കോഴിക്കോട്: നാളെ ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയിലെത്തുമ്പോൾ ആദ്യം കാണുക മനോഹരമായ കൂറ്റൻ ഗിറ്റാറാണ്. പാശ്ചാത്യ സംഗീത വേദികളിൽ കാണുന്ന വലിയ ബാസ് ഗിറ്റാറിന്റെ മാതൃക ആരെയും അദ്ഭുതപ്പെടുത്തും. കലോത്സവത്തിന്റെ പതാക ഉയർത്താനുള്ള കൊടിമരമാണ് ഈ ഗിറ്റാർ. പതിനാറടി ഉയർത്തിലുള്ള ഗിറ്റാറിന്റെ മാതൃകയിലുള്ള കൊടിമരം ഒരുക്കിയിരിക്കുന്നത് ആർട്ടിസ്റ്റ് പരാഗ് പന്തീരാങ്കാവാണ്.

കൗമാര കലയുടെ മാമാങ്കത്തിന് കൊടിമരത്തിലും വ്യത്യസ്തത വേണമെന്ന് റിസപ്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞപ്പോൾ അതൊരു ഗിറ്റാറായാലോ എന്ന് ചോദിക്കുകയായിരുന്നു പരാഗ്. ആദ്യമൽപ്പം ആശങ്ക ഉണ്ടായിരുന്നെങ്കിലും പിന്നീട് സംഘാടകർ പരാഗിനൊപ്പം നിന്നു. അങ്ങനെ നാലു ദിവസം കൊണ്ട് കവുങ്ങ്, പട്ടിക, പ്ലൈവുഡ് എന്നിവയെല്ലാം ഉപയോഗിച്ച് പരാഗ് കൊടിമരം രൂപപ്പെടുത്തി.

ഫ്‌ളെക്‌സ് ഉൾപ്പെടെ ഭൂമിക്ക് ഹാനികരമായതെല്ലാം ഒഴിവാക്കി തനി നാടൻ രീതിയിൽ ബോർഡുകൾ ഒരുക്കുന്ന കലാകാരനാണ് പരാഗ്. പാഴ് വസ്തുക്കളിൽ നിന്ന് പോലും അതിമനോഹരമായ ശിൽപ്പങ്ങൾ ഇദ്ദേഹം ഒരുക്കാറുണ്ട്. നാടകപ്രവർത്തകനായ അച്ഛൻ പത്മൻ പന്തീരാങ്കാവ് നൽകിയ പ്രോത്സാഹനങ്ങളാണ് തന്നെ ഈ വഴിയിലെത്തിച്ചതെന്ന് പരാഗ് പറയുന്നു.

ചിത്രകാരനായ പരാഗ് നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുണ്ട്. ഒരു തെരുവിന്റെ കഥ, ചെമ്പൻപ്ലാവ്, ജീവിത നാടകം തുടങ്ങി നിരവധി നാടകങ്ങൾക്ക് രംഗപടം ഒരുക്കിയിട്ടുണ്ട്. സിബി തോമസ്, ദിലീഷ് പോത്തൻ എന്നിവർ വേഷമിട്ട ആശപ്രഭ സംവിധാനം ചെയ്ത സിദ്ധാർത്ഥൻ എന്ന ഞാൻ എന്ന സിനിമയുടെ കലാസംവിധാനം നിർവ്വഹിച്ചതും പരാഗാണ്. വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉണ്ടാവേണ്ട ജാഗ്രതയെക്കുറിച്ച് ഓർമ്മിപ്പിക്കുന്ന കറന്റ് എന്ന ഹ്രസ്വ ചിത്രവും പരാഗ് പന്തീരാങ്കാവ് ഒരുക്കിയിട്ടുണ്ട്. തിറ, ഇത് മനസ്സിന്റെ സുഖമാണ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്. നിരവധി സംഘടനകളുടെ സമ്മേളനങ്ങൾക്ക് പ്രചരണ പ്രവർത്തനങ്ങൾ നടത്താനും പരാഗ് എത്താറുണ്ട്.

ശാന്താദേവി പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ ഇതിനകം പരാഗിനെ തേടി എത്തിയിട്ടുണ്ട്. കെ എസ് ഇ ബി കല്ലായ് സെക്ഷനിൽ ലൈന്മാനാണ് പരാഗ് പന്തീരാങ്കാവ്.