കോഴിക്കോട്: കേരളത്തെ ഏറെ വിഷമിപ്പിച്ച വാർത്തയായായിരുന്നു പ്രണവ് എന്ന അരക്കുതാഴെ തളർന്ന യുവാവ്, എല്ലാം ഉപേക്ഷിച്ച് തന്നെ സ്നേഹിക്കാനായി ജീവിതത്തിലേക്ക് കടന്നുവന്ന ഷഹാനയെ തനിച്ചാക്കി യാത്രയായ വാർത്ത. പ്രണവ- ഷഹാന പ്രണയത്തെക്കുറിച്ച് മാംസനിബന്ധമല്ല അനുരാഗം എന്നതിന് ഉദാഹരണമായി, മനുഷ്യസ്നേഹികൾ ഏറെ എഴൂതിയതാണ്. എന്നാൽ ഇവരുടെ വിവാഹത്തിന്റെ വാർത്തപുറത്തുവന്ന അന്നുതന്നെ ഒരു വിഭാഗം തീവ്ര ഇസ്ലാമിസ്്റ്റുകൾ അവർക്കെതിരെ വിഷം ചീറ്റിയിരുന്നു. എന്നാൽ ഇപ്പോൾ പ്രണവിന്റെ മരണത്തിലും അവർ അതേ ഹേറ്റ് കാമ്പയിൽ തുടരുകയാണ്.

പ്രണവിന്റെ മരണവാർത്ത പുറത്തവിട്ട പല മാധ്യമങ്ങളുടെയും, ഫേസ്‌ബുക്ക് പേജിൽ ചിരിക്കുന്ന ഇമോജിയിട്ടവർ ഒരുപാടുണ്ട്. 'ഇത്രയും സുന്ദരന്മ്മാരായ മുസ്ലിം ചെറുപ്പക്കാർ നാട്ടിൽ ഉണ്ടായിട്ടും, വീട്ടുകാരെ ഉപേക്ഷിച്ച് അരക്കുതാഴെ തളർന്ന സങ്കിയെ കെട്ടാൻ പോയതല്ലേ, അനുഭവിച്ചോ' എന്നാണ് ഒരു ഇസ്ലാമിക്ക് പ്രൊഫൈലിൽ നിന്നുള്ള കമന്റ്. 'ഇനി ഹോം നഴസിന്റെ പണി കഴിഞ്ഞു' എന്നാണ് വേറൊരുത്തൻ പറയുന്നത്. അവൾ കൊന്നതായിരിക്കുമെന്നും, ബാപ്പയുടെയും ഉമ്മയുടെയും ശാപം ഉണ്ടാവും എന്നും ചിലർ പരിഹസിക്കുന്നു.

