പാലക്കാട്: റോബിൻ ബസിനെ തമിഴ്‌നാടും ഇനി വെറുതെ വിടില്ല. രാഷ്ട്രീയ ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്നാണ് സൂചന. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനായാണ് തമിഴ്‌നാട് ആർടിഒ ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദ്ദേശം തമിഴ്‌നാട് ആർടിഒ നിൽകി. ഇതോടെ ബസ് തമിഴ്‌നാട് സർക്കാരിന്റെ അധീനതയിലായി. ഇതിനെതിരെ റോബിൻ മോട്ടേഴ്‌സിന് പുതിയ നിയമ പോരാട്ടം നടത്തേണ്ടി വരും.

അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാൽ പിഴയീടാക്കി എംവിഡി വിട്ടയച്ചു. ഈ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ ഇടപെടൽ. ബസിനെ എപ്പോൾ വിട്ടയക്കുമെന്ന് വ്യക്തമല്ല. ഈ റൂട്ടിൽ കെ എസ് ആർ ടി സിയും സർവ്വീസ് നടത്തുന്നുണ്ട്. ഇതോടെ റോബിൻ ബസിൽ ആരും കയറില്ലെന്ന നിഗമനത്തിലാണ് കേരളത്തിലെ ചിലരുടെ പ്രതീക്ഷ.

കോൺട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങൾക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പിൽ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാൻ അനുവാദമില്ലെന്നുമാണ് മോട്ടോർ വാഹനവകുപ്പ് നിലപാട്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്‌ക്കൊപ്പം ടാക്‌സ് കൂടെയാണ് ഈടാക്കിയത്. ടാക്‌സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്‌സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്‌സ് അടച്ചത്. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ സർവ്വീസ് നടത്താമെന്നും കരുതി. ഇതിനിടെയാണ് ഇടപെടൽ.

അനുമതിയില്ലാതെ സർവീസ് നടത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കേരള സർക്കാർ തമിഴ്‌നാടിന്റെ സഹായത്തോടെ വേട്ടയാടുന്നുവെന്ന് ഉടമ റോബിൻ ഗിരീഷ് പറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും റോബിൻ ബസ് തടഞ്ഞ് മോട്ടർ വാഹന വകുപ്പ്. തൊടുപുഴയിലെത്തുന്നതിന് മുൻപ് കോട്ടയം ഇടുക്കി അതിർത്തിയായ കരിങ്കുന്നത്ത് വച്ചാണ് ബസ് എം വിഡി തടഞ്ഞത്. പെർമിറ്റ് ലംഘനത്തിന് 7500 രൂപ ബസിന് പിഴയിട്ടു. പിന്നീട് നാട്ടുകാരെത്തി പ്രതിഷേധിച്ചതോടെ പത്ത് മിനിറ്റിന് ശേഷം ബസ് വിട്ടയച്ചു.

അതേസമയം പത്തനംതിട്ടയിൽ നിന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ സർവീസിന് പെർമിറ്റ് ഇല്ലെന്ന് റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ്. ഉണ്ടെന്ന് തെളിയിച്ചാൽ ഈ സംരംഭം ഇവിടെ വെച്ച് അവസാനിപ്പിക്കുമെന്നും തനിക്ക് ലഭിക്കുന്നത് പിഴയല്ല, മറിച്ച് ബൂസ്റ്റ് ആണെന്നും ഉടമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു തമിഴ്‌നാടിന്റെ ഇടപെടൽ. ഇതോടെ ബസ് സർവ്വീസ് തന്നെ അനിശ്ചിതത്വത്തിലാകുകയാണ്.