തിരുവനന്തപുരം: ശബരിമലയിലുണ്ടാകുന്ന അനിയന്ത്രിത തിരക്ക് പൊലീസിനു പോലും നിയന്ത്രിക്കാൻ കഴിയാതെ വരുന്നു. ഇത് ദർശന ക്രമീകരണങ്ങളിൽ വലിയ പ്രതി സന്ധിയാണ് ഉണ്ടാക്കുന്നത്. ഇന്നലെ മരക്കൂട്ടത്ത് ഉണ്ടായ സംഭവങ്ങൾ ഇതിന് തെളിവാണെന്ന് പൊലീസിലെ ഉന്നതരും രഹസ്യമായി സമ്മതിക്കുന്നു. പുൽമേട് അപകടത്തിന് സമാനമായ തിക്കും തിരക്കുമാണ് ഇന്നലെ മരക്കൂട്ടത്ത് ഉണ്ടായത്. പമ്പയിൽ നിന്നും ഒരു നിയന്ത്രണമില്ലാത്ത രീതിയിൽ ഭക്തർ കടന്നു വന്നതാണ് ഇന്നലെ പ്രതിസന്ധിയുണ്ടാക്കിയത്. ഇവിടെ ഉണ്ടായ തിക്കിലും തിരക്കിലും നിരവധി പൊലീസുകാർക്കും ഭക്തർക്കും പരിക്കേറ്റിരുന്നു. ഇതിന് ശേഷം പത്തും പന്ത്രണ്ടും മണിക്കൂർ ക്യൂനിന്ന ഭക്തർ നടപ്പന്തലിൽ എത്തി തിക്കി തിരക്കി പതിനെട്ടാം പടി ചവിട്ടാൻ ശ്രമിച്ചതോടെ അവിടെയും ഉന്തിലും തള്ളിലും പെട്ട് നിർവധി ഭക്തർ താഴെ വീണു. സംഭവം അറിഞ്ഞ് കേന്ദ്ര ദ്രുത കർമ്മ സേന ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിക്കാനായത്.

അതും മണിക്കൂറുകളുടെ ശ്രമഫലമായി.' ശബരിമല അസിസ്റ്റന്റ് സ്‌പെഷ്യൽ ഓഫീസർ ശ്രീകുമാറും പതിനെട്ടാം പടിക്ക് താഴെ എത്തി കാര്യങ്ങൾ നിയന്ത്രിച്ചതും സ്ഥിതിഗതികൾ സാധാരണ നിലയിലാവാൻ സഹായിച്ചു.. ക്രൗഡ് മാനേജ്‌മെന്റിൽ ശബരിമലയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പരിചയം ഇല്ലാത്തതും പ്രശ്‌നങ്ങൾ വഷളാക്കി. കേന്ദ്ര ദ്രുതകർമ്മസേനയുടെ ഇടപെടൽ ഉള്ളതുകൊണ്ട് മാത്രം വലിയ അത്യാഹിതങ്ങൾ ഉണ്ടായില്ലെന്ന് ഒരു ഉന്നത പൊലീസ് ഉദ്യാഗസ്ഥൻ മറുനാടൻ മലയാളിയോടു പ്രതികരിച്ചു.

ഈ സ്ഥിതിയിൽ ശബരിമലയിലെ ദർശന സംവിധാനം മുന്നോട്ടു കൊണ്ടു പോകാനാവില്ലന്നാണ് പൊലീസിന്റെ നിലപാട്. ദർശന കാര്യത്തിൽ പ്രതിദിനം എത്ര ഭക്തർ വരെ സന്നിധാനത്ത് എത്താം എന്ന കാര്യത്തിൽ കൃത്യമായ നിയന്ത്രണം വേണം. ഇപ്പോൾ ഒരു ദിവസം ഒരു ലക്ഷത്തി കൂടുതൽ ഭക്തർ ശബരിമലയിൽ എത്തുന്നുണ്ട്. അത് 75000 മാക്കി കുറയ്ക്കണമെന്നാണ് പൊലീസിന്റെ ആവിശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ശബരിമല അവലോകനത്തിനായി നാളെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ ശബരിമലയിൽ വിവിധ വകുപ്പുകൾ നടത്തിയ ക്രമീകരണങ്ങൾ, ഇനി എന്തൊക്കെ നടപ്പിലാക്കണം ഇതൊക്കെയാണ് യോഗത്തിലെ ചർച്ചാ വിഷയം. ഈ യോഗത്തിൽ പൊലീസ് ഭക്തരുടെ കാര്യത്തിൽ നിയന്ത്രണം ആവിശ്യപ്പെടും.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അന്തിമ തീരുമാനം എടുക്കും. എന്നാൽ പൊലീസ് നീക്കത്തോട് കടുത്ത അതൃപ്തിയും എതിർപ്പും ദേവസ്വം ബോർഡിന് ഉണ്ട്. ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളെ അവർ യോഗത്തിൽ തന്നെ എതിർത്തേക്കും. കോവിഡ് കാലം ഉണ്ടാക്കിയ വരുമാന നഷ്ടം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിൽ എത്തിച്ചിരുന്നു. അതിൽ നിന്നും മുക്തി നേടി വരുമ്പോഴാണ് ഇന്നലെ ഉണ്ടായ സംഭവങ്ങളുടെ വെളിച്ചത്തിൽ പൊലീസ് നിയന്ത്രണം കൊണ്ടുവരാൻ നീക്കം തുടങ്ങിയിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പരാതിപ്പെടുന്നു. എന്നാൽ മരക്കൂട്ടത്ത് ഉണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുത്തേ പറ്റൂ എന്ന കർശന നിലപാടിലാണ് പൊലീസ്.