ഏറ്റവും രസം ഒരാളുടെ മരണത്തിന് താളെയും 'ഹഹഹ' ഇമേജികൾ ഇട്ട് ആഹ്ളാദിക്കുന്നവരിൽ ഏറെയും ഫാസിസ്റ്റ് വിരുദ്ധപേരാളികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ആണ്. സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഷാനു ഹസീന ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ''ഒരു പാവം പയ്യൻ മരിച്ച വാർത്തക്ക് അടിയിൽ ഹഹഹ അടിച്ച കുറെ ആളുകൾ.. കാരണം ആ പയ്യനെ ഒരു മുസ്ലിം പെൺകുട്ടി വിവാഹം കഴിച്ചു എന്നത് മാത്രമാണ്. അല്ലാതെ ഒരു രാഷ്ട്രീയത്തിലോ സംഘടനയിലൊ ഇടപെടാത്ത , തങ്ങളുടെ ലോകത്ത് ജീവിച്ച ആളുകൾ.. ചിരിച്ച ആളുകളുടെ പ്രൊഫൈൽ പോയി നോക്കി. എല്ലാവരും ഫാസിസ്റ്റ് പോരാളികൾ.. കൊങ്ങി , കമ്മി , സുഡാപ്പി , ഒക്കെ ഉണ്ട്. അതിൽ പ്രൊഫൈൽ ലോക്ക് ചെയ്യാത്ത കുറച്ചു ആളുകളുടെ മാത്രം സ്‌ക്രീൻ ഷോട്ട് ആണ് സാമ്പിൾ ആയി കൊടുത്തത്. എസ് എസ് എടുക്കാൻ പറ്റാത്ത ഒരാളുടെ ബയോ ആണ് എന്നെ ഹഠാതാകർശിച്ചത്. 'ആവേശം കൊണ്ട് കമ്മൂണിസ്റ്റ് ആയതല്ല. ആശയം കൊണ്ട് കമ്മൂണിസ്റ്റ് ആയവനാണ് ഞാൻ' എന്നായിരുന്ു അത്. '' - ഇങ്ങനെ എഴുതിക്കൊണ്ട് പ്രണവിന്റെ മരണത്തെ പരിഹസിച്ച ഇസ്ലാമോ ലെഫ്റ്റുകളുടെ പ്രൊഫൈലും ഷാനു ഹസീന പോസ്റ്റ് ചെയ്യുന്നുണ്ട്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റും സ്വതന്ത്ര ചിന്തകയുമായ ജസ്ല മാടശ്ശേരിയും ഇങ്ങനെ കുറിക്കുന്നു. ''സമാധാനം ഒഴുക്കാൻ വേണ്ടി മാത്രം ഒരു മതമുണ്ടായിരുന്നല്ലോ മക്കളെ. ഏതാ അത്.. ധാർമികതയുടെ മൊത്തക്കച്ചവടക്കാർ ...ഈ വാർത്തക്ക് മുന്നിൽ പോലും ആഘോഷത്തോടെ മനുഷ്യർ ചിരിക്കണമെങ്കിലൊരു കാരണം ...ഒന്ന് മാത്രമേ ഉള്ളു ..മതം ''- ജസ്ല ചൂണ്ടിക്കാട്ടുന്നു. ജാമിദ ടീച്ചറെപ്പോലുള്ള സ്വതന്ത്രചിന്തകരും ഈ വിഷയത്തിൽ പ്രതികരിക്കുന്നുണ്ട്. ''ഹോംനഴ്സ് ജോലി തീർന്നോ? മാതാപിതാക്കളുടെ വേദനക്ക് പടച്ചോൻ തന്ന പരീക്ഷണം, ഇതുകൊണ്ട് തീർന്നില്ല. പരലോകത്ത് കത്തിയെരിയുന്ന നരകം വേറെയുണ്ട് '' എന്നൊക്കെ കമന്റ് ഇടുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്നും ജാമിദ ടീച്ചർ ചോദിക്കുന്നു.

തൃശ്ശൂർ കണ്ണിക്കര സ്വദേശി പ്രണവ് (31) വെള്ളിയാഴ്ച രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് അവശനാവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനാണ് പ്രണവ് തിരുവനന്തപുരം സ്വദേശിയായ ഷഹാനയെ ജീവിത സഖിയാക്കുന്നത്. സമൂഹമാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഷഹാന പ്രണവിന്റെ ജീവിതത്തിലെത്തിയത്.

വർഷങ്ങൾക്ക് മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ശരീരം മുഴുവൻ തളർന്ന പ്രണവ് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെ പേർക്ക് പ്രചോദനമായിരുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളിൽ സജീവമായിരുന്നു.എട്ട് വർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തെ കീഴ്‌മേൽ മറിച്ച അപകടം സംഭവിക്കുന്നത്. കുതിരത്തടം പൂന്തോപ്പിൽ വച്ച് നിയന്ത്രണം വിട്ട് ബൈക്ക് ഒരു മതിലിൽ ഇടിച്ച് പരിക്കേൽക്കുകയുമായിരുന്നു.

നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് പ്രണവിന്റെ ശരീരം പൂർണമായും തളർന്നത്. മണപ്പറമ്പിൽ സുരേഷ് ബാബുവിന്റെയും സുനിതയുടെയും മകനാണ്.