കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ചുകൊണ്ട് കോഴിക്കോട് തളി മഹാദേവ ക്ഷേത്ര പരിസരത്തിന്റെ പേര് മാറ്റുന്നതായി പരാതി. രേവതി പട്ടത്താനത്തിന്റെ രംഗവേദിയായ ചരിത്രമുറങ്ങുന്ന ഈ മണ്ണിന്റെ സംസ്‌ക്കാരത്തിന് ഉതകാത്ത പേരുകൾ കോർപ്പറേഷൻ അടിച്ചേൽപ്പിക്കയാണെന്നാണ്, നാട്ടുകാരിൽ ഒരു വിഭാഗവും, തളി പൈതൃക സംരക്ഷണ സമിതിയും പറയുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ പണിയുന്ന തളി പാർക്കിന് സ്വതന്ത്ര്യസമരത്തിൽ രക്തസാക്ഷിയായ നവീൻ ചന്ദ്ര ഈശ്വര ലാൽ ഷ്‌റോഫിന്റെ പേര് ഇടണമെന്നായിരുന്നു, തളി പൈതൃക സംരക്ഷണ സമിതിയുടെ ആവശ്യം. എന്നാൽ മാൻഹോളിൽ മരിച്ച നൗഷാദിന്റെ പേരാണ് പാർക്കിന് നൽകിയത്. നൗഷാദിനോട് തങ്ങൾക്ക് എല്ലാ ബഹുമാനവും ഉണ്ടെന്നും, പക്ഷേ 1942ൽ മരിച്ച രക്തസാക്ഷിയായ നവീൻ ചന്ദ്ര ഈശ്വര ലാൽ ഷ്‌റോഫിന്റെ പേര് നിലനിർത്താനുള്ള ഉചിതമായ സ്മാരകം ആയിരുന്നു ഇതെന്നാണ്, നാട്ടുകാർ പറയുന്നത്.

തളി ശിവക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന കണ്ടംകുളം ജൂബിലി ഹാളിന് മുൻ കൗൺസിലറായ കൃഷ്ണയ്യരുടെ പേര് നൽകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ മുഹമ്മദ് അബ്ദുറഹ്‌മാൻ സാഹിബ് മെമോറിയൽ ഹാൾ എന്നാണ് കോർപ്പറേഷൻ പേര് നൽകിയത്. ഇതിനെല്ലാം പുറമേ ഇപ്പോൾ തളിക്ഷേത്ര പരിസത്തിന്റെ പേര് മർക്കസ്സുദ്ദവ എന്നാണ് ഗൂഗിൾ മാപ്പിൽ തിരയുമ്പോൾ ലഭിക്കുന്നത്. ഇത് എങ്ങനെയാണെന്നും മനസ്സിലാവുന്നില്ല. ഇതും കൂടിയായതൊടെ കോർപ്പറേഷൻ ഇവിടം ഇസ്ലാമികവത്ക്കരിക്കയാണെന്ന് ശക്തമായ ആക്ഷേപം സംഘപരിവാർ അണികൾ ഉയർത്തുന്നുണ്ട്.

എന്നാൽ ജൂബിലി ഹാളിന്റെ പേര് നേരത്തെ മാറ്റിയതാണെന്നും, ഗൂഗിൾ മാപ്പിലൊന്നും തങ്ങൾക്ക് ഇടപെടാൻ കഴിയല്ല എന്നുമാണ് മേയർ ബീനാഫിലിപ്പ് അടക്കമുള്ള, കോർപ്പറേഷൻ അധികൃതരുടെ പ്രതികരണം. മനുഷ്യത്വത്തിന്റെ പ്രതീകമായ നൗഷാദിന് കോഴിക്കോട് ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് തളിയിൽ ഉയർന്ന പുതിയ പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്നും കോർപ്പറേഷൻ അധികൃതർ വിശദീകരിക്കുന്നു.

