കോഴിക്കോട്: കഴിഞ്ഞ കാൽ നൂറ്റാണ്ടായി കേരളത്തിലെ സ്‌കൂൾ കലോത്സവ നാടകവേദിയിലെ സ്ഥിരം സാന്നിധ്യമാണ് റഫീഖ് മംഗലശ്ശേരിയെന്ന നാടക സംവിധായകൻ. റഫീഖിന്റെ പല നാടകങ്ങളും സംസ്ഥാന സ്‌കുൾ കലോത്സവത്തിലടക്കം ഒന്നാം സ്ഥാനം നേടുകയും, വ്യാപകമായ നിരൂപക പ്രശംസ പിടിച്ചുപറ്റുകയും ചെയ്യുന്നുണ്ട്. എന്നാൽ മതവാദികളുടെ അസഹിഷ്ണുത മൂലം റഫീഖിന്റെ പല നാടകങ്ങളും വിവാദമായിട്ടുണ്ട്. ഇത്തരത്തിലുള്ള തുടർച്ചായ വേട്ടയാടലുകളെ തുടർന്ന് താൻ ഇത്തവണ സ്‌കൂൾ നാടകങ്ങൾ ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചിരിക്കയാണ് റഫീഖ്.

റഫീഖ് മംഗലശ്ശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്: 'ഇത്തവണ ഞാൻ സ്‌കൂൾ നാടകങ്ങൾ ചെയ്യുന്നില്ല ....! 1998 ലാണ് ആദ്യമായി ഒരു സ്‌കൂൾ നാടകം ചെയ്യുന്നത്.....! ആ വർഷം തൊട്ട് കഴിഞ്ഞ വർഷം വരെ, എല്ലാ വർഷവും മുടങ്ങാതെ സ്‌കൂൾ നാടകങ്ങൾ ചെയ്തിട്ടുണ്ട് .....! ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം .... നാടകം, നാടിനെ മാറ്റാനുള്ള ഒരു സമരായുധമാണല്ലോ ....! മാറ്റം ആദ്യം തുടങ്ങേണ്ടത് കുട്ടികളിൽ നിന്നാണെന്നുള്ള ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ്, കാൽനൂറ്റാണ്ടു കാലത്തോളം കുട്ടികളുടെ നാടകവേദിയിൽ സജീവമായി നിലനിന്നത് ....! ആ പോരാട്ടം വെറുതെയായില്ലാ എന്നു തന്നെയാണ് കരുതുന്നത് ...!
പല നാടകങ്ങളും സംസ്ഥാന സ്‌കൂൾ കലോത്സവത്തിലടക്കം ,

ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി എന്നതിൽ അഭിമാനം കൊള്ളുന്നു ....! മത തീവ്രവാദികളുടെ എതിർപ്പിനെത്തുടർന്ന്, റാബിയ, കിത്താബ്, ബൗണ്ടറി എന്നീ നാടകങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയുമുണ്ടായി...! അതിൽ റാബിയ സബ്ജില്ലാ തലത്തിൽ പോലും കളിക്കാനായില്ല ! കിത്താബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടും, മതമൗലികവാദികളുടെ എതിർപ്പിനെ തുടർന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാനുമായില്ല.

പറഞ്ഞു വരുന്നത് എന്താന്ന് വച്ചാൽ, ഈ വർഷം ഞാൻ കലോത്സവത്തിൽ കുട്ടികൾക്കുവേണ്ടി നാടകം ചെയ്യുന്നില്ല ...! വിവാദങ്ങളിൽനിന്നും കോലാഹലങ്ങളിൽ നിന്നും തത്ക്കാലം മാറി നിൽക്കുന്നു. കുട്ടികളെക്കൊണ്ട് ഞാൻ ഇല്ലാത്ത വർഗ്ഗീയത പറയിപ്പിക്കുന്നുവെന്നും, കുട്ടികളെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിക്കുന്നുവെന്നും പറഞ്ഞ് ബഹളം കൂട്ടുന്ന എല്ലാവർക്കും നാടകസലാം ...''- ഇങ്ങനെയാണ് റഫീഖിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

സച്ചിദാനന്ദൻ വരെ നിലപാട് മാറ്റിയ കിത്താബ്

റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള ഇസ്ലാമിക മൗലികവാദികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകമായിരുന്നു കിത്താബ്. വാങ്കുവിളിക്കാനുള്ള ഒരു പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു കഥയുടെ പ്രമേയം. കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച കിത്താബ് നാടകം, ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. നാടകം അവതരിപ്പിച്ച വടകരയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂളിനെതിരേയും വലിയ വിമർശനം ഉയർന്നതോടെ സ്‌കൂൾ അധികൃതരും പിന്മാറി.

ഇത് വലിയ വിവാദമായതോടെ നിരവധി സാംസ്‌കാരിക പ്രവർത്തകർ പിന്തുണയുമായെത്തുകയും നാടകത്തിനായി സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു. കവി സച്ചിദാനന്ദനും പ്രസ്താവനയിൽ ഒപ്പ് വെച്ചിരുന്നു. പക്ഷേ പിറ്റേന്നുതന്നെ അദ്ദേഹം ഒപ്പ് പിൻവലിച്ചു. ഈ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നുവെന്ന് റഫീഖ് മംഗലശ്ശേരി ആരോപിച്ചിരുന്നു. കഥാകൃത്ത് ഉണ്ണി ആറും അന്ന് റഫീഖിനെതിരായ നിലപാടാണ് എടുത്തത്. തന്റെ കഥ വളച്ചൊടിച്ച് അവതരിപ്പിച്ചു എന്നായിരുന്നു ഉണ്ണിയുടെ നിലപാട്. തന്നെ തീവ്രവാദികൾക്ക് മുന്നിൽ എറിഞ്ഞുകൊടുക്കുന്ന നിലപാടാണ് ഇവർ രണ്ടുപേരും എടുത്തത് എന്ന് റഫീഖ് ആരോപിച്ചിരുന്നു.

