കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവളം പദ്ധതിയുടെ അടുത്തുള്ളത് രണ്ടല്ല, മൂന്ന് വിമാനത്താവളങ്ങൾ. ശബരിമല പ്രോജക്ട് റിപ്പോർട്ടിൽ പുതിയ വിശദീകരണം തേടുകയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയം. തമിഴ്‌നാട്ടിലെ മധുര വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. ഇത് മൂന്നാംവട്ടമാണ് സംസ്ഥാനം സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ മന്ത്രാലയം വിശദാംശങ്ങൾ തേടുന്നത്. മധുരയിൽ നിന്ന് ശബരിമലയിലേക്ക് റോഡ് മാർഗ്ഗം 250 കിലോ മീറ്റർ മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് വിവരം തേടൽ.

വ്യോമയാനമന്ത്രാലയത്തിന്റെ പരിഗണനയിലുള്ള റിപ്പോർട്ടിൽ നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ വിവരങ്ങളാണ് ഉള്ളത്. എരുമേലിയുമായി അവയ്ക്കുള്ള അകലം, യാത്രക്കാരുടെ എണ്ണം, പ്രധാന ഗുണഭോക്താക്കൾ തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെട്ടത്. നിർദിഷ്ട പദ്ധതിയുടെ ഗുണഭോക്താക്കൾ, ലക്ഷ്യമിടുന്ന മേഖലകൾ, ലക്ഷ്യമിടുന്ന യാത്രികർ തുടങ്ങിയ വിവരങ്ങളും നൽകിയിരുന്നു. എന്നാൽ മധുര വിമാനത്താവളവുമായി അടുത്തു നിൽക്കുന്ന സ്ഥലങ്ങളും ഇതിലുണ്ട്. ശബരിമല വിമാനത്താവളത്തിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ പ്രദേശങ്ങളും പ്രോജക്ട് റിപ്പോർട്ടിൽ പരിഗണിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മധുരയെ കേന്ദ്രം ഓർമ്മപ്പെടുത്തുന്നത്.

കണ്ണൂരിലെ വിമാനത്താവളം പോലും ലാഭകരമായി മാറിയിട്ടില്ല. ഇതിനിടെ എങ്ങനെ ശബരിമല വിമാനത്താവളം ലാഭമുണ്ടാക്കുമെന്ന ആശങ്ക വ്യോമയാന മന്ത്രാലയത്തിനുണ്ട്. തിരുവനന്തപുരത്തിന്റേയും കൊച്ചിയുടേയും വരുമാനത്തിലും ഇത് കുറവുണ്ടാക്കും. ഇത്തരത്തിലൊരു പദ്ധതി മധുര വിമാനത്താവളത്തിനും ഭീഷണിയാകുമോ എന്നതാണ് സർക്കാർ പരിഗണിക്കുന്നത്. ഇടുക്കിയിൽ എയർ സ്ട്രിപ്പുമുണ്ട്. ശബരിമലയ്ക്ക് തൊട്ടു മുകളിലായാണ് ഈ എയർ സട്രിപ്പും. ഇതെല്ലാം കേന്ദ്ര വ്യോമയാന മന്ത്രാലയം പരിഗണിക്കും.

എരുമേലിക്ക് സമീപം ചെറുവള്ളി എസ്റ്റേറ്റും സമീപപ്രദേശങ്ങളും ഉൾപ്പെടെ 2570 ഏക്കർ ഭൂമിയിലാണ് ശബരിമല വിമാനത്താവള പദ്ധതി വിഭാവനംചെയ്യുന്നത്. സാമ്പത്തിക, സാങ്കേതിക സാധ്യതാ വിവരങ്ങൾ, രണ്ട് വില്ലേജുകളിലായി ഭൂമി കിടക്കുന്നതിന്റെ വിശദാംശങ്ങൾ എന്നിവയാണ് കേന്ദ്ര വകുപ്പ് നേരത്തേ തേടിയത്. ഇവയിൽ മറുപടിനൽകിയിരുന്നു. പിന്നാലെയാണ് മധുരയിലെ വിശദീകരണം തേടൽ. മധുര വിമാനത്താവളത്തിന്റെ കാര്യങ്ങളും ഉൾപ്പെടുത്തണമെന്നാണ് മന്ത്രാലയത്തിന്റെ ആവശ്യം. വിവരങ്ങൾ ഉടൻ നൽകുമെന്ന് സ്‌പെഷ്യൽ ഓഫീസർ വി. തുളസീദാസ് പറഞ്ഞു.

സാമൂഹികാഘാതപഠനം, പാരിസ്ഥിതികാഘാത പഠനം എന്നിവ നടക്കുന്നുണ്ട്. ഇവയുടെ റിപ്പോർട്ട് ആറുമാസത്തിനകം നൽകാനാകുമെന്നാണ് പ്രതീക്ഷ. നിർദിഷ്ട തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ വിമാനത്താവളത്തിന് സമീപത്തു കൂടിയാണ് പോകുക. ആദ്യ ആലൈന്മെന്റ് വിമാനത്താവളപദ്ധതി ഭൂമിയെ ബാധിക്കും വിധമായിരുന്നു. അതും മാറ്റിയിട്ടുണ്ട്. സർക്കാർ ദേശീയപാതാ അഥോറിറ്റിയുമായി ചർച്ചനടത്തിയാണ് റൂട്ട് മാറ്റിയത്. വിമാനത്താവളത്തിന്റെ വടക്കു പടിഞ്ഞാറുഭാഗത്തുകൂടി കടന്നുപോകും വിധമാണ് പുതിയ അലൈന്മെന്റ്. ഈ റോഡും വിമാനത്താവളത്തിന്റെ സാധ്യത കൂട്ടുമെന്നാണ് വിലയിരുത്തൽ.

അതിനിടെ ശബരിമല വിമാനത്താവള നിർമ്മാണം അടക്കമുള്ള സംസ്ഥാനത്തെ വിഷയങ്ങൾ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി കേരള സർക്കാറിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കൂടിക്കാഴ്ച നടത്തി. കൊച്ചി, മധുര തിരുവനന്തപുരം എന്നീ സമീപ വിമാനത്താവളങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് ശബരിമല വിമാനത്താവളത്തിന് അനുമതി നൽകാനാവുമെന്ന് മന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം കെ.വി. തോമസ് പറഞ്ഞു.

കണ്ണൂരിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് അനുമതി നൽകുമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. കരിപ്പൂർ റൺവേ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. സീസണുകളിൽ വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കുന്നതിന് കൂടുതൽ സീറ്റുകൾ ലഭ്യമാക്കുന്നതിനും കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനും ശ്രമങ്ങളുണ്ടാവണം.

കാസർകോട്, പെരിയ എയർസ്ട്രിപ് അനുമതി തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായും അനുകൂല സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും കെ.വി. തോമസ് പറഞ്ഞിട്ടുണ്ട്.