ഇന്ന് കേരളത്തിലടക്കം ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മത സമാനമായ ഒരു കൾട്ട് ആണ് വീഗനിസം. വെറും വെജിറ്റേറിയന്മാർ അല്ല വീഗന്മാർ. മത്സ്യ, മാംസാദികളും പാലും പാലുത്പന്നങ്ങളും പൂർണമായും ഒഴിവാക്കി സസ്യാഹാരം മാത്രം പിന്തുടരുന്നതാണ് വീഗൻ ഡയറ്റ്. ആഹാരത്തിൽ മാത്രമല്ല, മൃഗങ്ങളുടെ തോലും മറ്റുമുപയോഗിച്ചുള്ള വസ്തുക്കളും വീഗൻ ഡയറ്റ് പിന്തുടരുന്നവർ ഒഴിവാക്കുന്നു. ഇന്ത്യയിലും സെലിബ്രിറ്റികൾ അടക്കമുള്ള ഒരു വലിയ നിരയുടെ പിന്തുണയും ഇവർക്കുണ്ട്. ദീപിക പദുക്കോൺ, രൺവീർ കപൂർ, ആലിയ ഭട്ട്, ജെനീലിയ ഡിസൂസ തുടങ്ങിയ ബോളിവുഡ് സെലബ്രിറ്റികൾ ഉൾപ്പടെ നിരവധി പേർ തങ്ങൾ വീഗൻ ഡയറ്റ് പിന്തുടരുന്നുവെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. വീഗനിസം എന്നത് വെറും ആഹാരക്രമം മാത്രമല്ല. മറിച്ച്, അത് ഒരു ജീവിതശൈലിയാണെന്നാണ് ഇതിന്റെ ആരാധകർ പറയുന്നത്.

പക്ഷേ ഇങ്ങനെ വീഗൻ ഡയറ്റ് അന്ധമായി പിന്തുടരുന്നത് അശാസ്ത്രീയമാണെന്നും, പോഷകാഹാരക്കുറവ് അടക്കമുള്ള ഗുരതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും ശാസ്ത്രലോകം പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷേ അവർ ആത് ചെവിക്കൊണ്ടിട്ടില്ല. ഇപ്പോൾ വീഗൻ ഇൻഫ്ളുവൻസർ എന്ന നിലയിൽ ലോക പ്രശസ്തയായ റഷ്യാക്കാരി ഷന്ന സാസോനോവ (39) പോഷകാഹാരക്കുറവ് മൂലം മരിച്ചുവെന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നിരിക്കയാണ്.

വീഗനിസത്തിന്റെ ഇര

റഷ്യൻ സ്വദേശിനിയായ ഷന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. 'റോ വീഗൻ' ഭക്ഷണരീതിയാണ് ഷന്ന കഴിഞ്ഞ കുറെ വർഷങ്ങളായി ശീലിച്ചിരുന്നത്. ആഹാരത്തിൽ കായ്കനികളും പച്ചക്കറികളും മാത്രം ഉൾപ്പെടുന്ന ഒരു ഭക്ഷണരീതിയാണിത്.ശ്രീലങ്കയിൽ വെച്ച് മാസങ്ങൾക്ക് മുൻപ് കാണുമ്പോൾ ആരോഗ്യം വഷളായി ക്ഷീണിതയായ അവസ്ഥയിലായിരുന്നു ഷന്നയെന്ന് സുഹൃത്ത് പറയുന്നു. ആ സമയം അവരുടെ കാലുകൾ നീരുവെച്ച് വീർത്തിരുന്നതായി അവർ വ്യക്തമാക്കി. എന്നാൽ ചികിത്സ തേടാൻ സുഹൃത്തുക്കൾ ഉപദേശിച്ചിട്ടും അത് കേൾക്കാൾ തയ്യാറായില്ല. അവരെ അവഗണിച്ചുകൊണ്ട് വീഗൻ ഭക്ഷണരീതി തുടരുകയും ചെയ്തു.

ആരോഗ്യനില വഷളായ ഷന്ന യാത്രയ്‌ക്കൊടുവിൽ വൈദ്യസഹായം തേടുകയായിരുന്നു. എന്നാൽ അപ്പോഴേക്കും അവർ അതീവ ഗുരുതരാവസ്ഥയിലെത്തിയിരുന്നു. കോളറ പോലുള്ള അണുബാധയാണ് ഷന്നയുടെ ജീവനെടുത്തതെന്ന് മാതാവ് പറഞ്ഞു. എന്നാൽ മരണത്തിന്റെ ഔദ്യോഗിക കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പഴങ്ങൾ, സൂര്യകാന്തി വിത്ത് മുളകൾ, ഫ്രൂട്ട് സ്മൂത്തികൾ, ജ്യൂസുകൾ തുടങ്ങിയവയായിരുന്നു ഷന്നയുടെ ഡയറ്റിൽ പ്രധാനമായുണ്ടായിരുന്നത്. കൂടാതെ കഴിഞ്ഞ ഏഴു വർഷമായി പ്രധാന ഭക്ഷണമായി ചക്കയും കഴിച്ചിരുന്നു. ജങ്ക് ഭക്ഷണക്രമത്തെ പൂർണമായും എതിർത്തിരുന്ന വ്യക്തിയാണവർ. അത്തരം ഭക്ഷണക്രമം മൂലം പ്രായം കൂടുതൽ തോന്നിക്കുന്ന തന്റെ സമപ്രായക്കാരിൽ നിന്നും വ്യത്യസ്തയാകാൻ ഷന്ന വീഗൻ ഭക്ഷണക്രമം പിൻതുടർന്നു.

