കോഴിക്കോട്: കേരളത്തിലെ സോഷ്യൽമീഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഏറെ ഭീതി പരത്തിക്കൊണ്ട് പ്രചരിക്കുന്ന ഒരു വാർത്തയാണ്, പൊറാട്ട ബീഫ് കോംമ്പോ കാൻസർ ഉണ്ടാക്കുമെന്നത്. പ്രശസ്ത അർബുദ ചികിത്സകനും, എഴുത്തുകാരനുമായ ഡോ വി പി ഗംഗാധരൻ, ന്യൂ ഇന്ത്യൻ എക്സപ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്തരം ഒരു പരാമർശം ഉള്ളത്. കേരളത്തിലെ കാൻസർ ചികിത്സയിലെ അവസാനവാക്കായ, ഇന്നസെന്റ് അടക്കമുള്ള സെലിബ്രിറ്റികളെ ചികിത്സിച്ച് രോഗം മാറ്റിയ ഡോ ഗംഗാധരൻ ഇങ്ങനെ പറഞ്ഞുവെന്നത്, സോഷ്യൽ മീഡിയയിൽ അടക്കം വലിയ വിവാദമായി.

എന്നാൽ, ഡോ ഗംഗാധരന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വികലമാക്കിയതാവാനാണ് സാധ്യതയെന്നാണ്, ജനകീയാരോഗ്യ പ്രവർത്തകർ പ്രതികരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിലെ മുൻ പ്രൊഫസറും, ശാസ്ത്രലേഖകനും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മൂൻ ഭാരവാഹിയുമായ ഡോ കെ പി അരവിന്ദൻ പറയുന്നത്, പൊറോട്ടയുടെ കാര്യത്തിൽ ഡോ ഗംഗാധരനും പിഴവ് പറ്റിയിട്ടുണ്ടെന്നാണ്. 'മൈദ കാൻസറിന് കാരണമാവുമെന്ന ഒരു സാധാരണ പൊതുബോധം ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. സത്യത്തിൽ ഇതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല.' -ഡോ കെ പി അരവിന്ദൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഡോ അരവിന്ദന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

'വളരെ തെറ്റിദ്ധാരണാജനകമായ പോസ്റ്റർ. 50% കാൻസറും പൊറോട്ടയും ബീഫും കഴിച്ച് ഉണ്ടാവുന്നവയാണെന്ന ധാരണയാണ് ഇതിൽ നിന്ന് മിക്കവർക്കും കിട്ടുക. ഈ മണ്ടത്തരത്തിന്റെ പ്രതി ഡോ ഗംഗാധരനല്ല; ഇന്റർവ്യൂ ചെയ്ത പത്രപ്രവർത്തക പോലുമായിരിക്കില്ല, പോസ്റ്റർ ഉണ്ടാക്കിയ പത്ര-ഡെസ്‌കിലെ കോപ്പി റൈറ്ററാവാനാണ് സാധ്യത (പൊതുവെ അഡ്വർട്ടൈസിങ്ങ് അല്ലാതെ മറ്റൊന്നുമറിയാത്ത ഇവർ ചെയ്യുന്ന ഡാമേജ് ചില്ലറയല്ല).

ഇന്റർവ്യൂ വായിച്ചാൽ മനസ്സിലാവുന്നത് തടയാവുന്ന കാൻസറുകളിൽ ഭൂരിഭാഗവും പുകയില കാരണമാണെന്നും മറ്റൂള്ളവയിൽ ഭൂരിഭാഗവും നേരത്തെ കണ്ടു പിടിച്ച് ചികിത്സിക്കാവുന്ന സെർവിക്സ് കാൻസർ പോലുള്ളവയാണെന്നുമാണ്, ഇത് ശരിയുമാണ്. പൊറോട്ടയുടെ കാര്യത്തിൽ ഡോ ഗംഗാധരനും പിഴവ് പറ്റിയിട്ടുണ്ട്. മൈദ കാൻസറിന് കാരണമാവുമെന്ന ഒരു സാധാരണ പൊതുബോധം ആവർത്തിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. സത്യത്തിൽ ഇതിന് വലിയ ശാസ്ത്രീയ പിൻബലമൊന്നുമില്ല.

