ചെന്നൈ: കഴിഞ്ഞ പത്ത് പതിനഞ്ച് വർഷമായ തമിഴ് സിനിമയിൽ കേട്ടുകേൾവിയില്ലാത്തതാണ് രജനീകാന്ത് -കമൽഹാസൻ ഫാൻ ഫൈറ്റ്. 90കളുടെ അവസാനമൊക്കെ കൊടുമ്പിരിക്കൊണ്ടിരുന്ന ആ ഫാൻ ഫൈറ്റ് കഴിഞ്ഞ കുറച്ചുകാലമായി അവസാനിച്ചിരിക്കയാണ്. പക്ഷേ ഇപ്പോൾ അത് തിരിച്ചുവന്നിരിക്കയാണ്. തമിഴക സാമൂഹിക മാധ്യമങ്ങളിൽ രജനീകാന്തിന്റെയും, കമൽഹാസന്റെയും മാത്രമല്ല, നടൻ വിജയിയുടെയും ആരാധകർ മത്സരിച്ച് പോസ്റ്റ് ഇട്ടുകൊണ്ടിരിക്കയാണ്. ഇതിന് ഇടയാക്കിയത് അവട്ടെ രജനീകാന്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാൽതൊട്ട് വന്ദിച്ചത് മുതലുള്ള വിവാദങ്ങളാണ്. ഇതിനെ പരസ്യമായി കമൽ എതിർക്കുകയും ദൈവം തന്നെ നേരിട്ട് വന്നാലും താൻ കുമ്പിടില്ല എന്ന് പറയുകയും ചെയ്തു. ഇതോടെയാണ് ഇരുവരുടെയും ആരാധകർ ചേരി തിരിഞ്ഞത്.

ഇതോടൊപ്പം നടൻ വിജയിനെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കണം എന്ന് പറഞ്ഞും വിവാദമുണ്ട്. വിജയ് -കമൽഹാസൻ ഫാൻസ് ഒന്നിച്ചാണ് രജനി ഫാൻസിനെ നേരിടുന്നത്. സിനിമ തന്നെ രാഷ്ട്രീയമായ തമിഴകത്ത് ഇത് ശക്തമായ രാഷ്ട്രീയ വിവാദത്തിനും ഇടയാക്കുകയാണ്. വിജയ്-കമൽ ടീം ബിജെപി വിരുദ്ധരായും, രജനീകാന്ത് ബിജെപി അനുകൂലിയായും പ്രചാരണം കൊഴുക്കയാണ്.

കമലിന് ഇസ്ലാമിസ്റ്റുകളെ ഭയമോ?

ജയിലർ എന്ന സിനിമ, സകല റെക്കോർഡുകളും തകർത്ത് സൂപ്പർ ഹിറ്റായി പ്രദർശനം തുടരവേയാണ് യോഗി താണുവണങ്ങി രജനീകാന്ത് വിവാദത്തിൽ പെട്ടത്. രജനി ജയിലറിനുശേഷം നേരെ പോയത് ഹിമാലയത്തിലേക്ക് ആയിരുന്നു. ഈ അത്മീയ ചായ്വും, യോഗി ഭക്തിയുമെല്ലാം കൂട്ടിച്ചേർത്താണ്, അദ്ദേഹം ബിജെപി അനുഭാവിയാണെന്ന് പ്രചാരണം വന്നത്. പക്ഷേ ഇത് രജനി നേരത്തെ തള്ളിയതാണ്.

രജനികാന്ത് രാഷ്ട്രീയം ഉപേക്ഷിച്ചുവെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും കമലിന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തിന്റെ 'മക്കൾ നീതി മയ്യം' എന്ന പാർട്ടിക്ക് തമിഴകത്ത് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും, പ്രവർത്തനം സജീവമാണ്. അതുകൊണ്ടുതന്നെ കമലിന്റെ വിമർശനം രാഷ്ട്രീയമായും മാറി. യോഗി ആദിത്യനാഥിന്റെ കാൽ തൊട്ട് വണങ്ങിയ രജനികാന്തിനെ പരിഹസിച്ച് കമലിന്റെ വാക്കുകൾ വൈറലായി. പക്ഷേ തിരിച്ച് സംഘപരിവാറുകാർ പ്രചരിപ്പിച്ചത് കമൽഹാസന്റെ ഒരു പഴയ ഫോട്ടോയാണ്. കമൽ ഒരാളുടെ കാലുവണങ്ങുന്നതായിരുന്നു ചിത്രം. പക്ഷേ തന്നെ സിനിമയിലേക്ക് കൊണ്ടുവന്ന ഗുരു കെ ബാലചന്ദ്രറിനെയാണ് കമൽ വണങ്ങുന്നത്. ഇത് പറയാതെയാണ് കമലിനെതിരെ കുപ്രചാരണം നടക്കുന്നത്. ഗുരുവിനെ വണങ്ങുന്നതുപോലെയല്ല, ഒരു രാഷ്ട്രീയ നേതാവിനെ വണങ്ങുന്നത് എന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ കമൽ ഫാൻസ് ശരിക്കും പെട്ടുപോയത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി എസ്ഡിപിഐയുടെ പിന്തുണതോടെ മത്സരിച്ചുവെന്നതിലാണ്. ഹൈന്ദവ വർഗീയതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന കമൽ എന്തുകൊണ്ട് ഇസ്ലാമിക വർഗീയതയയോട് മൗനം പാലിക്കുന്ന എന്ന ചോദ്യത്തിന് മുന്നിൽ കമലും പെട്ടു.

ആരാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ?

അതിനിടെ തമിഴ് സിനിമയിലെ ''സൂപ്പർ സ്റ്റാർ' ആര് എന്ന വിവാദവും കൊഴുക്കുന്നുണ്ട്. വിജയ് ചിത്രം 'വാരിസി'ന്റെ ഓഡിയോ ലോഞ്ചിനിടെ നടൻ ശരത് കുമാർ പറഞ്ഞ വാക്കുകളാണ് 'സൂപ്പർസ്റ്റാർ' വിവാദത്തിന് തുടക്കമിട്ടത്. വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നുമായിരുന്നു ശരത് കുമാർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പർസ്റ്റാർ പദവി നൽകണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയത്. എന്നാൽ രജനികാന്ത് മാത്രമാണ്, സൂപ്പർസ്റ്റാർ എന്നാണ്് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. ജയിലർ വൻ വിജയമായതോടെ വിജയ്-രജനികാന്ത് ആരാധകർ തമ്മിൽ സോഷ്യൽ മീഡിയിൽ കൊമ്പുകോർക്കുകയാണ്.

ഈ വിവാദത്തിൽ നടൻ സത്യരാജ് പ്രതികരിച്ചതും വിവാദത്തിന് ആഴം കൂട്ടി. 'കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. പല പ്രമുഖ താരങ്ങൾക്കും വ്യത്യസ്തങ്ങളായ വിശേഷണങ്ങളുണ്ട്. പക്ഷേ ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്. അത് മറ്റാർക്കും നൽകാനാകില്ല.ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ, അഭിനേതാക്കളുടെ വിശേഷണങ്ങൾ മാറ്റേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എക്കാലവും രജനികാന്താണ് സൂപ്പർസ്റ്റാർ', സത്യരാജ് പറഞ്ഞു.

നിരവധി താരങ്ങൾ വിഷയത്തിൽ അഭിപ്രായമറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്നും മറ്റുള്ള നടന്മാർ സൂപ്പർ ആക്ടേഴ്സ് ആണെന്നുമായിരുന്നു നടൻ പ്രഭു നേരത്തെ പ്രതികരിച്ചത്. 1978-ൽ പുറത്തിറങ്ങിയ 'ഭൈരവി' എന്ന ചിത്രം മുതലാണ് രജനികാന്തിന് സൂപ്പർസ്റ്റാർ വിശേഷണം ലഭിച്ചത്.

അതിനിടെ സിനിമയുടെ കളക്ഷൻ റിക്കോർഡുകൾ ചൂണ്ടിക്കാട്ടിയും ഫാൻ ഫൈറ്റ് മറുകുന്നുണ്ട്. കമലിന്റെ വിക്രം നാല് ആഴ്ചകൊണ്ടാണ് 400 കോടി ക്ലബിലെത്തിയത്. എന്നാൽ രജനിയുടെ ജയിലർ ഒരാഴ്ച കൊണ്ട് 400 കോടി ക്ലബിലെത്തി. ഇതെല്ലാം പറഞ്ഞ് ഫാൻ ഫൈറ്റ് മുറുകുകയാണ്. പക്ഷേ നേരത്തെ രജനി നിരുത്സാഹപ്പെടുത്തിയ കാര്യമാണിത്. കത്തി നിൽക്കുന്ന സമയത്തുപോലും തന്നെക്കാൾ നല്ല നടൻ കമൽഹാസനാണ് എന്ന് പറഞ്ഞ ആളാണ് രജനീകാന്ത്്. കമൽ സ്വന്തമായി രാഷ്ട്രീയ പാർട്ടി തുടങ്ങിയപ്പോഴും രജനി പറഞ്ഞത്, എന്തും വിജയിപ്പിക്കുന്ന കമൽ രാഷ്ട്രീയത്തിലും ജയിക്കുമെന്നാണ്. രജനീകാന്ത് വ്യക്തിപരമായി തന്റെ അടുത്ത സുഹൃത്താണെന്ന് കമൽഹാസനും പറഞ്ഞിട്ടുണ്ട്. പക്ഷേ ഇടവേളക്ക്ശേഷം വീണ്ടും ഫാൻ ഫൈറ്റ് തുടരുകയാണ്.