കൊച്ചി: കോക്കസ്, ബെല്‍റ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം-നിവിന്‍ പോളി അഴിഞ്ഞാടിയ 'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയിലെ കഥാപാത്രം സംസാരിക്കുന്നത് സ്വജനപക്ഷപാതത്തിന് എതിരെയാണ്. അത് സിനിമയിലെ കാര്യമാണെങ്കില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. ഭരണക്കാരുടെ സില്‍ബന്ധികളെയും ആശ്രിതരെയും സ്വന്തക്കാരെയും താല്‍ക്കാലിക പോസ്റ്റുകളില്‍ തിരുകി കയറ്റാനുള്ള ഉത്സാഹം രാഷ്ടീയക്കാര്‍ക്ക് ചില്ലറയല്ല.

രാഷ്ട്രീയക്കാരുടെ ഇഷ്ടപട്ടികയില്‍ പെടുക എന്നത് മാത്രമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യതയോ പ്രവര്‍ത്തന പരിശീലനമോ ഒന്നും ബാധകമല്ല. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പുറത്തിരിക്കുമ്പോള്‍ ഇഷ്ടക്കാര്‍ അകത്ത് വിരാജിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒഴിവുണ്ടാകുന്ന താത്കാലിക തസ്തികകളില്‍ നിയമനം നടത്തുന്നതിനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതിനെ നോക്കുകുത്തിയാക്കിയുള്ള രാഷ്ട്രീയ കളികള്‍ തുടരുകയാണ്.

കഴിഞ്ഞ മാര്‍ച്ച് വരെ കരാര്‍, ദിവസവേതനാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമനം നേടിയത് 79,670 പേരാണെന്ന കണക്കുകള്‍ പുറത്തുവന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചത് 1377 പേര്‍ക്കു മാത്രമാണ്. കരാര്‍, ദിവസവേതനമുള്‍പ്പെടെ താത്കാലികജോലികളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി.

മിക്കതും രാഷ്ട്രീയനിയമനങ്ങളാണ്. ഭരണമുന്നണിയിലെ കക്ഷികള്‍ ഇവ വീതംവച്ചെടുക്കുകയാണ്. ഒരുലക്ഷത്തോളം താത്കാലികജീവനക്കാരില്‍ സ്പാര്‍ക് ഐ.ഡിയുള്ളതു 43,687 പേര്‍ക്കാണ്. സംസ്ഥാനത്തെ സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരായ 5,07,188 പേര്‍ക്കു ശമ്പളം നല്‍കാന്‍ പ്രതിമാസം 3038 കോടി രൂപ വേണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചവര്‍ക്കു 364.39 കോടിയും കരാര്‍ ജീവനക്കാര്‍ക്കു 2,292.58 കോടിയും ദിവസവേതനക്കാര്‍ക്കു 5,852 കോടിയും.

അതായത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രം പ്രതിമാസം 11,546 കോടി രൂപ! പി.എസ്.സി. റാങ്ക് പട്ടികയില്‍നിന്നു സ്ഥിരനിയമനം നടത്താതെ, പരമാവധി താത്കാലികനിയമനങ്ങളാണു മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നടത്തുന്നത്. എട്ടുവര്‍ഷത്തിനിടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത 26.55 ലക്ഷം പേരില്‍ തൊഴില്‍ ലഭിച്ചത് 90,959 പേര്‍ക്കു മാത്രം. കഴിഞ്ഞ മേയ് 31 വരെ 26,55,736 പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ അപേക്ഷകരായുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒറ്റയ്ക്ക് വഴി വെട്ടി വരാനൊക്കെ വലിയ ബുദ്ധിമുട്ട് തന്നെ. രാഷ്ടീയക്കാരുടെ സ്വന്തമാണോ സംഗതി ഒകെ.