കോഴിക്കോട്: ഓർമ്മയില്ലേ, മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ശിഹാബ് ചോറ്റുർ എന്ന ചെറുപ്പക്കാരനെ. മലപ്പുറത്തുനിന്ന് മക്കയിലേക്ക് കാൽനടയാത്ര നടത്തി ഹജ്ജ് ചെയ്യതായി അവകാശപ്പെട്ട ശിഹാബ് ഇപ്പോൾ ആളാകെ മാറിയിരിക്കയാണ്. നൂറുൽ ഖമർ എന്ന് വിശ്വാസികൾ വിളിക്കുന്ന ശിഹാബിനെ കാണാനും കൈ മുത്താനും തിക്കും തിരിക്കുമാണ് എവിടെയും. നേരത്തെ ജീൻസും ടീ ഷർട്ടുമൊക്കെയിട്ട് യാത്ര ചെയ്തിരുന്നു ശിഹാബ് ഇപ്പോൾ, തൂവെള്ള മൗലവി വസ്ത്രത്തിലാണ് അധികവും. ശിഹാബ് ഒരു പാട് മതചടങ്ങുകളിൽ പങ്കെടുക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ഉണ്ട്.

ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്. യുട്യൂബ് വരുമാനം ലക്ഷ്യമിട്ടുള്ള മത പ്രചാരണമാണ് ശിഹാബ് നടത്തുന്നതെന്ന് നേരത്തെ മുസ്ലിം സമുദായത്തിൽനിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ളവർ ശിഹാബിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. പക്ഷേ യാത്ര കഴിഞ്ഞ് എത്തിയതോടെ പൂർണ്ണമായും ഒരു ഔലിയായി അയാൾ പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു.

സ്വതന്ത്രചിന്തകയും എക്സ് മുസ്ലീമുമായ ജാമദി ടീച്ചർ ഇങ്ങനെ എഴുതുന്നു. ' കാൽനടയാത്ര ചെയ്ത് ഹജ്ജ് ചെയ്ത ഷിഹാബിലൂടെ കേരളത്തിന് ഒരു ഔലിയയെക്കൂടി ലഭിച്ചിരിക്കുന്നു മക്കളേ. നൂറുൽ ഖമർ , ഷെയ്ഖ് അൽ ശുയൂഖ് ശിഹാബിനെ കാണാനും ആ തിരു കൈ മുത്താനുമുള്ള ചെറിയ തിക്കും തിരക്കും താമസിയാതെ ഒരു വൻ ജനത്തിരക്കായി മാറും. പുണ്യ ഹജ്ജിന് കാല്നടയാത്രയായി പുറപ്പെട്ട നൂറുൽഖമറിന് ആ യാത്ര അനായാസമാക്കാനും , ദിവസങ്ങളും മാസങ്ങളും എടുക്കേണ്ടിയിരുന്ന ആ യാത്ര മണിക്കൂറുകളായി ചുരുങ്ങാൻ ഇടക്കൊക്കെ മുന്നിൽ പ്രത്യക്ഷപ്പെട്ട 'ലോഹപേടക'വുമൊക്കെ നൂറുൽഖമറിന്റെ സിദ്ധി വെളിവാക്കുന്നതാണ് അദ്ദേഹത്തെ നേരിൽ കാണാൻ പ്രയാസപ്പെടുന്നവർക്കായി അദ്ദേഹം ഊതിയ വെള്ളക്കുപ്പികൾ താമസിയാതെ വിപണിയിൽ ലഭിക്കും. അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ ഒരു ജാറം വേണമെന്നുള്ള ആവശ്യം ഇപ്പോഴേ അഖില കേരള നൂറുൽ ഖമർ ഫാൻസ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്.''- ഇങ്ങനെയാണ് ജാമിദ ടീച്ചർ പ്രതികരിച്ചത്. ഇത് ശരിവെക്കുന്ന വാർത്തകളും വീഡിയോകളുമാണ് ഇപ്പോൾ ശിഹാബ് തന്നെ പങ്കുവെക്കുന്നത്.

യൂട്യൂബറിൽ നിന്ന് ഔലിയയിലേക്ക്

പ്ലസ്ടു വിദ്യാഭ്യാസമുള്ള യു ട്ഊബർ മാത്രമായിരുന്നു കഴിഞ്ഞ വർഷം മുമ്പുവരെ ശിഹാബ് ചോറ്റുർ. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ശിഹാബ് ജനിക്കുന്നത്. യാത്ര ചെയ്ത് വലിയ അനുഭവ പരിചയങ്ങൾ ഒന്നും ഈ 29കാരന് ഉണ്ടായിരുന്നില്ല. പ്ലസ്ടു, അക്കൗണ്ടൻസി കോഴ്‌സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തിരുന്നു. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽ നിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു. എന്നാൽ സബ്സ്‌ക്രൈബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.

ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്‌സ് ഒരു മില്യൺ കടന്നു ശരാശരി 2 ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് നടത്തുന്ന 3 യൂട്യൂബ് ചാനലുകൾക്ക് പുറമോ, 9 യൂട്യൂബ് ബ്ലോഗർമാരും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു. അതായത് വരുമാനവും പ്രശസ്തിയും ലക്ഷ്യമിട്ട് ശിഹാബ് വിശ്വാസ ചൂഷണം നടത്തുകയാണെന്നാണ് വിമർശകർ പറയുന്നത്. ഇവർ യൂട്യൂബ് ഹാജി എന്ന വിളിപ്പേരും ശിഹാബിന് ഇട്ടുകഴിഞ്ഞു.

വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽ നിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്. ശിഹാബ് സുബ്ഹി നമസ്‌കാരത്തിനുശേഷം, ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞാണ് മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. ഇന്ത്യയും, പാക്കിസ്ഥാനും, ഇറാനും, ഇറാഖും, കുവൈത്തും, സൗദിയും കടന്ന് 8000 കിലോമീറ്റുകൾ താണ്ടിയാണ് യാത്ര നടത്തേണ്ടത്. ശിഹാബ് ആദ്യം പറഞ്ഞത് തനിക്ക് ഈ അഞ്ച് രാജ്യങ്ങളുടെയും വിസ ഉണ്ടെന്നാണ്. പക്ഷേ അത് ശരിയല്ലായിരുന്നു.

ഇന്ത്യയിൽ അടിപൊളിയായിട്ടാണ് ശിഹാബിന്റെ യാത്ര മുന്നേറിയത്. ഉത്തരേന്ത്യയിലൊക്കെ വൻ ജനാവലിയാണ് ഇദ്ദേഹത്തെ കാണാൻ തിടിച്ചുകൂടിയത്. പോയ എല്ലായിടത്തും ശിഹാബ് താരമായി. ആയിരങ്ങൾ സെൽഫിയെടുക്കാനും ഫോട്ടോ എടുക്കാനും ഇരമ്പിയാർത്തു. യുട്യൂബിൽ ലക്ഷങ്ങൾ കാഴ്ചക്കാരായി വന്നു. സംഭാവന ഇനത്തിലും വൻ തുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊലീസ് വലിയ സംരക്ഷണമാണ് ശിഹാബിന് ഒരുക്കിയത്. വാഗ അതിർത്തിവരെ എല്ലാം ഭംഗിയായി നടന്നു. പക്ഷേ പിന്നീട് അങ്ങോട്ട് പണി പാളി. പാക്ക് വിസക്കായി നാലരമാസമാണ് ശിഹാബിന് ഇവിടെ കഴിയേണ്ടി വന്നത്.

സെപ്റ്റംബർ ഏഴിന് വാഗാ ബോർഡലിലെത്തിയതാണ് ശിഹാബ്. വാഗാ ബോർഡറിന് ഏകദേശം 15 കിലോമീറ്റർ അടുത്തയിരുന്നു ശിഹാബിന്റെ താമസം. അവിടെ ഹാഫിയ സ്‌കൂളിന്റെ ഉടമസ്ഥനായ ഡോക്ടർ ഷുഹൈബ് അഹമ്മദ് സ്‌കുളിൽ താമസിച്ചുകൊള്ളുവാൻ പറയുകയായിരുന്നു. ആ ടെറസിനു മുകളിൽ തന്നെ ആണ് ശിഹാബിന്റെ ഉറക്കവും തീറ്റയും എല്ലാം. ഇടയ്ക്കിടെ അവിടെ നിന്ന് ഇറങ്ങുക, ആ ഭാഗത്തൊക്കെ നടന്നു വീഡിയോ ഇടുക അങ്ങനെ നാലരമാസമാണ് കഴിഞ്ഞുപോയത്. പാക്ക് വിസക്കായുള്ള കാത്തിരിപ്പ് നീണ്ടതോടെ ആവേശക്കമ്മറ്റിക്കാർ എല്ലാം പിരിഞ്ഞ് പോയി. യൂട്യുബിലും പഴയപോലെ വ്യൂവേഴ്സ് കിട്ടാതായി. മൂന്നുമാസം ആ ടെറസിൽ കഴിഞ്ഞതോടെയാണ് പാക്കിസ്ഥാനിലേക്ക് ഉപാധികളോട് കടക്കാൻ അനുമതി കിട്ടിയത്. പാക്കിസ്ഥാൻ ആവട്ടെ ഒരു ദിവസത്തിനുശേഷം ശിഹാബിനെ നേരെ ഇറാനിലേക്ക് വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. അതോ െകാൽ നടയായുള്ള ഹജ്ജ് എന്ന സ്വപ്നം പൊലിഞ്ഞു.

ഇതോടെ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ ശിഹാബ് ആരാധകർ പോരടിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. പാക്കിസ്ഥാൻ ശിഹാബിനെ വിമാനത്തിൽ കയറ്റിവിട്ട് അയാളുടെ യാത്ര മുടക്കിയെന്ന് ഇന്ത്യൻ ആരാധകർ പറയുമ്പോൾ, അവിടെ പാക്കിസ്ഥാനി വ്ളോഗർമാരും തിരിച്ചടിക്കയാണ്. പക്ഷേ എങ്ങനെയൊക്കെയോ സൗദിയിലെത്തി ഹജ്ജ് കഴിഞ്ഞ് നാട്ടിലെത്തിയ, ശിഹാബിന് വിശ്വാസികൾക്കിടയിൽ വൻ സ്വീകരണമാണ് കിട്ടിയത്. ഇപ്പോഴിതാ ഒരു സിദ്ധന്റെ നിലവാരത്തിലേക്ക് അദ്ദേഹം ഉയരുകയാണ്.