കോഴിക്കോട്: '' മോനേ മലയാളത്തിൽ പറഞ്ഞാൽ മതി. എനിക്ക് മലയാളം നന്നായി അറിയം. നീ എന്തിനാണ് ഇംഗ്ലീഷ് പറഞ്ഞ് ബുദ്ധിമുട്ടുന്നത്''- നടി ഷക്കീല, തന്നോട് ചോദ്യം ചോദിച്ച ഒരു വിദ്യാർത്ഥിയോടെ ഇങ്ങനെ പറയുമ്പോൾ വേദിയിൽ നിറഞ്ഞ കൈയടിയായിരുന്നു. ഒരു കാലത്ത് അഡൽസ് ഓൺലി പടങ്ങളിലുടെ ശ്രദ്ധേയയായ ഷക്കീല ഇപ്പോൾ, അതിജീവനത്തിന്റെ പ്രതീകമായ ഒരു വനിത എന്ന നിലയിലാണ് കേരളമെമ്പാടും സ്വീകരിക്കപ്പെടുന്നത്. ഡി സി ബുക്സിന്റെ നേതൃത്വത്തിൽ, കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഷക്കീലയെ വലിയ കൈയടിയോടെയാണ് ജനം വരവേറ്റത്.

എഴുത്തുകാരി ദീദി ദാമോദറുമായുള്ള സംവാദത്തിൽ തന്റെ ജീവിതമാണ് ഷക്കീല പങ്കുവെച്ചത്. -'' അക്കാലത്ത് ഞങ്ങൾക്ക് കടുത്ത ദാരിദ്രമായിരുന്നു. സ്‌കുൾ ഫീസ് അടക്കാൻ കഴിയാതെ പതിവായി പുറത്തുനിൽക്കുന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ. പക്ഷേ അതും ഞാൻ ഒരു അനുഗ്രഹമായാണ് കണ്ടത്. കാരണം പഠിക്കാൻ തീരേ മോശമായിരുന്നു. ക്ലാസിനകത്തിരുന്ന് അടിവാങ്ങിക്കുന്നതിനേക്കാൾ നല്ലത്, പുറത്തുനിൽക്കയാണെന്നാണ്് അക്കാലത്ത് തോന്നിയത്. അഭിനയത്തിലേക്ക് ഇറങ്ങാനുള്ള പ്രധാനകാരണവും ദാരിദ്ര്യം തന്നെയായിരുന്നു. വിമർശകർ എന്റെ കുടുംബത്തിന് ഭക്ഷണം കൊണ്ടത്തരുമോ?. ഞാൻ സമ്പാദിച്ചത് ഒന്നും ധുർത്തടിച്ചിട്ടില്ല. എല്ലാം എന്റെ കുടുംബത്തിനുവേണ്ടിയാണ് ചെലവിട്ടത്്. പക്ഷേ എനിക്ക് വലിയ സമ്പാദ്യങ്ങളും ഉണ്ടായില്ല. എന്റെ പണത്തിൽ നല്ലൊരു ഭാഗം സഹോദരി കടംകൊടുത്തും മറ്റും നഷ്ടപ്പെട്ടു.''- ഷക്കീല പറഞ്ഞു.

''ഇങ്ങനെ ഒക്കെ അഭിനയിക്കാമോ എന്നൊന്നും എന്റെ മുഖത്ത് നോക്കി ചോദിക്കാൻ ആർക്കും ധൈര്യമുണ്ടായിട്ടില്ല. പക്ഷേ പിറകിൽനിന്ന് അവർ കുശുകുശുക്കം. ഞാൻ അത് മൈൻഡ് ചെയ്യാറില്ല. ഞാൻ അക്കാലത്ത് നല്ല ബോസി സ്വഭാവക്കാരിയായിരുന്നു. എന്നെ ചൂഷണം ചെയ്യാനും ആർക്കും കഴിഞ്ഞിട്ടില്ല.''- ഷക്കീല പറയുന്നു.

