ന്യൂഡല്‍ഹി: പതഞ്ജലി കേസില്‍ ഐഎംഎ പ്രസിഡന്റ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ക്ഷമാപണം വായിക്കാന്‍ കഴിയാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഐഎംഎ അദ്ധ്യക്ഷന്‍ ആര്‍ വി അശോകന് എതിരെയാണ് വിമര്‍ശനം. ജസ്റ്റിസ് ഹിമ കോലി, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ഡബിള്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ആര്‍ വി അശോകന്റെ ക്ഷമാപണം പ്രസിദ്ധീകരിച്ച ഹിന്ദു ദിനപത്രത്തിന്റെ 20 എഡിഷനുകളുടെ കോപ്പികള്‍ ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കോടതിയില്‍ ഹാജരാക്കിയ ക്ഷമാപണത്തിന്റെ പകര്‍പ്പ് തീരെ ചെറുതാണെന്നും തങ്ങള്‍ക്ക് വായിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് കോലി പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച പകര്‍പ്പ്് 0.1 സെന്റിമീറ്ററിലും കുറവ് വലുപ്പം ഉള്ളതാണ്. ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടെങ്കില്‍, ശരിയായ അളവിലുള്ള പരസ്യം ഹാജരാക്കണം.

പതഞ്ജലി കേസില്‍ ഐഎംഎ സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ക്ഷമാപണം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ജുഡീഷ്യറിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിലായിരുന്നു കോടതി നിര്‍ദേശം. ഐഎംഎ പ്രസിഡന്റ്് സ്വന്തം ചെലവില്‍ പ്രമുഖ പത്രങ്ങളില്‍ ഖേദപ്രകടനം നടത്തണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഐഎംഎയുടെ പ്രതിനിധി എന്ന നിലയിലല്ല, വ്യക്തിപരമായി അശോകന്‍ ഈ ക്ഷമാപണം നടത്തണമെന്നും ചെലവ് അദ്ദേഹം തന്നെ വഹിക്കണമെന്നും ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും സന്ദീപ് മേത്തയുടെയും ബെഞ്ച് ഉത്തരവിട്ടിരുന്നു.

പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഐഎംഎ പ്രസിഡന്റിന് അഭിപ്രായ പ്രകടനം. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപവാദ പ്രചാരണം നടത്തുന്നതായി ഐഎംഎ ആരോപിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കുള്ള കോടതിയുടെ നിര്‍ദ്ദേശങ്ങളില്‍ ഐഎംഎ പ്രസിഡന്റ് പരസ്യമായി വിമര്‍ശിച്ചു. തുടര്‍ന്നായിരുന്നു കോടതിയുടെ ഇടപെടല്‍.

ഐഎംഎ അദ്ധ്യക്ഷന്റെ അഭിമുഖം അച്ചടി മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും ഓണ്‍ലൈനില്‍ മാത്രമാണ് വന്നതെന്നും മുതിര്‍ന്ന അഭിഭാഷകനായ പി എസ് പട്വാലിയ വാദിച്ചു. അദ്ദേഹം ഉത്തരവാദിത്വമുള്ള ഡോക്ടറാണ്. അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഖേദിക്കുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു. ഏതെല്ലാം പ്രസിദ്ധീകരണങ്ങളിലാണോ ഈ അഭിമുഖം വന്നിട്ടുള്ളത് അവയിലെല്ലാം ക്ഷമാപണം നടത്തണമെന്നും നിങ്ങള്‍ സ്വയം കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുകയാണെന്നും കൈ കഴുകാനാവില്ലെന്നും ബെഞ്ച് പറഞ്ഞിരുന്നു,

പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഐഎംഎ പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പതഞ്ജലി അപവാദ പ്രചരണം നടത്തുന്നതായി ഐഎംഎ ആരോപിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനിടെ ഡോക്ടര്‍മാരുടെ ചില പ്രവണതകളെയും അസോസിയേഷനെയും കോടതി വിമര്‍ശിച്ചിരുന്നു. സുപ്രീം കോടതിയുടെ ശാസനയില്‍ മാധ്യമങ്ങളോട് നിരാശ പ്രകടിപ്പിച്ച അശോകന്‍, ഇത് ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തിയതായി പറഞ്ഞു. തുടര്‍ന്നാണ് സുപ്രീംകോടതി ഇടപെട്ടത്.