തിരുവനന്തപുരം: ഓർത്തഡോക്‌സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ക്രമസമാധാനപാലനം ഉറപ്പാക്കാൻ സുപ്രീം കോടതി വിധിയുടെ അന്തസ്സത്തയെ ഹനിക്കാത്ത വിധം നിയമനിർമ്മാണത്തിന് എൽഡിഎഫ് യോഗം സർക്കാരിന് അനുമതി നൽകി. പള്ളികളിൽ ഓർത്തഡോക്‌സ് സഭയ്ക്കുള്ള അവകാശം അംഗീകരിച്ചുകൊണ്ട് യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ബിൽ വഴി സർക്കാർ ഉന്നമിടുന്നത്. നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യവും ഏകദേശരൂപവും നിയമമന്ത്രി പി.രാജീവ് യോഗത്തിൽ അവതരിപ്പിച്ചു.

സർക്കാർ നീക്കത്തോട് ഇവർ പ്രതികരിക്കുന്നത് പൊതുവിൽ എല്ലാ കക്ഷികളും ഇത് അംഗീകരിച്ചു. എന്നാൽ സർക്കാരിന്റെ സദുദ്ദേശ്യം ഇരുവിഭാഗങ്ങളെയും ബോധ്യപ്പെടുത്തണമെന്ന് നിർദേശമുണ്ടായി. ഈ വിഷയത്തിൽ ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷൻ മുൻപ് സർക്കാരിനു ശുപാർശ സമർപ്പിക്കുകയും അത് നിയമവകുപ്പ് പരിശോധിക്കുകയും ചെയ്തിരുന്നു. അതിൽ ആവശ്യമായ ഭേദഗതി വരുത്തി ആവും നിയമനിർമ്മാണം. തർക്കമുണ്ടായാൽ പരിഹരിക്കാൻ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട് എന്നിവരടങ്ങുന്ന ജില്ലാതല അഥോറിറ്റി രൂപീകരിക്കും. ഈ അഥോറിറ്റിക്കും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനസർക്കാരിലേക്ക് അപ്പീൽ നൽകാം.

അതേസമയം നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട സർക്കാർ നീക്കം തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നീക്കമെന്നാണ് ആരോപണവും ശക്തമാണ്. നേരത്തെ വിഷയം സുപ്രീംകോടതിയിൽ വിഷയം എത്തിയപ്പോൾ ഓർത്തഡോക്‌സ് സഭ നിയമ നിർമ്മാണത്തിന് എതിരായാണ് പറഞ്ഞത്. സഭാതർക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബില്ല് നിയമമാക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് നേരത്തെ വിഷയം സുപ്രീംകോടതിയിൽ വന്നപ്പോൾ യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു.

എന്നാൽ കരട് ബില്ല് നിയമമാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓർത്തോഡോക്‌സ് സഭ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. ഇരു സഭകളും വ്യത്യസ്ത നിലപാട് സുപ്രീം കോടതിയെ അറിയിച്ചപ്പോൾ സംസ്ഥാന സർക്കാർ അഭിഭാഷകർ മൗനം പാലിച്ചു. മലങ്കര സഭാ കേസിലെ വിധി നടപ്പിലാക്കുന്നില്ലെന്നാരോപിച്ച് ഓർത്തഡോക്‌സ് സഭ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ഇരു സഭകളും തങ്ങളുടെ നിലപാട് സുപ്രീം കോടതിയെ അറിയിച്ചത്.

1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികളിൽ ഭരണം നടത്തണമെന്നായിരുന്നു 2017-ലെ സുപ്രീംകോടതി വിധി. എന്നാൽ വിധി നടപ്പാക്കുമ്പോൾ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുകയാണ്. അതിനാൽ സർക്കാർ തർക്കം പരിഹരിക്കുന്നതിന് ജസ്റ്റിസ് കെ.ടി തോമസ് സമർപ്പിച്ച കരട് ബില്ല് നിയമമാക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുകയാണെന്ന് യാക്കോബായ സഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി. ഗിരി സുപ്രീം കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കെ.ടി തോമസ് രണ്ട് സഭകളിലും അംഗമല്ലെന്നും ഗിരി ചൂണ്ടിക്കാട്ടി. എന്നാൽ കരട് ബില്ല് നിയമം ആക്കില്ലെന്ന് മന്ത്രിമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഓർത്തോഡോക്‌സ് സഭയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ സി.യു സിങ് ചൂണ്ടിക്കാട്ടി. 2017-ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരുപത് മിനുട്ടോളം ഇരു സഭകളും കോടതിയിൽ നിലപാട് വ്യക്തമാക്കിക്കൊണ്ടിരുന്നപ്പോൾ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും മൗനംപാലിച്ചു.