തവിടു നീക്കാത്ത മുഴുവൻ ധാന്യങ്ങൾക്ക് കാൻസർ നിരക്ക് കുറയ്ക്കാൻ കഴിവുണ്ട് എന്നതിന് തെളിവുണ്ട്. വൻകുടൽ കാൻസറിനാണ് ഇത് കൂടുതൽ പ്രകടം. ആമാശയം, അന്നനാളം, പ്രോസ്റ്റേറ്റ്, സ്താനാർബുദം എന്നിവയിലും താരതമ്യേന ചെറിയ തോതിൽ ഈ സംരക്ഷണം ഉണ്ടെന്നു കണ്ടു. പക്ഷെ ഇതിൽ നിന്ന്, മൈദ പോലെ തവിട് നീക്കം ചെയ്ത ധാന്യങ്ങൾ കഴിച്ചാൽ കൂടുതൽ കാൻസർ വരുമെന്ന് വായിച്ചെടുക്കാൻ കഴിയില്ല. അത്തരം പഠനങ്ങളുടെ മെറ്റാ-അനാലിസിസ് വിശകലങ്ങൾ അങ്ങനെയൊരു നിഗമനത്തിലെത്തുന്നില്ല. രാവിലെ, തവിടു നീക്കാത്ത ധാന്യങ്ങളുടെ സീരിയൽ കഴിച്ച് ഉച്ചയ്ക്ക് പൊറോട്ട കഴിക്കുന്ന ആളിനും കാൻസറിൽ നിന്നുള്ള സംരക്ഷണം ലഭിക്കാൻ സാധ്യതയൂണ്ടെന്നു സാരം. ചില പഠനങ്ങളിൽ തവിടില്ലാത്ത ധാന്യങ്ങളെ കുറ്റക്കാരായി കണ്ടെത്തുന്നുണ്ടെങ്കിൽ തന്നെ അതിന്റെ തോത് വളരെ നേരിയതും സംശയാസ്പദവുമാണ്.

ബീഫ് പോലുള്ള ചുവന്ന മാസം കൂടുതൽ കഴിക്കുന്നതും കുടൽ കാൻസറുമായുള്ള ബന്ധം സ്ഥാപിക്കുന്ന പഠനങ്ങൾ ഉണ്ട്. പക്ഷെ, പാശ്ചാത്യരാജ്യങ്ങളെ അപേക്ഷിച്ച് നമ്മൾ വളരെ കുറച്ചു മാത്രമേ ചുവന്ന മാംസം കഴിക്കുന്നുള്ളൂ. ചുരുക്കത്തിൽ, കേരളത്തെ സംബധിച്ചിടത്തോളം, ഇടയ്ക്ക് പൊറോട്ടയും ബീഫും കഴിക്കുന്നതിനെ പ്രധാന കാൻസർകാരിയായി കാണാനുള്ള തെളിവൊന്നും ഇന്ന് ലഭ്യമല്ല. മറിച്ചുള്ള പ്രചരണങ്ങൾ കൂടുതലും നിർമ്മിത പൊതുബോധത്തിൽ നിന്ന് കടമെടുക്കുന്നവയാണ്.

എന്നു വെച്ച് പൊറോട്ടയും ബീഫും സ്ഥിരഭക്ഷണമാക്കാനുള്ള റെക്കമൻഡേഷൻ ആയി ദയവായി ഇതിനെ കാണല്ലേ! മറിച്ച്, ഒരു നേരമെങ്കിലും തവിടു കളയാത്ത ധാന്യങ്ങൾ ഏതെങ്കിലും വിധത്തിൽ കഴിക്കുന്നത് ഒരു ശീലമാക്കുക നന്നായിരിക്കും.''- ഡോ കെ പി അരവിന്ദൻ ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില ഭൂരിഭാഗം ആരോഗ്യവിദഗ്ധരും പൊറാട്ടയും ബീഫും കാൻസർ ഉണ്ടാക്കില്ല എന്ന നിലപാടിലാണ് എത്തിയത്. എന്നാൽ വിവാദം ഇത്രയും ശക്തമായിട്ടും ഡോ വി പി ഗംഗാധരൻ പ്രതികരിച്ചിട്ടില്ല.