ബൗണ്ടറിക്കെതിരെ സംഘപരിവാർ

എന്നാൽ റഫീഖിന്റെ ബൗണ്ടറി നാടകത്തെ 'പാക്കിസ്ഥാൻ അനുകൂല നാടക' മെന്ന പേരിൽ സംഘപരിവാർ പ്രവർത്തകരാണ് വിവാദത്തിലാക്കിയത്. നാടകത്തിന് അവതരണാനുമതി നൽകരുതെന്നും പാക്ക് അനുകൂലമായി വിദ്യാർത്ഥികളെ തിരിച്ചവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടന വേദിയിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തി. കോഴിക്കോട് റവന്യു ജീല്ലാ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം നാടക മത്സരത്തിൽ 'ബൗണ്ടറി' ഒന്നാമത് എത്തിയിരുന്നു. അതിരുകളില്ലാത്ത മാനവ സ്നേഹത്തിന്റെ കഥ പറയുന്നതാണ് നാടകം എന്നാണ് റഫീഖ് വിശദീകരിച്ചിരുന്നത്.

അണ്ടർ 19 ദേശീയ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഫാത്തിമ സുൽത്താനയെന്ന പെൺകുട്ടിയാണ് നാടകത്തിലെ കേന്ദ്ര കഥാപാത്രം. ഇന്ത്യാ- പാക്കിസ്ഥാൻ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് വിജയിച്ച പാക് ടീമിന്റെ ചിത്രവും വാർത്തയും ഫേസ്‌ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിൽ ഫാത്തിമ വിലക്ക് ഭീഷണി നേരിടുകയാണ്. നാടെങ്ങും ഫാത്തിമ സുൽത്താനക്കെതിരായി പ്രതിഷേധങ്ങളും കൊലവിളികളും ഉയരുമ്പോൾ കുട്ടികൾ അവൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയാണ്. ഇതാണ് നാടകം.

നാടകത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ഡയലോഗാണ് സംഘപരിവാർ പ്രവർത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളത്. 'ബ്രസീലും അർജന്റീനയും കളി ജയിക്കുമ്പോൾ കയ്യടിക്കാറില്ലേ.. പിന്നെന്താ പാക്കിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിക്കുമ്പോൾ മാത്രം ഇത്ര പ്രശ്നം' എന്ന നാടകത്തിലെ ചോദ്യമാണ് വിവാദം. എന്നാൽ നാടകത്തിൽ തുടർന്നു വരുന്ന ഡയലോഗുകൾ മറച്ചു വച്ചാണ് തനിക്കെതിരെ പ്രചരണം നടത്തുന്നതെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി മറുപടി പറഞ്ഞത്. ആരാണ് ഈ ഭൂമിയിൽ അതിർത്തികളും വേലികളും ഒക്കെ കെട്ടി മനുഷ്യന്മാരെ വേർതിരിച്ചത്. അതിർത്തികൾ ഒന്നും ഇല്ലായിരുന്നെങ്കിൽ നമുക്ക് എല്ലാ രാജ്യക്കാരെയും ഒരു പോലെ സ്നേഹിക്കാമായിരുന്നല്ലോ എന്ന ചോദ്യമാണ് കഥാപാത്രം തുടർന്ന് ഉയർത്തുന്നത്.

പാക്കിസ്ഥാനുമായുള്ള യുദ്ധത്തെക്കുറിച്ചല്ല, മറിച്ച് കളിയെക്കുറിച്ചാണ് നാടകത്തിൽ പറയുന്നത്. സ്നേഹവും ഐക്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാനുള്ളതാണ് ഓരോ കളിയും. അതിർത്തികളില്ലാത്ത മനുഷ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുന്ന നാടകത്തിൽ നിന്ന് പാക്കിസ്ഥാൻ മാത്രം മുറിച്ചെടുത്താണ് സംഘപരിവാർ തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നത്. ലോകകപ്പ് ഫുട്ബോളിനെതിരെ രംഗത്ത് വന്ന മതനേതാക്കളെ ഉൾപ്പെടെ ഈ നാടകത്തിൽ പരിഹസിക്കുന്നുണ്ട്. സങ്കുചിതമായ മതബോധവും ദേശീയതയും ഒരുപോലെ അപകടകരമാണ് എന്ന സന്ദേശമാണ് നാടകം മുന്നോട്ടുവെക്കുന്നതെന്നും റഫീഖ് വ്യക്തമാക്കിയിരുന്നു.

ബദറുദീൻ നാടകം എഴുതുമ്പോൾ, റാബിയ തുടങ്ങിയ റഫീഖിന്റെ പല നാടകങ്ങൾക്കെതിരെയും മത സംഘടനകൾ രംഗത്ത് വന്നിരുന്നു. മുസ്ലിം സംഘടനകളെ വിമർശിച്ചപ്പോൾ തന്നെ സംഘിയായാണ് പലരും ചിത്രീകരിച്ചത്. ഇപ്പോൾ ബൗണ്ടറി നാടകത്തിലുടെ താൻ മുസ്ലിം തീവ്രവാദിയുമായെന്ന് റഫീഖ് പറയുന്നു. ഇത്തരം വിവാദങ്ങളിലും വേട്ടയാടലുകളിലും മടുത്തിട്ടാണ്, ഇനി ഈ വർഷം സ്‌കൂൾ നാടകം ചെയ്യുന്നില്ല എന്ന നിലപാടിലേക്ക് റഫീഖ് എത്തിയത്