കോഴിക്കോട്: ജനവാസ മേഖലകളിൽ ക്വാറികൾ വ്യാപിക്കാൻ ഇടയാക്കിയത് ഇടതു സർക്കാരിന്റെ തലതിരിഞ്ഞ നയങ്ങൾ കാരണമെന്ന് ആക്ഷേപം. സംസ്ഥാനത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുന്നതിന്റെ ഭാഗമായിരുന്നു വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനം നടപ്പാക്കിയത്. എന്നാൽ പിണറായിയുടെ നേതൃത്വത്തിലുള്ള ഒന്നാം ഇടതു സർക്കാരിൽ ഇ പി ജയരാജൻ വ്യവസായ മന്ത്രിയായതോടെ ക്വാറികൾക്ക് ഉൾപ്പെടെ ഏകജാലകം മതിയെന്ന സ്ഥിതി വന്നു. ഇതാണ് നാടുനീളെ ക്വാറികൾക്ക് അവസരം ഒരുങ്ങിയതെന്നാണ് ആക്ഷേപം.

മുൻപ് പുതുതായി ഒരു ക്വാറി ആരംഭിക്കണമെങ്കിൽ വിവിധ സർക്കാർ വകുപ്പുകളിൽനിന്നായി 19 എൻ ഒ സികൾ വേണ്ടിയിരുന്നു. എന്നാൽ ഇപ്പോഴിത് നാലെണ്ണമായി പരിമിതപ്പെടുത്തിയിരിക്കയാണ്. ഇതുമൂലം കാടിനോട് ചേർന്നു ജീവിക്കുന്ന മനുഷ്യരും വന്യമൃഗങ്ങളുമെല്ലാം സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നത്.

കേരളത്തിൽ നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ നിക്ഷേപകർ താൽപര്യം കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏത് വ്യവസായത്തിനും അനുമതിക്കായി ഏകജാലകം മതിയെന്ന തീരുമാനം വ്യവസായ വകുപ്പ് കൈക്കൊണ്ടത്. ഇതിൽ ക്വാറികളും ഉൾപ്പെട്ടതോടെ ക്വാറികളുടെ എണ്ണം നാട്ടിൽ പെരുകി. 

കേരളത്തിൽ സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്നത് 537 ക്വാറികൾ മാത്രമാണ്. എന്നാൽ ആറായിരത്തോളം അനധികൃത ക്വാറികൾ ഇവിടെ യാതൊരു തടസവുമില്ലാതെ പ്രവർത്തിക്കുന്നതായാണ് വനം വകുപ്പിന്റെ പഠനത്തിൽ വ്യക്തമാവുന്നത്. കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് പ്രിൻസിപൽ സയന്റിസ്റ്റായ ഡോ. ടി വി സജീവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്വാറികളാവട്ടെ അനുവദിച്ചിരിക്കുന്നതിലും എത്രയോ ഇരട്ടി സ്ഥലത്താണ് ഖനനം നടത്തുന്നത്. ഇതും പ്രകൃതിക്ക് വെല്ലുവിളിയാണ്.

മലീനീകരണ നിയന്ത്രണ ബോർഡ്, റെവന്യു, മൈനിങ് ആൻഡ് ജിയോളജി എന്നിവയുടെ സർട്ടിഫിക്കറ്റുകൾക്കൊപ്പം എക്സ്പ്ലോസീവ് വിഭാഗത്തിൽനിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കുന്ന ആർക്കും അഞ്ചാമത്തെ സർട്ടിഫിക്കറ്റായി ലൈസൻസ് നൽകണമെന്നാണ് നിലവിലെ സർക്കാർ ചട്ടം. മുൻപ് വനം വകുപ്പ്, ട്രൈബൽ ഡെവലപ്മെന്റ് ബോർഡ്, കൃഷി വകുപ്പ്, ദുരന്ത നിവാരണ അഥോറിറ്റി തുടങ്ങിയവയുടെയെല്ലാം എൻ ഒ സി ആവശ്യമായിരുന്നു. ക്വാറികൾക്കും ഈ ആനുകൂല്യം അനുവദിച്ചത് അന്നു മുതലെ പരിസ്ഥിതി സംഘടനകളും പരിസ്ഥിതി പ്രവർത്തകരുമെല്ലാം കടുത്ത വിമർശനം ഉന്നയിച്ച വിഷയമായിരുന്നു.

ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോൾ ഡീംഡ് ലൈസൻസിങ് സമ്പ്രദായം നടപ്പാക്കിയതോടെയാണ് കേരളം ക്വാറികളുടെ പറുദീസയായി പരണമിച്ചത്. ക്വാറി ഉൾപ്പെടെയുള്ള വ്യവസായങ്ങൾക്ക് അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം അതാത് പഞ്ചായത്തുകൾ ലൈസൻസ് അനുവദിച്ചില്ലെങ്കിൽ ഈ സമയപരിധി കഴിഞ്ഞാൽ പ്രവർത്തനാനുമതി നൽകപ്പെട്ടതായി കണക്കാക്കി പ്രവർത്തിക്കാമെന്നതായിരുന്നു ഡീംഡ് ലൈസൻസിംങ് സമ്പ്രദായത്തിന്റെ അന്തസത്ത.

പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് വ്യവസായങ്ങൾക്ക് ഉൾപ്പെടെ ലൈസൻസ് നൽകാനും ആവശ്യമെങ്കിൽ അവ റദ്ദ് ചെയ്യാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ റദ്ദ് ചെയ്യാനുള്ള അധികാരവും എൽ ഡി എഫ് സർക്കാർ എടുത്തുകളഞ്ഞതോടെ നിയമം നോക്കുകുത്തിയായി മാറി. വ്യവസായികളെ സഹായിക്കാനും വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി കേരളം നടപ്പാക്കിയ ഏകജാലക സംവിധാനത്തിൽ സംരംഭകർക്ക് ഏകജാലക സംവിധാനം ഏർപ്പെടുത്തിയപ്പോൾ വ്യവസായങ്ങളുമായി ബന്ധപ്പെട്ട് മലിനീകരണം ഉൾപ്പെടെയുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന ഇരകൾക്ക് അവർ അനുഭവിക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പെടെയുള്ള ദുരിതങ്ങൾക്ക് പരിഹാരത്തിന് അനേകം ഓഫിസുകളിൽ കയറിയിറങ്ങേണ്ട ഗതികേടാണ് ഇപ്പോഴും നിലനിൽക്കുന്നത്. മിക്കപ്പോഴും ജലവും വായുവും മലിനമാകുന്ന വ്യവസായങ്ങൾക്കെതിരേ ശബ്ദിക്കുന്നവർക്ക് വധഭീഷണി നേരിടുകയും കടുത്ത മർദനം സഹിക്കേണ്ടതായി വരികയും ചെയ്യുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.

കഴിഞ്ഞ ആറേഴു വർഷത്തിനിടയിൽ കാലാവസ്ഥയിൽ ഗുരുതരമായ താളപ്പിഴകളാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കൂമ്പാരമേഘങ്ങൾ സൃഷ്ടിക്കുന്ന കുറഞ്ഞ സമയങ്ങളിലെ അതിശക്തമായ മഴ കേരളത്തിന് കേട്ടുകേൾവിപോലുമില്ലാത്തതാണ്. ഇപ്പോൾ അത്തരം പേമാരികൾക്കാണ് കേരളം സാക്ഷിയാവുന്നത്. കുത്തനെ കുറഞ്ഞ സമയത്തിനകം അതിശക്തമായി മഴത്തുള്ളികൾ ഭൂമയിലേക്ക് അസ്ത്രം കണക്കേ വീഴുന്നത് വനപ്രദേശങ്ങളിലേത് ഉൾപ്പെടെയുള്ള കുന്നുകളിൽ പെട്ടെന്ന് മേൽമണ്ണ് ഇളകി മണ്ണിടിച്ചലിനും കാരണമാവുന്ന സ്ഥിതിയാണ്.

അതീവ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്കു കേരളം ചെന്നു പതിച്ചിട്ടും ഇപ്പോഴും മനുഷ്യരുടെ ആർത്തിക്ക് അനുകൂലമായി നിയമങ്ങൾ പൊളിച്ചെഴുതി കേരളത്തെ ഭൂപടത്തിൽനിന്നുതന്നെ തുടച്ചുനീക്കാനുള്ള പ്രവർത്തനമാണ് നടന്നുവരുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരും ഈ രംഗത്തെ വിദഗ്ധരും കുറ്റപ്പെടുത്തുന്നത്. ഇനിയും സർക്കാർ ഉണർന്ന് പ്രകൃതിക്കും മനുഷ്യർക്കുമായി പ്രവർത്തിക്കാൻ തയാറാവുന്നില്ലെങ്കിൽ കേരളം അവശേഷിക്കില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.