ലണ്ടൻ: സ്വയം നിർഭാഗ്യം വലിച്ചു തലയിൽ കയറ്റിയ പെൺകുട്ടി എന്നാണ് ഇപ്പോൾ ഷമീമ ബീഗത്തെ വിശേഷിപ്പിക്കുന്നത്. തന്റെ പതിനഞ്ചാം വയസ്സിൽ, സ്‌കൂൾ പഠനമുപേക്ഷിച്ച് ഐസിസിനൊപ്പം പോരാടാൻ സിറിയയ്ക്ക് പോയതാണ് ഷമീമ. ഒപ്പം രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. കദീജ സുൽത്താന, അമിറ അബേസ് എന്നീ കൂട്ടുകാർക്കൊപ്പമായിരുന്നു ഇസ്ലാമിക രാജ്യം കെട്ടിപ്പടുക്കാൻ ഷമീമ സിറിയയിൽ എത്തിയത്. ഇതിൽ കദീജ ഒരു സ്ഫോടനത്തിൽ മരിച്ചിരുന്നു. അമീറയെ കുറിച്ച് വിവരമൊന്നുമില്ല.

ബംഗ്ലാദേശ് വംശജരായ മാതാപിതാക്കളുടെ മകളായി ബ്രിട്ടനിലായിരുന്നു ഷമീമ ബീഗത്തിന്റെ ജനനം. എന്നാൽ ഇവർക്ക് ബംഗ്ലാദേശ് പൗരത്വമില്ല. 2019-ൽ തന്റെ 19-ാം വയസ്സിൽ സിറിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ ഷമീമയെ കണ്ടെത്തുമ്പോൾ അവർ ഒൻപത് മാസം ഗർഭിണിയായിരുന്നു. പിന്നീട് ഈ കുട്ടി ന്യുമോണിയ ബാധിച്ചു മരണമടഞ്ഞു. അതിനു മുൻപായി മറ്റ് രണ്ടു കുട്ടികൾ കൂടി ഷമീമക്ക് ഉണ്ടായിരുന്നെങ്കിലും അവരും മരണമടഞ്ഞു.

2019-ൽ തന്നെ ദേശീയ സുരക്ഷാ കാരണത്താൽ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. ഐ എസ് ഭരണത്തിൻ കീഴിൽ ഡച്ചുകാരനായ ഭർത്താവുമൊന്നിച്ച് മൂന്ന് വർഷമായിരുന്നു ഇവർ കഴിഞ്ഞത്. ഭർത്താവ് ഇപ്പോൾ ഒരു കുർദ്ദിഷ് ജയിലിൽ തടവുകാരനായി കഴിയുകയാണ്. ഒരുകാലത്ത് ഐസിസ് ഖാലിഫൈറ്റിന്റെ കേന്ദ്രമെന്ന് വിശേഷിക്കപ്പെട്ടിരുന്ന റാക്കായിലെ ജയിലിലാണ് ഇന്ന് ആ ഖാലിഫൈറ്റ് പോരാളി തടവിൽ കിടക്കുന്നതെന്നതും കൗതുകകരമാണ്.

ഐസിസിന്റെ തകർച്ചക്ക് ശേഷം ഷമീമ ബീഗം ബ്രിട്ടനിലേക്ക് തിരികെ വരാൻ മുതിർന്നെങ്കിലും പൗരത്വം പോലും റദ്ദ് ചെയ്യുകയായിരുന്നു സർക്കാർ ചെയ്തത്. ഭീകരരുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയയായി അവർക്കൊപ്പം യുദ്ധം ചെയ്തവർ ദേശീയ സുരക്ഷക്ക് ഭീഷണിയാകും എന്നായിരുന്നു സർക്കാർ വാദം. അതിനെതിരെ ഷമീമ ബീഗം അപ്പീലിന് പോയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇപ്പോഴിതാ അപ്പീൽ കോടതിയിൽ നൽകിയ അപേക്ഷയും കോടതി തിരസ്‌കരിച്ചിരിക്കുന്നു.

ആവേശപൂർവ്വം ജിഹാദിന് ഇറങ്ങിത്തിരിച്ച ബീഗം ഇപ്പോൾ പറയുന്നത് താൻ മനുഷ്യക്കടത്തിന് ഇരയായതാണെന്നായിരുന്നു. പൗരത്വം റദ്ദാക്കുന്ന സമയത്ത് ഷമീമ മനുഷ്യക്കടത്തിന് ഇരയായതാണോ എന്നത് പരിഗണിക്കണം എന്നായിരുന്നു അവരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. മാത്രമല്ല, മറ്റൊരു രാജ്യത്തും ഷമീമക്ക് പൗരത്വം ഇല്ലെന്ന കാര്യവും ഹോം ഡിപ്പാർട്ട്മെന്റ് പരിഗണിച്ചില്ലെന്നും അഭിഭാഷകർ പറഞ്ഞു.

ഈ വാദഗതികൾ എല്ലാം തന്നെ പരിഗണനക്ക് വിഷയം പോലും ആക്കാതെ കോടതി തള്ളിക്കളയുകയായിരുന്നു. അന്നത്തെ ഹോം സെക്രട്ടറി ആയിരുന്ന സാജിദ് ജാവേദിന്റെ നടപടികളിൽ ഒരു പാകപ്പിഴകളും ഇല്ലെന്നും കോടതി കണ്ടെത്തി. കേസിന്റെ വിചാരണയിലുട നീളം ഷമീമക്ക് ബംഗ്ലാദേശ് പൗരത്വം ലഭിക്കുന്നതിനുള്ള അർഹതയുണ്ടെന്ന് സർക്കാർ വാദിച്ചിരുന്നെങ്കിലും, ബംഗ്ലാദേശിലെക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും ഷമീമയുടെ അഭിഭാഷകർ വാദിച്ചിരുന്നു.

അതുകൊണ്ടു തന്നെ ഒരു രാജ്യത്തും പരുത്വമില്ലാത്തവരെ ഉപെക്ഷിക്കുന്നത് ബ്രിട്ടീഷ് നിയമത്തിനും അന്താരാഷ്ട്ര നിയമങ്ങൾക്കും എതിരാണെന്നും അഭിഭാഷകർ വാദിച്ചു. എന്നാൽ, അത് പരിഗണിക്കേണ്ട ബാദ്ധ്യത ഹോം സെക്രട്ടറിക്കില്ലെന്നും, ഷമീമ ബീഗത്തിന്റെ പൗരത്വം നിഷേധിക്കാൻ ഹോം സെക്രട്ടറിക്ക് അധികാരമുണ്ടെന്നും കോടതി അഭിപ്രയപ്പെട്ടു.

ഷമീമ ബീഗത്തിനെതിരെ എടുത്ത നടപടി കഠിനമായി എന്ന് വാദിക്കാം, സ്വന്തം ദുർവിധിയുടെ സ്രഷ്ടാവാണ് ഷമീമ ബീഗം എന്ന് വാദിക്കാം, എന്നാൽ, ഇതൊന്നും കോടതിക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യേണ്ട കാര്യങ്ങളല്ല. ഹോം സെക്രട്ടറിയുടെയും സർക്കാരിന്റെയും നടപടികൾ നിയമ വിരുദ്ധമാണോ എന്ന് നോക്കേണ്ട ചുമതല മാത്രമെ തങ്ങൾക്ക് ഉള്ളൂ എന്ന് പറഞ്ഞ ജഡ്ജിമാർ ഷമീമ ബീഗത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.