ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വിമർശനത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കി മുൻ കരസേനാമേധാവിയും. 1990 കളുടെ മധ്യത്തിൽ, രാജ്യത്തിന്റെ 18 ാമത് കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ച ജനറൽ ശങ്കർ റോയ് ചൗധരിയാണ് സിആർപിഎഫ് ജവാന്മാരെ അപകടത്തിൽ ആക്കുന്നത് ഒഴിവാക്കാമായിരുന്നു എന്ന് തുറന്നടിച്ചത്.

റോഡ് ഒഴിവാക്കി വ്യോമമാർഗ്ഗം ജവാന്മാരെ ശ്രീനഗറിൽ എത്തിച്ചിരുന്നെങ്കിൽ ആക്രമണം ഒഴിവാക്കാമായിരുന്നു, ജനറൽ പറഞ്ഞു. 2019 ലാണ് സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരേയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ചത്. 2500 ജവാന്മാർ സഞ്ചരിക്കുന്ന 78 വാഹനങ്ങളുടെ വ്യൂഹം പാക് അതിർത്തിയോട് ചേർന്ന ദേശീയ പാത യാത്രയ്ക്കായി തിരഞ്ഞെടുക്കരുതായിരുന്നു. 'പുൽവാമയിൽ ഇത്രയും ജീവനുകൾ നഷ്ടമായതിന്റെ പ്രാഥമിക ഉത്തരവാദിത്വം പ്രധാനമന്ത്രി തലവനായ കേന്ദ്ര സർക്കാരിനാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതടക്കം പിഴവാണ്, വലിയൊരു തിരിച്ചടിയാണ്', ജനറൽ ശങ്കർ റോയ് ചൗധരി പറഞ്ഞു.

'40 വലിയ സംഖ്യയാണ്. ഒളിയാക്രമണത്തിന് കാരണം 100 ശതമാനം ഇന്റലിജൻസ് പരാജയമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഈ വീഴ്ചയിൽ പങ്കുണ്ട്. ജവാന്മാർ വിമനത്തിൽ സഞ്ചരിച്ചിരുന്നെങ്കിൽ, ആ ദുരന്തം ഒഴിവാക്കാമായിരുന്നു. ദേശീയ പാതയിലൂടെ ഇത്രയും വലിയ വാഹന വ്യൂഹം സഞ്ചരിക്കുമ്പോൾ ആക്രമണ സാധ്യത ഏറെയാണ്. വ്യോമ മാർഗ്ഗം ശ്രീനഗറിലേക്ക് അയച്ചിരുന്നെങ്കിൽ, ജവാന്മാർക്ക് കൂടുതൽ സൗകര്യപ്രദവുമായിരുന്നു, ജനറൽ പറഞ്ഞു.

1994 നവംബർ മുതൽ 1997 സെപ്റ്റംബർ വരെ കരസേനാ മേധാവി ആയിരുന്നുസ ജനറൽ ശങ്കർ റോയ് ചൗധരി. പരമവിശിഷ്ട സേവാ മെഡൽ നേടിയിട്ടുണ്ട്.

പുൽവാമയിലേത് വൻ വീഴ്ചയെന്ന് ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് ഒരു അഭിമുഖത്തിൽ വിമർശിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് ജവാന്മാരെ കൊണ്ടുപോകാൻ അഞ്ചുവിമാനങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയില്ല. അന്ന് രാജ്‌നാഥ് സിങ്ങായിരുന്നു ആഭ്യന്തരമന്ത്രി. ഭീകരാക്രമണത്തിലേക്ക് നയിച്ച സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയപ്പോൾ നിശബ്ദനായിരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചതെന്നും സത്യപാൽ മാലിക് ആരോപിച്ചു. ദി വയറിന് നൽകിയ അഭിമുഖത്തിലാണ് സത്യപാൽ മാലിക് മോദിക്കെതിരെ തിരിഞ്ഞത്.

വിമാനങ്ങൾ നൽകാത്തതിന് പുറമേ, സിആർപിഎഫിന്റെ ഇത്രയും വലിയ വാഹനവ്യൂഹം കടന്നുപോകുന്ന റോഡ് സുരക്ഷിതമാക്കിയതുമില്ല. ഈ റോഡിലേക്കെത്തുന്ന ലിങ്ക് റോഡുകളിലും പഴുതടച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോഗ്രാം സ്ഫോടകവസ്തുക്കൾ നിറച്ച കാർ 15 ദിവസം സംസ്ഥാനത്ത് കറങ്ങിയിട്ടും ആരും പരിശോധിക്കാത്തത് ഇന്റലിജൻസ് വീഴ്ചയാണ്. ഭീകരാക്രമണത്തിനുശേഷം മോദി വിളിച്ചപ്പോൾ ഇക്കാര്യങ്ങളെല്ലാം അറിയിച്ചെങ്കിലും പുറത്തുപറയരുതെന്നാണ് ആവശ്യപ്പെട്ടത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഇതുതന്നെ ആവശ്യപ്പെട്ടതോടെ സംഭവത്തെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണെന്ന് മനസ്സിലായെന്നും മാലിക് പറഞ്ഞു.