പ്രതിഷേധിച്ച് തളി പൈതൃക സമിതി

എന്നാൽ ഓരോ പ്രദേശത്തിനും പേരിടുക, ആ നാടിന്റെ പൈതൃകം നോക്കിയാണെന്നാണ് തളി പൈതൃക സമിതി പറയുന്നു. ഇത് സംബന്ധിച്ച് തളി പൈതൃക സമിതിയുടെ പേരിൽ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു കുറിപ്പ് ഇങ്ങനെയാണ്. 'തളിയുടെ പൈതൃകത്തെ ആരാണ് ഭയക്കുന്നത്. കോഴിക്കോട് തളി ചരിത്രത്തിൽ ഇടം പിടിച്ച മണ്ണാണ്. രേവതി പട്ടത്താനത്തിന്റെ രംഗവേദി. പതിനെട്ടരക്കവികൾ, മീമാംസയുടെ കര കണ്ട പണ്ഡിതർ, പുരാതന ഏഥൻസിന്റെയും ആധുനിക ഇംഗ്ലണ്ടിന്റെയും സമാനതകളിലേക്ക് ചരിത്രകാരന്മാർ വിരൽ ചൂണ്ടിയ മണ്ണ്,കൃഷ്ണനാട്ടത്തിന് തിരശീലയുയർന്ന കലാമണ്ഡപം, ഇബിൻബത്തൂത്തയുടെ കാൽപതിഞ്ഞ കാലത്തിന് മുമ്പേ സർവ്വം തികഞ്ഞ തുറമുഖമായി വികസിച്ച തീരപ്രദേശത്തിന്റെ ചരിത്രമുറങ്ങുന്ന മണ്ണ്, കടലും കടന്ന് ഖ്യാതി പരന്ന ഈ മണ്ണ് പിന്നീട് ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ രംഗ വേദിയായി മാറി.അതിൽ അത്ഭുതപ്പെടാനില്ല.

തീണ്ടപ്പലക സ്ഥാപിച്ച് അയിത്തമുറപ്പിക്കാൻ ശ്രമിച്ചവരെ ബലാൽ തിരുത്തിയ മുന്നേറ്റത്തിന് വർണ്ണ ഭേദമില്ലാതെ അണിനിരന്ന ജനനായകരുടെ മണ്ണ്.ഈ സമര നായകർ സൃഷ്ടിച്ചത് നവോത്ഥാനത്തിന്റെ കേരള മാതൃകയുടെ ശ്രീകോവിൽ.ഉറവ വറ്റാതെ ഈ പാരമ്പര്യം കാത്തു പോരുന്ന ചരിത്രമാണീ മണ്ണിനുള്ളത്. കോലായ ചർച്ചയിൽ ഇരുന്ന് പകലിരളും വരെയും രസം പറഞ്ഞ എഴുത്തുകാരുടെ കൂട്ടം നടന്ന വഴികളാണിത്.

ഈ ധന്യമായ ചരിത്രത്തെ ബോധപൂർവ്വം മൂടിവെക്കാനാണ് ശ്രമം നടക്കുന്നത്. പുതുതായി പണിയുന്ന തളി പാർക്കിന് പേരിടുമ്പോൾ തളിയുടെ ചരിത്രത്തെ മൂടിവെക്കുന്നതാർക്ക് വേണ്ടിയാണ്.ആരെയോ പ്രീണിപ്പിക്കാൻ തളിയുടെ ചരിത്രത്തിന് മുകളിൽ കരിമ്പടം ചാർത്തുന്നതെന്തിനാണ്.

സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ പണിയുന്ന തളി പാർക്കിനെങ്കിലും നവീൻ ചന്ദ്ര ഈശ്വര ലാൽ ഷ്‌റോഫിന്റെ പേര് പതിയാത്തതെന്ത്? 1942 ലെ ഓഗസ്റ്റ് വിപ്ലവ കാലത്ത് തളിയിലെ സാമൂതിരി കോളജിൽ ഉയർന്ന സമരഭേരി നവീൻ ചന്ദ്രയുടേതായിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്താൽ ആവേശഭരിതനായി സ്വാതന്ത്ര്യ സമരത്തിൽ വിദ്യാർത്ഥികളെ നയിച്ച നേതാവ്. മർദ്ദനത്തിനും അറസ്റ്റിനും വഴങ്ങാത്ത യുവ പോരാളിക്ക് വിധിച്ചത് പിഴയും മൂന്ന് മാസംതടവും. പിഴത്തുകയായ75 രൂപ അടച്ചാൽ തടവ് ഒരു മാസം ഇളവുണ്ടാകും. സ്നേഹമയിയായ അമ്മ പിഴയടക്കാനൊരുങ്ങിയപ്പോൾ നവീൻ അത് തടഞ്ഞു. മൂന്നു മാസം ആലിപുരം ജയിലിലെ തടവിലേക്ക് ആ യുവാവിനെ യാത്ര അയക്കാനെത്തിയത് നൂറു കണക്കിന് യുവാക്കളും വിദ്യാർത്ഥികളുമായിരുന്നു. അത് പക്ഷെ അവസാന യാത്രയായിരുന്നു.

കഠിന തടവിൽ കിടന്ന് രോഗബാധിതനായി ആ യുവാവ് മരണത്തിലേക്ക്. 43 ജനുവരി 2നായിരുന്നു ശിക്ഷാ കാലാവധി പൂർത്തിയാകേണ്ടത്. എന്നാൽ കൃത്യം തലേ ദിവസം നവീൻ മരണം പുൽകി. അതോ കൊന്നതോ. മകനെ കാണാൻ ചെന്ന അമ്മയ്ക്ക് മകന്റെ മൃതദേഹം കൂടി കാണാൻ കഴിഞ്ഞില്ല.

എന്തുകൊണ്ടാണ് തളിയിലെ പുതിയ പാർക്കിന് നവീൻ ചന്ദ്രന്റെ പേരിടാൻ കോർപ്പറേഷൻ തയാറാവാത്തത്.തളിയുടെ പൈതൃകത്തെ ഭയക്കുന്നത് ആരാണ്. ഡോ. ബീനാ ഫിലിപ്പ്, താങ്കൾ നഗരത്തിന്റെ മേയറാണ്, ടീച്ചറാണ്, ഒരമ്മ കൂടിയാണ്. നവീൻ ചന്ദ്രയുടെ അമ്മയാകാൻ ഭാഗ്യം സിദ്ധിച്ചില്ലെങ്കിലും ആ അമ്മയുടെയും മകന്റെയും ധന്യ ജീവിതത്തെ ചേർത്തു പിടിക്കാനുള്ള മനസ്സെങ്കിലുമുണ്ടാവണം. അഞ്ചു കൊല്ലത്തെ രാഷ്ട്രീയതടവ് ശിക്ഷ അനുഭവിക്കാനല്ല നഗരത്തിന്റെ മേയർ ആകാനാണ് അങ്ങ് പരിശ്രമിക്കേണ്ടത്.

മാൻഹോളിൽ ആണ്ടു പോയ ഇതര നാട്ടുകാരന് കൈ കൊടുത്ത് രക്ഷിക്കാൻ തുനിയുമ്പോൾ തന്റെ ജീവൻ വെടിയുമെന്നുറപ്പായിട്ടും നൗഷാദ് മടി കാണിച്ചില്ല; മരണമാണ് മുന്നിലെന്നുറപ്പായിട്ടും പിൻതിരിയാതിരുന്നത് ഈ മണ്ണിന്റെചൂടും ചൂരും കൊണ്ടാണ്. നൗഷാദിനെ സ്മരിക്കണം. എന്നാലത് തളിയുടെ ദീർഘകാല ചരിത്രത്തെ കുഴിച്ചുമൂടിക്കൊണ്ടാകരുത്.'' - ഇങ്ങനെയാണ് കുറപ്പ് അവസാനിക്കുന്നത്. ഈ കുറിപ്പ് വൈറൽ ആയതോടെ നവമാധ്യമങ്ങളിലും ചർച്ച കൊഴുക്കുകയാണ്.