുയര്‍ന്നിട്ടുണ്ട്. സര്‍വീസില്‍ പ്രവേശിക്കുന്ന പുതിയ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം ജില്ലയില്‍ ഒരിക്കലും ആദ്യം പോസ്റ്റിങ് നല്‍കില്ലെന്നിരിക്കെ പൂജ ഖേദ്കറിനെ പുണെയില്‍ നിയമച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഈ നിയമനത്തിലും പിന്നിലും രാഷ്ട്രീയസ്വാധീനമാണെന്നാണ് പ്രധാന ആരോപണം.