മലയാളത്തിലെ സെക്സ് ചിത്രങ്ങളിലെ അഭിനയം നിർത്തി മാറി നിന്നശേഷമുള്ള അഞ്ചുവർഷമാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമെന്നും അവർ പറയുന്നു. '' അക്കാലത്ത് നിരവധി ചിത്രങ്ങളിൽനിന്ന് എന്നെ ഒഴിവാക്കിയതായി കേട്ടിട്ടുണ്ട്. ഷക്കീല ഒരു ചിത്രത്തിൽ വന്നാൽ പിന്നെ അതിന്റെ നിറം നീലയായിപ്പോവും എന്നാണ് അവർ പറഞ്ഞത്. ആ കാലം അൽപ്പം വിഷമിച്ചാണ് അതിജീവിച്ചത്''- നടി പറയുന്നു.

മലയാള സിനിമക്ക് നന്ദി

താൻ ചെയ്തതിൽ ഒന്നും ഒരു രീതിയിലുള്ള കുറ്റബോധത്തിന്റെയും ആവശ്യമില്ലെന്നും അവർ പറഞ്ഞു.പുതുതായി സിനിമമേഖലയിൽ കടന്നുവരുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഷക്കീല ഇങ്ങനെ മറുപടി പറയുന്നു. -'' മറ്റ് എല്ലാ മേഖലയിലുമെന്നപോലെ ചതിക്കുഴികൾ സിനിമയിലുമുണ്ട്. പക്ഷേ ഇന്നത്തെകാലത്ത് ഏത് ഒരാൾക്കും കടന്നുവരാൻ പറ്റിയ മേഖലതന്നെതാണ് അത്. മലയാളി യുവത്വം ശരിക്കും സുന്ദരന്മാരും സുന്ദരികളും നല്ല കഴിവുമുള്ളവരുമാണ്. നിങ്ങൾക്ക് ഇവിടേക്ക് കയറിവരാം. പക്ഷേ സൂക്ഷിക്കണം''.

മലയാള സിനിമ നിങ്ങളെ വെറും വിൽപ്പന ചരക്കാക്കിയോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ല എന്നായിരുന്നു അവരുടെ മറുപടി. -'' ഞാൻ എന്നും മലയാള സിനിമയോട് നന്ദിയുള്ളവളാണ്. മലയാള സിനിമ മൂലമാണ് എനിക്ക് ഈ പ്രശസ്തിയൊക്കെ കിട്ടയത്. ഇപ്പോൾ ഞാൻ എവിടെപോയാലും ഒപ്പം പൊലീസും ആൾക്കൂട്ടവും ബഹളവുമാണ്. മലയാള സിനിമയെ തള്ളിപ്പറയാൻ എനിക്ക ഒരിക്കലും അവില്ല- ഷക്കീല പറഞ്ഞു. അഭിമുഖ പരിപാടിക്കുശേഷവും ഷക്കീലക്കൊപ്പം സെൽഫിയെടുക്കാൻ നിരവധിപേർ എത്തിയിരുന്നു. കനത്ത സുരക്ഷയിലാണ് അവർ പുറത്തുപോയതും.

സി. ഷക്കീല ബീഗം എന്ന പുർണ്ണനാമമുള്ള ഷക്കീല, 1977-ൽ മദ്രാസിലാണ് ജനനിച്ചത്. സിൽക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച 'പ്ലേ ഗേൾസ്' എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് സിനിമാ ജീവിതം തുടങ്ങുന്നത്. 'ഇളമനസ്സേ കിള്ളാതെ' എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ അഭിനയിച്ച 'കിന്നാരത്തുമ്പികൾ' എന്ന ചലച്ചിത്രം വൻ വിജയമായിരുന്നു. ഇതേതുടർന്ന് 90കളിൽ അഡൾട്ട് സിനിമകളുടെ ഒരു തരംഗംതന്നെയുണ്ടായി. കിന്നാരത്തുമ്പികൾ, ഡ്രൈവിങ് സ്‌കൂൾ, സിസ്റ്റർ മരിയ തുടങ്ങിയതിൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. 'ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമായിരുന്നു' എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.