മരക്കൂട്ടം സന്നിധാനം സംഭവങ്ങൾ ആദ്യം മുകളിലോട്ടു റിപ്പോർട്ട് ചെയ്യണ്ടാ എന്നാണ് പൊലീസ് തീരുമാനിച്ചത്. എന്നാൽ പുൽമേട് സംഭവം നൽകിയ പാഠം ഉൾകൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അടക്കം ധരിപ്പിക്കണമെന്ന് നിലപാട് എടുത്തത് ശബരിമല എ.എസ്. ഒ ആണ്. അതുകൊണ്ട് തന്നെയാണ് വിഷയത്തിന്റെ വ്യാപ്തിയും ഗൗരവ്വവും ഉന്നത ഉദ്യോഗസ്ഥർ പോലും അറിഞ്ഞത്.

അതേസമയം ശബരിമലയിലെ ഭക്തജനത്തിരക്ക് ദിനംപ്രതി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ രണ്ടു ദിവസം മുൻപ് ഹൈക്കോടതിയും നിർദ്ദേശങ്ങൾ നൽകിയിരുന്നു. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. 75,000-ത്തിന് മുകളിൽ തീർത്ഥാടകർ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാൻ നടപടി ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കിയിരുന്നു..
തിരക്ക് നിയന്ത്രിക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്‌മെന്റ് സംവിധാനം വഴി തീർത്ഥാടകരെ അറിയിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചിരുന്നു. പമ്പ നിലയ്ക്കൽ ചെയിൻ സർവീസിന് ആവശ്യമായ ബസുകൾ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടർ ഇക്കാര്യം ഉറപ്പക്കാണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ കഴിയുമോ എന്ന് പരിശോധിക്കാനും നിർദ്ദേശം ഉണ്ടായിരുന്നു.

തീർത്ഥാടകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് പ്രതിസന്ധി ആയത് എന്നും ഭക്തർ പറയുന്നു..ആറും ഏഴും മണിക്കൂറുകൾ കാത്തുനിന്നിട്ടും സന്നിധാനത്തെത്താൻ കഴിയാത്തത് തിരക്കുനിയന്ത്രിച്ചതിലെ വീഴ്ചയാണെന്നാണ് ഭക്തരുടെ പരാതി. ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ എത്തുമ്പോഴാണ് പ്രതിസന്ധി ഇരട്ടിക്കുന്നത്. മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ കാര്യമായി നീങ്ങാത്ത അവസ്ഥയും ഉണ്ട്..തുടർന്ന് ഭക്തരും പൊലീസുമായി വാക്കേറ്റമുണ്ടാവുന്നതും പതിവ് കാഴ്ചയാണ്..ഇടക്ക് ബാരിക്കേട് മറികടക്കാൻ ഭക്തർ ശ്രമം നടത്തുന്നതും തർക്കത്തിന് ഇ വെയ്ക്കാറുണ്ട്..

പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകരും കുരുക്കിൽപ്പെടുന്നുണ്ട്..പതിനെട്ടാം പടിക്ക് താഴെ വൻ തിരക്കുണ്ട്.എന്നാൽ ഫ്‌ളൈ ഓവറിൽ പലപ്പോഴും വലിയ ആളുണ്ടാവാറില്ല..ഹരിവരാസന സമയത്ത് സിവിൽ ദർശനം അനുവദിക്കുന്നുണ്ട്.ഇതോടെ, പതിനെട്ടാംപടി കയറിവരുന്നവർക്ക് ദർശനം ലഭിക്കാതെ രാത്രി സന്നിധാനത്ത് തങ്ങേണ്ടിവരുന്ന അവസ്ഥയും ഉണ്ട്.