മലപ്പുറം: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കക്കാടംപൊയിലിൽ പി.വി അൻവർ എംഎ‍ൽഎയുടെ പി.വി ആർ നാച്വറോ റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമ്മിച്ച തടയണകൾ പൊളിച്ചുമാറ്റാൻ തുടങ്ങി. റിസോർട്ട് അധികൃതർ തന്നെയാണ് പൊളിച്ചു തുടങ്ങിയിരിക്കുന്നത്്. തടയണകെട്ടിയവർ തന്നെ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഒരു മാസത്തിനകം തടയണകൾ പൊളിച്ചുനീക്കിയില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് തടയണകൾ പൊളിച്ചുനീക്കി ഇതിന് ചെലവായ തുക തടയണകൾ കെട്ടിയവിൽ നിന്നും ഈടാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ഒരു മാസത്തിനകം തടയണകൾ പൊളിച്ചുനീക്കണമെന്ന കഴിഞ്ഞ വർഷം ഒക്ടോബർ 26ന് ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ പി.വി അൻവർ എംഎ‍ൽഎയുടെ പീവീആർ നാച്വറോ റിസോർട്ടും അൻവറിൽ നിന്നും തടയണ ഉൾപ്പെടുന്ന സ്ഥലം വിലക്കുവാങ്ങിയ കരാറുകാരൻ ഷെഫീഖ് ആലുങ്ങലും സമർപ്പിച്ച അപ്പീൽ ഹരജികൾ തള്ളികൊണ്ടായിരുന്നു ഒരു മാസത്തിനകം തടയണകൾ പൊളിക്കാനുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ്.

അഞ്ചു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എംഎ‍ൽഎയുടെ റിസോർട്ടിലെ തടയണകൾ പൊളിക്കാനുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവെത്തുന്നത്. തടയണകൾ പൊളിക്കാൻ കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിട്ടപ്പോൾ തടയണ ഉൾപ്പെടുന്ന സ്ഥലം പി.വി അൻവർ എംഎ‍ൽഎ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തുകയായിരുന്നു. തുടർന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകൾ പൊളിച്ചുനീക്കിയാൽ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താൽക്കാലിക സ്റ്റേ നേടുകയായിരുന്നു. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോർട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. എന്നാൽ നീരുറവക്ക് കുറുകെ പണിത റോഡ് പൊളിക്കാൻ തുടങ്ങിയിട്ടില്ല.

നിയമവിരുദ്ധമായി നിർമ്മിച്ച തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് 2018ൽ ജില്ലാ കളക്ടർക്ക് ആദ്യം പരാതി നൽകിയത്. ഈ പരാതിയിൽ ഒരു വർഷമായിട്ടും നടപടിയുണ്ടാകാതായതോടെ മുരുകേഷ് നരേന്ദ്രൻ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നൽകുകയായിരുന്നു. ഇതോടെ മന്ത്രി കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോർട്ട് തേടി. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകൾ നിർമ്മിച്ചതെന്നു കാണിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ജില്ലാ കളക്ടർ തുടർനടപടി സ്വീകരിക്കാതിരുന്നതോടെ കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറി രാജന്റെ ഹർജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടർ തീരുമാനമെടുക്കാൻ ഹൈക്കോടതി 2020 ഡിസംബർ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചുവേണം കളക്്ടർ നടപടിയെടുക്കണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടർ അനധികൃത തടയണകൾക്കും നിർമ്മാണങ്ങൾക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജൻ കോഴിക്കോട് കളക്ടർക്കെതിരെ ഹൈക്കോടതിയിൽ കോടതി അലക്ഷ്യഹർജി നൽകുകയായിരുന്നു. തുടർന്ന് പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിർമ്മിച്ച നാലു തടയണകൾ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരിൽ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടർ ഡോ. നരസിംഹുഗാരി ടി.എൽ റെഡി 2021 ഓഗസ്റ്റ് 30ന് ഉത്തരവിട്ടു. തടയണകൾ പൊളിക്കുന്നതിന് തടയിടാൻ പി.വി അൻവർ എംഎ‍ൽഎ റിസോർട്ട് ഉൾപ്പെടുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വിൽപന നടത്തി.

തടയണകൾ പൊളിച്ചാൽ അവക്ക് മുകളിലൂടെ നിർമ്മിച്ച റോഡ് തകരുമെന്നും തനിക്കും സമീപവാസികൾക്കും വഴി നഷ്ടപ്പെടുമെന്നും കാണിച്ച് ഷഫീഖ് ആലുങ്ങൾ ഹൈക്കോടതിയെ സമീപിച്ചു. തടയണകൾ പൊളിക്കുന്നത് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഇവരുടെ ആവശ്യപ്രകാരം നിയോഗിച്ച അഭിഭാഷക കമ്മീഷൻ തടയണയിലെ വെള്ളം ഒഴുക്കികളഞ്ഞതിനാൽ അപകട ഭീഷണിയില്ലെന്നും തടയണകൾ പൊളിച്ചാൽ സമീപവാസികൾക്ക് വഴി നഷ്ടപ്പെടുമെന്നും ഹൈക്കോടതിയെ അറിയിച്ചു. കക്കാടംപൊയിൽ സ്വദേശികളായ നാട്ടുകാർ തടയണ പൊളിക്കരുതെന്ന നിലപാടുകാരാണെന്നും കക്കാടംപൊയിലിന് പുറത്തുള്ളവരാണ് പരാതിക്കാരെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കക്കാടംപൊയിൽ സ്വദേശിയായ കെ.വി ജിജു കേസിൽ കക്ഷിയായി അഭിഭാഷക കമ്മീഷൻ റിപ്പോർട്ടിനെതിരെ വാദം ഉയർത്തി.

ഇവിടെ നിന്നും ഒന്നര കിലോ മീറ്റർ അകലെ മലപ്പുറം ജില്ലയിലെ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ പി.വി അൻവർ നിർമ്മിച്ച തടയണ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭാഗികമായി പൊളിച്ചു മാറ്റി വെള്ളം തുറന്നുവിട്ടിരുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണക്ക് കുറുകെ പി.വി അൻവറിന്റെ ഭാര്യാപിതാവ് പണിത റോപ് വെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്റെ ഉത്തരവിനെ തുടർന്ന് കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയിരുന്നു. റോപ് വെ പൊളിക്കാനുള്ള ഓംബുഡ്‌സ്മാൻ ഉത്തരവിനെതിരെ അൻവറിന്റെ ഭാര്യാപിതാവ് ഹൈക്കോടതി സിംഗിൾ ബെഞ്ചിനെയും ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചെങ്കിലും ഹരജി തള്ളുകയായിരുന്നു.