കോഴിക്കോട്: ഇസ്ലാമിക സാഹിത്യം നൽകുന്ന അനുഭവം വിശാലമെന്ന് പ്രമോദ് രാമന്റെ വാ്ക്കുകൾ ചർച്ചകളിൽ. കഥാകൃത്തും, ഇപ്പോൾ മീഡിയ വൺ ടീവി ചാനലിന്റെ എഡിറ്ററുമായ മുതിർന്ന മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ, ജമാഅത്തെ ഇസ്ലാമിയുടെ പബ്ലിഷ്ങ്ങ് ഹൗസായ ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ ( ഐ പി എച്ച്) നാലു നാൾ നീളുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയും, ഇസ്ലാമിക സാഹിത്യത്തെക്കുറിച്ച് പുകഴ്‌ത്തുകയുമായിരുന്നു. ഇതിൽ ചില ചോദ്യങ്ങൾ ഉയർത്തുകയാണ് ഹൈന്ദവ മുഖമുള്ള സോഷ്യൽ മീഡിയാ പ്രവർത്തകർ.

'ഇസ്ലാമിക സാഹിത്യം വിശാല അനുഭവം'

ഇസ്ലാമിക സാഹിത്യം നൽകുന്ന അനുഭവം വിശാലമാണെന്നും അതിന് പരിധികളില്ലെന്നുമാണ് പ്രമോദ് രാമൻ പറയുന്നത്. ഇസ്ലാമിക സാഹിത്യം മലയാള ഭാഷക്ക് പരിചയപ്പെടുത്തുന്നതിൽ ഐപിഎച്ചിന്റെ പങ്ക് ചരിത്രപരമാണെന്നും കോഴിക്കോട് കോർപറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പുസ്തകോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ''ഇസ്ലാമിക സാഹിത്യമെന്നത് മതപരം എന്നതിലുപരി മനുഷ്യസ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളാണ്. വർഗീയതയോട് ഇസ്ലാമിനെ ചേർത്തുവെക്കുന്ന പ്രവണത ഒരുകാലത്ത് സജീവമായിരുന്നു. അത് തിരുത്താൻ ഇസ്ലാമിക സാഹിത്യങ്ങളുടെ വിവർത്തനങ്ങൾ സഹായകമായി''-പ്രമോദ് രാമൻ ഇങ്ങനെ അഭിപ്രായപ്പെട്ടതായി മാധ്യമം പത്രത്തിൽ വാർത്ത വന്നിട്ടുണ്ട്.

ഈ കട്ടിങ്ങ് വച്ചാണ് സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ വിമർശനം ഉയർത്തുന്നത്. ഒന്നാമത് സാഹിത്യത്തെ അക്കാദമിക്ക് പർപ്പസിന് അല്ലാതെ, ഇസ്ലാമികം, ഹൈന്ദവം, ക്രൈസ്തവം എന്നൊക്കെ തിരിക്കുന്നതുതന്നെ അങ്ങേയറ്റം അശാസ്ത്രീയമാണ്. സമുഹത്തിലേക്ക് വിഭജനം കുത്തിവെക്കുന്നതിന് സമാനമാണ്. ഇനി ഇതുപോലെ ഹൈന്ദവ സാഹിത്യത്തെക്കുറിച്ചുള്ള ഒരു സെമിനാറിൽ കേരളത്തിലെ ഒരു പ്രമുഖനായ മാധ്യമ പ്രവർത്തകർ ആരെങ്കിലും പങ്കെടുത്താൽ അവരെ സംഘിയാക്കി ചർച്ചനടത്തുമെന്നും വിമർശനം സോഷ്യൽ മീഡിയയിൽ ഉയരുന്നു.

ബിൻലാദന്റെ ഗുരുവിന്റെവരെ പുസ്തകം

ഇസ്ലാമിക തീവ്രവാദം വളർത്തുന്ന നിരവധി പുസ്തങ്ങൾ പ്രസിദ്ധീകരിച്ചതായുള്ള ആരോപണം ഐപിഎച്ചിന്റെ പേരിലുണ്ട്. ആഗോള ഇസ്ലാമിക തീവ്രവാദത്തിനു വിത്തു വിതച്ച മുസ്ലിം ബ്രദർ ഹുഡ് നോതാക്കളായ ഹസനുൽ ബന്ന, സയ്യിദ് ഖുതുബ്, മുഹമ്മദ് ഖുതുബ് തുടങ്ങിയവരുടെ പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം ഐ.പി.എച്ചാണ് പ്രസിദ്ധീകരിച്ചത്. മുഹമ്മദ് ഖുതുബ് ബിൻലാദിന്റെ ഗുരുവാണെന്ന് ഹമീദ് ചേന്ദമംഗല്ലൂർ അടക്കമുള്ളവർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രമോദ് രാമൻ പങ്കെടുത്ത ചടങ്ങിൽവെച്ചുതന്നെ, പ്രഫ. കെ.പി. കമാലുദ്ദീൻ വിവർത്തനം ചെയ്ത ഇമാം ഗസ്സാലിയുടെ ഇഹ് യാ ഉലൂമിദ്ദീൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ അലിയാർ ഖാസിമിക്ക് നൽകി പ്രകാശനം ചെയ്തു. കുഞ്ഞിമുഹമ്മദ് പറപ്പൂർ, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, പ്രഫ. കെ.പി. കമാലുദ്ദീൻ എന്നിവർ സംസാരിച്ചു. 'സാഹിത്യവും സംസ്‌കാരവും' എന്ന വിഷയത്തിൽ കല്പറ്റ നാരായണൻ പ്രഭാഷണം നടത്തി. ഐ.പി.എച്ച് ഡയറക്ടർ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ കെ.ടി. ഹുസൈൻ സ്വാഗതം പറഞ്ഞു.