കൊല്ലം: കൊല്ലം ബീച്ചിനു സമീപം പെൺകുട്ടി തിരയിൽപ്പെട്ടു മരിച്ചത് അശ്രദ്ധയും ജാഗ്രത കുറവും കൊണ്ട്. കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും റീനയുടെയും മകൾ ജോഷ്ന ജിസൻ (7) ആണു മരിച്ചത്. ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം നടന്നത്.

ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെയാണ് ബീച്ചിൽ എത്തിയത്. പ്രശാന്ത് റീനയുടെ പിതാവിന്റെ സഹോദര പുത്രനാണ്. ഇസ്രയേലിൽ ആയിരുന്ന ഇദ്ദേഹം അടുത്തിടെയാണ് നാട്ടിൽ എത്തിയത്.
കുട്ടികളുമായി പ്രശാന്ത് ബീച്ചിൽ നിൽക്കുകയായിരുന്നു. അപ്പോഴാണ് പ്രശാന്തിന്റെ വാഹനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ പിന്നോട്ടെടുക്കാൻ കഴിയാതെ ഡ്രൈവർ ഹോൺ മുഴക്കി കൊണ്ടിരുന്നത്. അങ്ങനെ കാർ മാറ്റാൻ പ്രശാന്ത് ഉടൻ പാർക്കിങ് ഏര്യായിൽ എത്തി. ഈ സമയം തിരയിൽ കളിക്കുകയായിരുന്ന കുട്ടികളെ പ്രശാന്ത് ശ്രദ്ധിച്ചതുമില്ല. ഇതിനിടയിലാണ് കുട്ടികൾ തിരയിൽ പെട്ടത്.

4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽ പെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. ജോഷ്‌നയെ കരയ്ക്ക് എത്തിച്ചപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീച്ചിൽ ലൈഫ് ഗാർഡ് ഉണ്ടെങ്കിലും സംഭവം നടക്കുമ്പോൾ അവർ തുമ്പറ ഭാഗത്ത് ആയിരുന്നതും രക്ഷാ പ്രവർത്തനം വൈകിപ്പിച്ചു.

ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബത്തിന്റെ ഭാരം റീനയിൽ വന്നു ചേർന്നു. അങ്ങനെയാണ് മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏൽപ്പിച്ചിട്ട് റീന സ്‌കോ'ട്ലാന്റിലേക്ക് പോയത്. ഇസ്രായലിൽ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കൾക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.

സ്‌ക്വാട്‌ലാന്റിൽ ജോലി ചെയ്യുന്ന റീനയ്ക്ക് പൊന്നു മോളുടെ വേർപാട് വിശ്വസിക്കാനായില്ല. പ്രശാന്തിന്റെ ഭാര്യയും സ്‌ക്വാട്‌ലാന്റിൽ ഉണ്ട്. അവർ വഴി കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിക്കുകയായിരുന്നു. ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂൾ വിദ്യാർത്ഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.