കോട്ടയം: ശബരിമല വിമാനത്താവളം യാഥാർത്ഥ്യത്തിലേക്കോ? പദ്ധതിക്ക് അനുമതി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരിച്ചിരുന്നു. അതിന് പിന്നാലെ കേരളവും നടപടികൾ വേഗത്തിലാക്കി. ശബരിമല വിമാനത്താവള സ്ഥലമെടുപ്പ് പാരിസ്ഥിതികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് നിർണ്ണായകമാണ്.

തലമുറകളായി ചെറുവള്ളി എസ്റ്റേറ്റിൽ താമസിച്ചു പണിയെടുക്കുന്ന തൊഴിലാളികൾക്ക് സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കാനും മറ്റു ജീവനക്കാർക്കും പദ്ധതി പരോക്ഷമായി ബാധിക്കുന്നവർക്കും നഷ്ടപരിഹാരം നൽകാനും ശുപാർശ ചെയ്യുന്നു. കൂടാതെ വിദഗ്ധസമിതി റിപ്പോർട്ട് വിശദമായി പരിശോധിക്കും. വീണ്ടും ജനങ്ങളിൽനിന്ന് വിവരങ്ങൾ തേടി കൂടുതൽ വ്യക്തത വരുത്തി രണ്ടു മാസത്തിനകം വിശദമായ ശുപാർശ സമർപ്പിക്കും.

പദ്ധതി 221 എസ്റ്റേറ്റ് തൊഴിലാളികുടുംബങ്ങളെയും 362 മറ്റ് കുടുംബങ്ങളെയും നേരിട്ടു ബാധിക്കും. എസ്റ്റേറ്റിന് പുറത്തുള്ള 1441 പേരെയും എസ്റ്റേറ്റിലെ 875 വരെയും ബാധിക്കും. ഇവർക്കെല്ലാം അർഹമായ നഷ്ടപരിഹാരം നൽകാനുള്ള സ്‌പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതാണ് റിപ്പോർട്ട്. ഏറ്റെടുക്കുന്ന സ്ഥലത്ത് 253 കെട്ടിടങ്ങളുണ്ട്. ഇവ പൂർണ്ണമായി പൊളിക്കേണ്ടിവരും. കൂടാതെ എട്ട് കെട്ടിടങ്ങൾ ഭാഗികമായും പൊളിക്കണം.

ടാപ്പ് ചെയ്യുന്നതും തൈകളുമടക്കം 3.34 ലക്ഷത്തിലേറെ റബർമരങ്ങൾ നിർദ്ദിഷ്ട ഭൂമിയിലുണ്ട്. കൂടാതെ 64 ഹെക്ടറിൽ പൈനാപ്പിൾ കൃഷിയുമുണ്ട്. കാപ്പി, കവുങ്ങ്, കുരുമുളക് ചെടികൾ, തെങ്ങ്, മറ്റു ഫലവൃക്ഷങ്ങളും മരങ്ങളുമുണ്ട്. ഏറ്റെടുക്കുന്ന സ്ഥലത്ത് ആറ് ആരാധനാലയങ്ങൾ ഉണ്ട്. ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടാൽ ഇവ മാറ്റി സ്ഥാപിക്കാനും നഷ്ടപരിഹാരം നൽകാനും ശുപാർശയുണ്ട്. ഒരു സ്‌കൂളും പദ്ധതി പ്രദേശത്തുണ്ട്. ഇതുമായി ബന്ധപ്പെട്ടവരുടെ ആശങ്കയെല്ലാം അകറ്റിയാകും തീരുമാനങ്ങൾ.

ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് ഭൂമി ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്. ആദ്യ പ്ലാൻ എസ്റ്റേറ്റിനുള്ളിൽ മാത്രമായിരുന്നു. പക്ഷേ റൺവേയുടെ സുരക്ഷാ പ്രശ്നം വന്നു. കാറ്റിന്റെ ഗതിയും അനുകൂലമായില്ല. അതിനാൽ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടിവന്നു. പഴയ പദ്ധതിപ്രകാരം റൺവേ വളരെ ചെറുതാകുമായിരുന്നു. എല്ലാ വിമാനങ്ങളും ഇറക്കാൻ പറ്റാതെ വരും. എസ്റ്റേറ്റ് ഭൂമിയുടെ ഉടമാവകാശത്തിൽ കേസുണ്ട്. പക്ഷേ ഭൂമി ഏറ്റെടുക്കലിന് ഇത് തടസ്സമല്ല. പദ്ധതി ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം കൂട്ടും.

യാത്രാസൗകര്യം കൂടും എന്നതിലാണിത്. പ്രവാസികൾ, വിനോദസഞ്ചാരികൾ എന്നിവർക്കും ഗുണമാണ്. ചരക്കുനീക്കം വാണിജ്യപരമായി പ്രദേശത്തിനും ഗുണംചെയ്യും. എരുമേലിയിലെ തീർത്ഥാടനത്തിന്റെ ചടങ്ങുകളെ ബാധിക്കില്ല. മലിനീകരണം വളരെ കുറവായിരിക്കുമെന്നാണ് വിലയിരുത്തൽ.