യുവത്വവും ചർമ്മത്തിന്റെ തിളക്കവും നിലനിർത്തുന്നതിനുള്ള താക്കോലാണ് തന്റെ ഭക്ഷണക്രമമെന്ന് ഷന്ന വിശ്വസിച്ചിരുന്നു. വീഗൻ ഭക്ഷണക്രമം തുടങ്ങിയതിനുശേഷമുള്ള തന്നെയാണ് കൂടുതൽ സ്‌നേഹിക്കുന്നതെന്നും മനസും ശരീരവും പുതിയൊരു അവസ്ഥയിലേയ്ക്ക് രൂപാന്തരപ്പെട്ടുവെന്നും അവർ തന്റെ പോസ്റ്റിലൂടെ ആളുകളോട് പറഞ്ഞു. തന്റെ പഴയ ഭക്ഷണരീതിയിലേയ്ക്ക് മടങ്ങിപ്പോകാൻ ആഗ്രഹമില്ലെന്നും അവർ പറഞ്ഞിരുന്നു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ വീഗൻ ഭക്ഷണരീതി അവർ പ്രചരിപ്പിക്കുകയും ചെയ്തു.

ദോഷകരമെന്ന് നേരത്തെയും പഠനം

ഒരുകാലത്ത് ഭക്ഷണം ഇല്ലാത്തതായിരുന്നു ലോകത്തിന്റെ പ്രശ്നമെങ്കിൽ ഇന്ന് അത് അമിത വണ്ണമായി മാറിക്കഴിഞ്ഞിരിക്കന്നു. തടി കുറയ്ക്കാനായി കീറ്റോ ഡയറ്റ് , വീഗൻ ഡയറ്റ് അങ്ങനെ പല ഡയറ്റും പരീക്ഷിക്കുന്നവരുണ്ട്. പക്ഷേ ഇവയൊന്നും ശാസ്ത്രീയമല്ല. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സമ്പുർണ്ണ സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ ഡയറ്റ്. എന്നാൽ ഇത് അപകടകരമാണെന്നാണ് യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഗവേഷകർ പറയുന്നത്. വീഗൻ ഡയറ്റ് തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിൻ. ശരീരത്തിൽ സ്വാഭാവികമായി ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവിൽ മാത്രമായിരിക്കും ചിലരിലുണ്ടാവുക. ഇവർ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്യുകയാണ് വേണ്ടത്. ഇല്ലെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.

മൽസ്യം, മാംസം, പാലുൽപന്നങ്ങൾ എന്നിവയിലാണ് കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് . ശരീരത്തിനു വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. അതിനാൽ ഇവ ഉപേക്ഷിച്ചാൽ ശരീരത്തിന് വേണ്ട കോളിൻ എന്ന ഘടകം ലഭിക്കാതെ വരുകയും തുടർന്ന് ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി, തലച്ചോറിന്റെ മറ്റ് വളർച്ച എന്നിവയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും പഠനം പറയുന്നുണ്ട്.

ഇനി വീഗൻ ഡയറ്റ് ഫോളോ ചെയ്താലും പെട്ടന്ന് ഒരു ദിവസം റോ വീഗൻ ആവാതെ ആനുപാതികമായി മാംസാഹാരവും പാലുത്പന്നങ്ങളും കുറച്ചുകൊണ്ടുവരികയാണ് വേണ്ടത് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. സസ്യാഹാരത്തിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഏറെക്കുറെ ലഭിക്കുമെങ്കിലും, വിറ്റാമിൻ ബി12, അയൺ എന്നിവയെല്ലാം കൂടുതലായി ലഭിക്കുന്നത് മാംസാഹാരത്തിലൂടെയാണ്. നാഡികളുടെയും രക്തകോശങ്ങളുടെയും ആരോഗ്യത്തിന് വിറ്റാമിൻ ബി12 അത്യാന്താപേക്ഷിതമാണ്. അതിനാൽ ഇവയുടെ കുറവ് പരിഹരിക്കുന്നതിന് വീഗന്മാർ, ന്യൂട്രീഷനിസ്റ്റിന്റെ നിർദ്ദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കണമെന്ന് ഗവേഷകർ പറയുന്നുണ്ട്. പെട്ടെന്നുള്ള ആഹാരക്രമത്തിലെ മാറ്റം ശരീരത്തിലും വളരെ വേഗം പ്രകടമാകും. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ആളാണെങ്കിൽ വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം കൃത്യമായി തേടേണ്ടതാണ്. പക്ഷേ ഈ രീതിയിലുള്ള ഒരു മൂൻകരുതലും എടുക്കാതെ പെട്ടന്ന് വീഗൻ ആവുന്നത് അപകടം ക്ഷണിച്ചുവരുത്തും.

സസ്യാഹാരവും, മാംസവും ചേർന്ന സമീകൃത ആഹാരമാണ് മനുഷ്യന് ഉത്തമം  എന്ന്നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതോടൊപ്പം നന്നായി വ്യായാമം ചെയ്യലുമാണ് തടി കുറക്കുന്നതിനുള്ള പോംവഴി. അന്ധമായ വീഗൻ വാദം അപകടം ചെയ്യുമെന്ന് തന്നെയാണ് ചുരുക്കം.