ന്യൂഡല്‍ഹി: അപകടം നടക്കുമ്പോള്‍ ലോറിയില്‍ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ സ്ഥിരീകരിച്ച സ്ഥലത്ത് ലോറിയുടെ ക്യാബിനില്‍ അര്‍ജുന്‍ ഉണ്ടാവാമെന്ന് റിട്ടയേഡ് മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍. വലിയ കല്ല് വന്നുവീണ് ലോറിയുടെ ചില്ല് തകര്‍ന്നുപോവാന്‍ സാധ്യത കുറവാണ്. അനുഭവത്തില്‍നിന്നും മനസിലാക്കിയ കാര്യങ്ങളില്‍നിന്നുമാണ് പറയുന്നതെന്നും ഇന്ദ്രബാല്‍ വിശദീകരിച്ചു. രക്ഷാദൗത്യം തുടരേണ്ടതിന്റെ പ്രസക്തിയാണ് ഇത് ചര്‍ച്ചയാക്കുന്നത്. അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയും ഇതോടെ കൂടുകയാണ്.

അര്‍ജുനെ കണ്ടെത്തുകയെന്നതാണ് പ്രഥമപരിഗണന. അതിനുവേണ്ടി പരിമിതികള്‍ക്കുള്ളില്‍നിന്ന് തങ്ങള്‍ക്ക് കഴിയുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് ഡ്രോണ്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പറഞ്ഞു. കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ പുഴയില്‍ സി.പി. നാല് എന്ന് രേഖപ്പെടുത്തിയ സ്ഥലത്താണ് ട്രക്ക് ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. മനുഷ്യ ശരീരം കണ്ടെത്താനുള്ള ഡേറ്റാബേസ് ഇതുവരെ ഐബോഡിനില്ല. അതുകൊണ്ടാണ് തെര്‍മല്‍ സ്‌കാനര്‍ കൊണ്ടുവന്നത്. എന്നാല്‍, അതിന് വലിയ മേഖലയില്‍ സ്‌കാന്‍ചെയ്യാന്‍ കഴിയില്ല-ഇന്ദ്രബാല്‍ വിശദീകരിച്ചു.

എവിടെയാണോ സംശയം, അവിടെ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. വെള്ളത്തിലൂടെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ്. സി.പി. നാലില്‍നിന്ന് ഹീറ്റ് സിഗ്‌നല്‍ ലഭിക്കാത്തതിനാലാണ് മനുഷ്യശരീരം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ഇന്ദ്രബാലന്‍ റിപ്പോര്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരുന്നു.

ട്രക്കിന്റേതിന് സമാനമായ സിഗ്‌നലുകള്‍ ലഭിച്ചത് നാലിടങ്ങളിലാണെന്നാണ് പരിശോധന റിപ്പോര്‍ട്ട്. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ് സംഘം കണ്ടെത്തിയത്. സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു.

പോയിന്റ് നാലില്‍ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്. ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രോണ്‍ പരിശോധനയില്‍ ലോറി കണ്ടെത്താന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് വ്യക്തമായ സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധനയെന്ന് ജില്ലാ കളക്ടര്‍ കെ. ലക്ഷ്മി പ്രിയ ഐ.എ.എസ്. പറഞ്ഞു. പുഴയിലിറങ്ങാന്‍ ടഗ് ബോട്ടുകളുടെ സഹായം തേടും. പ്രാദേശിക മത്സത്തൊഴിലാളികളുടെ സഹായവും ലഭ്യമാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. പൊന്റൂണ്‍ സ്ഥാപിക്കുന്നതും പരിശോധിക്കും.

പൊന്റൂണ്‍ ഭാഗങ്ങളായി കൊണ്ടുവന്ന് ഘടിപ്പിക്കേണ്ടതുണ്ട്. ഇതാണ് വൈകാന്‍ കാരണം. മത്സ്യത്തൊഴിലാളികളുടെ പ്രദേശത്തെക്കുറിച്ചുള്ള പരിജ്ഞാനവും ഉപയോഗിക്കുമെന്നും അവര്‍ പറഞ്ഞു.