കണ്ണൂർ: മലബാർ എന്നും തെയ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലമാണ്. പലതരത്തിലുള്ള തെയ്യങ്ങൾ തെയ്യക്കാലമായ മലബാറിന്റെ മാറ്റുകൂട്ടാനായി അരങ്ങിലെത്തും. ക്രിസ്മസും ന്യൂ ഇയറും പ്രമാണിച്ച് കണ്ണൂർ തെയ്യ കേക്കുമായി ഒരുങ്ങുകയാണ്. കണ്ണൂരിലെ ബ്രൗണീസ് ബേക്കറി ആണ് പുതുവർഷത്തെ വരവേൽക്കാനായി തെയ്യത്തിന്റെ രൂപത്തിലുള്ള കേക്ക് നിർമ്മിച്ചത്.

എട്ടടി ഉയരത്തിലാണ് തെയ്യത്തിന്റെ കേക്ക് തല ഉയർത്തി നിൽക്കുന്നത്. 140 കിലോ ആണ് കേക്കിന്റെ ഭാരമായി കണക്കാക്കപ്പെടുന്നത്. തലശ്ശേരിക്കാരനായ ഷെറിൻ തലശ്ശേരിയാണ് 10 ദിവസം എടുത്ത് കേക്കിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കേക്ക് ബേക്കറിയിൽ വില്പനയ്ക്ക് ഇപ്പോൾ തയ്യാറായി നിൽക്കുകയാണ്. ഇന്ത്യയിൽ ആദ്യമായി കേക്ക് നിർമ്മിക്കപ്പെട്ട സ്ഥലമാണ് തലശ്ശേരി. 1880ൽ മാമ്പള്ളി ബേക്കറി ആണ് ആദ്യമായി ഇന്ത്യയിൽ കേക്ക് നിർമ്മിച്ചത്. അന്ന് തലശ്ശേരിയിൽ ആയിരുന്നു മാമ്പള്ളി ബേക്കറി. പക്ഷേ ഇന്ന് പല യൂണിറ്റുകളായി പല സ്ഥലത്തും വ്യാപിച്ച് കിടപ്പുണ്ട്.

ആദ്യ കേക്ക് നിർമ്മിച്ചതിന്റെ ചരിത്രം ഓർമ്മിപ്പിക്കുവാൻ എന്നോളമാണ് ഇത്തരത്തിൽ ഒരു നൂതനമായ കേക്ക് ബ്രൗണീസ് നിർമ്മിച്ചത്. കേരളത്തിലെ ആദ്യത്തെ ബേക്കറി ആയിരുന്നു മാമ്പള്ളി ബേക്കറി. ബ്രിട്ടീഷ് ഭരണകാലത്ത് 1883ൽ ക്രിസ്മസ് കാലത്തായിരുന്നു തലശ്ശേരിയിൽ ആദ്യത്തെ കേക്ക് നിർമ്മിച്ചത്. അന്നത്തെ ബേക്കറി ഉടമയായ മാമ്പള്ളി ബാപ്പു ആയിരുന്നു നിർമ്മാണത്തിന് പിന്നിൽ. 1880ൽ ആരംഭിച്ച മാമ്പള്ളി ബേക്കറിയുടെ ഒരു യൂണിറ്റാണ് ബ്രൗണീസ്. അതുകൊണ്ടുതന്നെ ആ ഒരു ഓർമ്മ പുതുക്കലും ഇത്തരത്തിലൊരു കേക്ക് നിർമ്മാണത്തിന്റെ പിന്നിലുണ്ട്.

കണ്ണൂരിലെ തളാപ്പിലുള്ള ബ്രൗണിസിന്റെ ഔട്ട്‌ലെറ്റിൽ ആണ് കൂറ്റൻ തെയ്യത്തിന്റെ കേക്ക് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ന്യൂ ഇയർ വരെ കേക്ക് ആർക്കും നൽകാതെ കാണികൾക്കായി പ്രദർശിപ്പിക്കും. ശേഷം ആവശ്യക്കാർക്ക് കേക്ക് നൽകും എന്നാണ് ബ്രൗണീസ് അധികൃതർ വ്യക്തമാക്കുന്നത്. അതി സൂക്ഷ്മമായ രീതിയിലാണ് കേക്കിന്റെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത്.

ഷറിൻ തലശ്ശേരി എന്ന കലാകാരനും കേക്ക് നിർമ്മാതാവുമാണ് തെയ്യത്തിന്റെ അണിയറ ശില്പി. 10 ദിവസത്തോളം എല്ലാദിവസവും മണിക്കൂറുകൾ ചെലവിട്ടാണ് നിർമ്മാണം നിർവഹിച്ചിട്ടുള്ളത്. ആരോഗ്യത്തിന് കേടു സംഭവിക്കാത്ത ഫുഡ് കളർ ആണ് തെയ്യത്തിന് നിറം പകരുവാനായി ഉപയോഗിച്ചിട്ടുള്ളത്. കലാകാരനും കേക്ക് നിർമ്മാതാവുമാണ് ഷെറിൻ. ഇതിനുമുമ്പും ഇത്തരത്തിൽ വ്യത്യസ്തമാർന്ന കേക്ക് ഷെറിൻ നിർമ്മിച്ചിട്ടുണ്ട്. നിരവധി ആളുകൾ കേക്കിന് വില പറഞ്ഞു വരുന്നുണ്ട് എങ്കിലും ന്യൂ ഇയർ വരെ കാണികൾക്കായി തെയ്യതിന്റെ കേക്ക് ഇവിടെ തല ഉയർത്തി നിൽക്കും.

മലബാറിന്റെ തനത് കലയാണ് തെയ്യം. അതുകൊണ്ടുതന്നെയാണ് തെയ്യം എന്ന കലാരൂപത്തെ തന്നെ കേക്കിന്റെ രൂപത്തിൽ ആവിഷ്‌കരിക്കാൻ തീരുമാനം ആക്കിയത്. മാത്രമല്ല കാണുന്ന എല്ലാവർക്കും ആകർഷണം ഉണ്ടാവുന്ന രീതിയിലാണ് തെയ്യത്തിന്റെ മുഖത്തെഴുത്തും ആടയാഭരണങ്ങളും. അതുകൊണ്ടുതന്നെ തെയ്യത്തിന്റെ രൂപത്തിൽ കേക്ക് നിർമ്മിച്ച കാണുന്ന കാണികൾക്ക് കൗതുകം ഉണ്ടാകും എന്നുള്ള നിഗമനത്തിലാണ് ഇത്തരത്തിൽ ഒരു കേക്ക് നിർമ്മിക്കാൻ ബ്രൗണിസ് അധികൃതർ തീരുമാനിച്ചത്.

ഒരു കിലോ കേക്കിന് 700 രൂപയാണ് വില. അങ്ങനെ 98,000 രൂപയാണ് കേക്കിന്റെ ആകെയുള്ള വിൽപ്പന തുക. പക്ഷേ കേക്ക് ചില്ലറയായി വില്പനക്കില്ല എന്നും മുഴുവനായി മാത്രമേ വിൽപ്പന നടത്തു എന്നുമാണ് ബേക്കറി അധികൃതർ പറയുന്നത്. നിരവധി ആളുകളാണ് തെയ്യകക്ക് കാണാനായി കണ്ണൂരിലുള്ള ബ്രൗണിസ് ബേക്കറിയിൽ എത്തുന്നത്. പല ആളുകളും കേക്കിനൊപ്പം സെൽഫി എടുത്ത് ആഘോഷിക്കുകയാണ്.