ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിനുനേരേയുണ്ടാ ഭീകരാക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത് തീവ്രവാദികൾക്ക് തിരിച്ചടി നൽകാൻ. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പുഞ്ച് സെക്ടറിൽ ഉണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത എൻഐഎ ഭീകരർക്കായി തെരച്ചിലും തുടങ്ങിയിട്ടുണ്ട്. ഭീകരർ വാഹനത്തിന് നേരെ വെടിയുതിർക്കുകയും പിന്നീട് ഗ്രനേഡാക്രമണം നടത്തുകയുമായിരുന്നു.

അതിർത്തി കടന്നുള്ള ഭീകരവാദമാണ് നടന്നതെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള തിരിച്ചടിയും ഇന്ത്യയുടെ ആലോചനയിലൂണ്ട്. മൂന്നാമതൊരു സർജിക്കൽ സട്രൈക്കിനുള്ള സാധ്യതകളിലെ ചർച്ചകളും സജീവമാണ്. സംഭവത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തി. അക്രമം നടത്തിയ ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്. പൂഞ്ചിൽനിന്ന് 90 കിലോമീറ്റർ അകലെ ഭീംബർ ഗലി പ്രദേശത്തിന് സമീപമാണു സംഭവം നടന്നത്. ആക്രമണത്തിൽ വാഹനത്തിനു തീപിടിച്ചു.

വനമേഖലയിൽ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ വ്യാപക തിരച്ചിൽ പുരോഗമിക്കുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരരെന്നാണ് സേനയുടെ വിലയിരുത്തൽ. പ്രദേശത്ത് ആകാശമാർഗമുള്ള നിരീക്ഷണവും ശക്തമാക്കി. എൻഐഎ സംഘവും, ബോംബ് സ്‌ക്വാഡും സെപ്ഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസ് എൻഐഎ അന്വേഷിക്കും. ജെയ്‌ഷേ മുഹമ്മദ് അനുകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഗ്രനേഡ് ഏറിഞ്ഞ ശേഷം സൈനിക ട്രക്കിന്റെ ഇന്ധനടാങ്കിലാണ് ഭീകരരർ വെടിവെച്ചത്.

കനത്തമഴയും കാഴ്ചപരിധി കുറവാണെന്ന പ്രതികൂല സാഹചര്യവും മുതലെടുത്താണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടതെന്ന് സേനാവൃത്തങ്ങൾ വ്യക്തമാക്കി. പാക് അതിർത്തിയിൽ നിന്നും ഇവർക്ക് സഹായം കിട്ടിയോ എന്ന് ഉറപ്പിക്കുകയാകും ലക്ഷ്യം. അതു തെളിഞ്ഞാൽ അതിശക്തമായ തിരിച്ചടി നൽകാനാണ് നീക്കം. അതിർത്തിയിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നുഴഞ്ഞു കയറ്റം പരമാവധി നടത്താൻ പാക് അതിർത്തിയിൽ തീവ്രവാദികൾ തയ്യാറാണെന്ന റിപ്പോർട്ടുമുണ്ട്.

ഭീകരവിരുദ്ധ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ ജവാന്മാരാണു വീരമൃത്യു വരിച്ചത്. തുടരെ നിറയൊഴിച്ചശേഷം ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നെന്നാണു വിവരം. പരുക്കേറ്റ ഒരാളെ രജൗറിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലേറ്റതാകാം വാഹനം തീപിടിക്കാൻ കാരണമെന്നായിരുന്നു ആദ്യവിലയിരുത്തൽ. പിന്നീട് ഭീകരാക്രമണമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

ജി-20 രാജ്യങ്ങളിലെ ടൂറിസം വർക്കിങ് ഗ്രൂപ്പിന്റെ യോഗം അടുത്തമാസം ശ്രീനഗറിൽ ചേരാനിരിക്കെയാണ് ആക്രമണം. ഇന്ത്യൻ സൈന്യത്തിന് ധീരരായ സൈനികരെ നഷ്ടപ്പെട്ടുവെന്നും ഈ സാഹചര്യത്തിൽ അവരുടെ കുടുംബങ്ങളോടൊപ്പം ചേരുന്നതായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കഴിഞ്ഞയാഴ്ച കേന്ദ്രഭരണ പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ജി-20 രാജ്യങ്ങളുമായി ബന്ധപ്പെട്ട യോഗം കാശ്മീരിൽ നടക്കുന്നത് തടയാനാണ് ഭീകരാക്രമണമെന്ന വിലയിരുത്തലുണ്ട്, അതുകൊണ്ട് കൂടിയാണ് പൂഞ്ചിലെ അക്രമത്തെ ഗൗരവത്തോടെ കാണുന്നത്. ഈ യോഗത്തിന് ശേഷം അതിശക്തമായ തിരിച്ചടി ഇന്ത്യ തീവ്രവാദികൾക്ക് നൽകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കാശ്മീരിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കും തീവ്രവാദികളെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ പാക് ഇടപെടലുണ്ടെന്നാണ് സംശയം.

പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്ത്യയിലേക്ക് വരുമെന്ന സ്ഥിരീകരണം വന്നിരുന്നു. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.