കോഴിക്കോട്: പിഎസ്സി അംഗത്വത്തിനു കോഴ വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ ദുരൂഹതകള്‍ ചര്‍ച്ചകളില്‍. സിപിഎമ്മിലെ ഉന്നതന് വേണ്ടിയാണ് പണം വാങ്ങിയതെന്ന ആരോപണവുമുണ്ട്. വിവാദം പുറത്തുവന്നതിന് പിന്നില്‍ ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയതയാണ്. മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയ 'കോക്കസ്' ഇടപാടുകളാണ് വിഷയം ചര്‍ച്ചയാക്കിയത്. പരാതി കൊടുത്തുവെന്ന ആനുകൂല്യത്തിലാണ് റിയാസ് ഈ വിവാദത്തില്‍ നിന്നും തലയൂരുന്നതെന്ന അഭിപ്രായവും സിപിഎമ്മിലുണ്ട്. ഏതായാലും ഈ വിവാദത്തില്‍ കോക്കസിനെതിരെ സിപിഎം നടപടി എടുക്കില്ല. എല്ലാം പ്രമോദ് കോട്ടൂളിയില്‍ ചാര്‍ത്തി രക്ഷപ്പെടും.

കോഴ വിവാദം പരസ്യമായതോടെ പരാതിക്കാര്‍ക്കു പണം നല്‍കി ഒതുക്കിത്തീര്‍ക്കാന്‍ അടിയന്തരമായി പണം ലഭ്യമാക്കിയതും ഈ സംഘത്തില്‍ പെട്ട ഒരു വ്യവസായിയാണ്. ഇത്തരം ഇടപാടുകളുമായി ബന്ധപ്പെട്ട് ചേരിതിരിഞ്ഞ ഇരു വിഭാഗങ്ങളില്‍ ഒന്നിന്റെ ഭാഗമാണ് ആരോപണ വിധേയനായ ഏരിയ കമ്മിറ്റി അംഗം. ഈ ഗ്രൂപ്പിലെ ഉന്നതന് വേണ്ടിയാണ് ഏര്യാ കമ്മറ്റി അംഗം പണം വാങ്ങിയതെന്ന ആരോപണവും ശക്തമാണ്. പിഎസ്സി കോഴ വിവാദത്തില്‍ ആരോപണവിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഐഎം ടൗണ്‍ ഏരിയാ കമ്മിറ്റി രംഗത്തു വന്നിട്ടുണ്ട്. ഏരിയ കമ്മറ്റിയോഗത്തിലെ ഭൂരിപക്ഷ അഭിപ്രായം യുവ നേതാവ് പ്രമോദ് കോട്ടൂളിക്കെതിരായിരുന്നു. 21 അംഗ ഏരിയ കമ്മറ്റിയില്‍ യോഗത്തില്‍ പങ്കെടുത്ത 18ല്‍ 14 പേരും പ്രമോദിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. അന്വേഷണം നടത്തി തീരുമാനം അറിയിക്കാമെന്ന് ജില്ലാ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ബന്ധം, ജീവിത ശൈലിയില്‍ പെട്ടെന്നുണ്ടായ മാറ്റം, ലോണ്‍ തരപ്പെടുത്താന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണം ഉള്‍പ്പെടെ പ്രമോദിനെതിരായ മുന്‍ പരാതികള്‍ അംഗങ്ങള്‍ യോഗത്തില്‍ ഉയര്‍ത്തി. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നയാളെ പുറത്താക്കണമെന്ന് 14 അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നാലുപേര്‍ പ്രമോദിനെ അനുകൂലിച്ചു. ആകെയുള്ള 21 അംഗങ്ങളില്‍ മൂന്ന് പേര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഇതിനൊപ്പമാണ് കോഴിക്കോട്ടെ സിപിഎം കോക്കസും ചര്‍ച്ചകളില്‍ എത്തുന്നത്. ചില മുതിര്‍ന്ന നേതാക്കളും വ്യാപാരികളും ഇടനിലക്കാരും ചേര്‍ന്ന് നഗരം കേന്ദ്രീകരിച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ നാളായി കോഴിക്കോട്ടു ശക്തമാണെന്ന് സിപിഎം നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.

കോര്‍പറേഷനിലെ ഒട്ടേറെ കരാറുകള്‍ അടക്കം ഇവരുടെ നേതൃത്വത്തില്‍ കയ്യടക്കുകയും പിന്നീടു വിവാദമാവുകയും ചെയ്തിരുന്നു. സംയുക്ത ബിസിനസ് സംരംഭങ്ങളുമുണ്ട്. തന്റെ പേര് ബന്ധപ്പെടുത്തി ആരോപണം ഉയരുന്നുണ്ടെന്നും ജില്ലാ നേതൃത്വം കാര്യമായി ഇടപെടുന്നില്ലെന്നും തിരിച്ചറിഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാന നേതൃത്വത്തിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഓഫിസുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കോക്കസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. പണം നല്‍കിയവരുടെ പരാതി ഏരിയ കമ്മിറ്റി വഴി ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഏര്യാ കമ്മറ്റി യോഗവും.

യോഗത്തില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ പരാതി കിട്ടിയിട്ടും ഇടപെടല്‍ നടത്താത്ത ജില്ലാ കമ്മറ്റിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വിഷയം വാര്‍ത്തയായതോടെ ആരോപണത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയറ്റിന് നിര്‍ദേശം നല്‍കി കഴിഞ്ഞു. ഏരിയ കമ്മറ്റിയില്‍ ഭൂരിപക്ഷ അഭിപ്രായം കൂടി പ്രമോദിനെതിരായതോടെ വൈകാതെ നടപടി വരും. വിവാദത്തില്‍ നടപടിയെടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വത്തിന് പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു. പരാതി കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ചയുണ്ടായി. മറ്റ് ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും സിപിഐഎം സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ അറിയിച്ചു.

പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതി. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം ശരിയാക്കാമെന്നായിരുന്നു കോട്ടുളിയുടെ വാഗ്ദാനം. 60 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും ആദ്യ ഘഡുവായി 22 ലക്ഷം രൂപ ല്‍കിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു. സിപിഎം പിഎസ് സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.