തിരുവനന്തപുരം: സർക്കാരുമായി പോരു തുടരുന്നതിനിടെ, കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ നിയമിച്ച രണ്ടംഗ സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നുമാസത്തേക്ക് കൂടി നീട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവംബർ നാലിനാണു കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് ചാൻസലറുടെ പ്രതിനിധിയെയും യുജിസി പ്രതിനിധിയെയും ഉൾപ്പെടുത്തി, സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ട് കമ്മിറ്റി രൂപീകരിച്ചത്. ഗവർണർ നിരന്തരം ആവശ്യപ്പെട്ടിട്ടും സെനറ്റ് പ്രതിനിധിയെ നൽകാൻ സർവകലാശാല തയാറായില്ല.

11ന് ചേർന്ന സെനറ്റ് യോഗം ക്വോറം തികയാതെ പിരിഞ്ഞു. നവംബർ നാലിന് സെനറ്റ് യോഗം ചേർന്നു പ്രതിനിധിയെ തിരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ, കഴിഞ്ഞ സെനറ്റിൽ പങ്കെടുക്കാത്ത ഗവർണറുടെ പ്രതിനിധികളായ 15 അംഗങ്ങളെ സെനറ്റിൽനിന്നും ഗവർണർ നീക്കി. അവർക്ക് പകരക്കാരെ നിയമിക്കുന്ന കാര്യം പരിഗണനയിലാണ്.

ഈ സാഹചര്യത്തിൽ പൂർണ കമ്മിറ്റിക്ക് പ്രവർത്തിക്കുന്നതിന് സമയം ലഭിക്കുന്നതിനു വേണ്ടിയാണ് കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. സർവകലാശാല നിയമമനുസരിച്ച് മൂന്നു മാസമാണ് കമ്മിറ്റിക്ക് കാലാവധി നിശ്ചയിച്ചിട്ടുള്ളത്. പ്രത്യേക സാഹചര്യത്തിൽ, ഗവർണറുടെ അധികാരം ഉപയോഗിച്ചു കാലാവധി നീട്ടുകയായിരുന്നു.

ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ചട്ട വിരുദ്ധമാണ് എന്നാണ് സർവകലാശാല നിലപാട്. വിഷയത്തിൽ നിയമോപദേശം തേടിയ സർവകലാശാല, സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ, പ്രതിനിധിയെ നിർദ്ദേശിക്കാൻ ഗവർണർ സെനറ്റിന് അന്ത്യശാസനം നൽകി. തുടർന്ന് സെനറ്റ് ചേർന്നെങ്കിലും ചില പ്രതിനിധികൾ യോഗത്തിൽ നിന്നുവിട്ടു നിന്നു. ഇതിന് പിന്നാലെ യോഗത്തിൽ നിന്ന് വിട്ടുനിന്ന 15പേരെ പിൻവലിക്കുന്നതായി ഗവർണർ ഉത്തരവിറക്കി.

യുജിസിയുടെയും ഗവർണറുടെയും പ്രതിനിധികളെ മാത്രം ഉൾക്കൊള്ളിച്ചാണ് കഴിഞ്ഞ ഓഗസ്റ്റിൽ പുതിയ വിസിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മറ്റിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രൂപം നൽകിയിരുന്നത്. സർക്കാരിന് എതിരെ രൂക്ഷ പ്രതികരണവുമായി ഗവർണർ രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ഗവർണറുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർക്കെതിരെ നടപടിയെടുക്കുമെന്ന് ഗവർണർ പറഞ്ഞു.

മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഖാൻ ട്വീറ്റിൽ പറഞ്ഞു. എന്നാൽ മന്ത്രിമാർ വ്യക്തിപരമായി ഗവർണറുടെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുന്ന വിധത്തിൽ പെരുമാറിയാൽ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്വീറ്റിൽ പറയുന്നു.