കോഴിക്കോട്: 'കെ.കെ. ശൈലജ ടീച്ചറെ വീണ്ടും മന്ത്രിയായി തുടരാൻ അനുവദിക്കാതിരുന്നപ്പോഴാണ് കേരളത്തിലെ മനുഷ്യരിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടത്. ഇത്രയും മികവോടെ പ്രവർത്തിച്ചിട്ടും അവർ തഴയപ്പെട്ടപ്പോൾ കേരളത്തിന്റെ ഒരു ഭാഗത്തും ഒരു പ്രതിഷേധം ഉണ്ടായില്ലെന്നതും എന്നെ അത്ഭുതപ്പെടുത്തുന്നു. ആ നന്ദികേടിന്റെ ഒരു പ്രായശ്ചിത്തം എന്ന നിലയിൽ കൂടിയാണ് ഞങ്ങൾ ഈ അവാർഡ് തീരുമാനിച്ചത്''- മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ മുന്നിലിരുത്തി എഴുത്തുകാരൻ വി ആർ സുധീഷ് ഇത് പറയുമ്പോൾ നിറഞ്ഞ കൈയടികൾ ഉയർന്നു. കോഴിക്കോട്ട് 32ാമത് രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാര ദാന ചടങ്ങിലാണ്, കേരള രാഷ്ട്രീയം ചർച്ചയായത്. അവാർഡ് കമ്മിറ്റി അംഗം കൂടിയായ എഴുത്തുകാരൻ വി ആർ സുധീഷ്, കോവിഡ് കാലത്തെ ടീച്ചറുടെ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് ഓർമ്മിപ്പിച്ചു.

ചടങ്ങിൽ സംസാരിച്ച പ്രശസ്ത സാഹിത്യകാരൻ എം മുകന്ദനും ശൈലജ ടീച്ചറെ കുറിച്ച് ഏറെ പറയാൻ ഉണ്ടായിരുന്നു. പ്രകാശം പരത്തുന്ന വ്യക്തി എന്നല്ലാതെ മറ്റൊരുവാക്കും ശൈലജ ടീച്ചറെക്കുറിച്ച് പറയാൻ തന്റെ മനസ്സിലേക്ക് ഓടിയെത്തുന്നില്ലെന്ന്, എം മുകന്ദൻ പറഞ്ഞു. 'കേരളത്തിന്റെ മനുഷ്യമുഖമാണ് ടീച്ചർ. കോവിഡ് കാലത്ത് ടീച്ചറുടെ മുഖം കാണുന്നത് തന്നെ സ്വാന്തനത്തിന്റെ മുഖം ആയാണ്. കിഴക്കൻ ഡൽഹിയിലൊക്കെ ആയിരക്കണക്കിന് വരുന്ന പാവങ്ങളാണ്, കോവിഡിൽ മരിച്ചത്. അതിന്റെ ഒക്കെ കണക്കുകൾ പിന്നീടാണ് പുറത്തുവന്നത്. പക്ഷേ അപ്പോൾ കേരളത്തിന്റെ സാന്ത്വനത്തിന്റെ മുഖമായി ശൈലജ ടീച്ചർ ഉണ്ടായിരുന്നു. പക്ഷേ കോവിഡിനുശേഷം നാം പഴയതുപോലെ ആയിരിക്കുന്നു. നമ്മുടെ ആസക്തികളും ആർത്തികളും ഒന്നും മാറിയിട്ടില്ല''- എം മുകന്ദൻ ചുണ്ടിക്കാട്ടി.

കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 'നമ്മൾ എല്ലാം വേദന വന്നാൽ അമ്മേ എന്ന് വിളിച്ചാണ് കരയാറുള്ളത്. ശൈലജ ടീച്ചറെ കാണുമ്പോൾ എനിക്ക് ആ അമ്മയെ ആണ് ഓർമ്മവരിക. എത് വേദനയും ഇറക്കിവെക്കാൻ കഴിയുന്ന കേരളത്തിന്റെ അത്താണിയായിരുന്നു അവർ.''- ബീനാഫിലിപ്പ് പറഞ്ഞു.

മറുപടി പ്രസംഗത്തിൽ കൃത്യമായ ഉത്തരങ്ങളാണ് ശൈലജ ടീച്ചർ നൽകിയത്. താനൊരു കമ്യുണിസ്റ്റ് ആണെന്നും വീണ്ടും മന്ത്രിയാവാത്തതിൽ ഒട്ടും നിരാശയില്ലെന്നും അവർ പറഞ്ഞു. 'നമ്മൾ എവിടെയാണോ നിൽക്കുന്നത് അവിടെ നന്നായി കാര്യങ്ങൾ ചെയ്യുകയാണ് പ്രധാനം. എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളൊക്കെ ഇപ്പോഴും ചെയ്യുന്നുണ്ട്. പാർലമെന്ററി പ്രവർത്തനവും സംഘടനാപ്രവർത്തനവും ഒരുപോലെയാണെന്നാണ് പാർട്ടി പഠിപ്പിച്ചത്. രണ്ടാമതും മന്ത്രിയായിരുന്നെങ്കിൽ ഇവർ മാത്രമേ മന്ത്രിയാവാനുള്ളൂ എന്നു ചിലരെങ്കിലും ചോദിക്കുമായിരുന്നു. ജനസേവനത്തിന് ഏതെങ്കിലും സ്ഥാനം ആവശ്യമില്ല. അവാർഡുകൾ അംഗീകാരമാണ്. അതിൽ ചെറുതും വലുതുമില്ല. ചിലപ്പോൾ രാഷ്ട്രീയകാരണങ്ങളാൽ ചില അവാർഡുകൾ നിരസിക്കേണ്ടിവരും''- ശൈലജ പറഞ്ഞു.

ആരോഗ്യമേഖലയിലുണ്ടായ നേട്ടങ്ങൾ എല്ലാം ഒരു ടീം വർക്കിന്റെ ഫലമാണ്. ആരോഗ്യമന്ത്രിയാകുമ്പോൾ തനിക്ക് ആ മേഖലയെക്കുറിച്ച് അത്രയെന്നും അറിയുകയില്ലായിരുന്നുവെന്നും പിന്നീട് എല്ലാം പഠിച്ച് എടുക്കുകയായിരുന്നുവെന്നും ശൈലജ ടീച്ചർ പറഞ്ഞു. നല്ല ഒരു ടീമിനെ ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. അതുപോലെ തന്നെ പഴയകാലം അങ്ങേയറ്റം സുന്ദരമായിരുന്നു എന്ന പലരുടെയും ധാരണ തെറ്റാണ്. പട്ടിക്കും പൂച്ചക്കും നടക്കാവുന്ന വഴികളിലുടെ മനുഷ്യന് നടക്കാൻ കഴിയാതിരുന്നു കാലത്തെ മാറ്റിയവരാണ് നാം. തെറ്റും ശരിയും പഴയകാലത്തും പുതിയ കാലത്തും ഉണ്ട്. എന്തെങ്കിലും സംഭവിക്കുമ്പോഴേക്കും കലികാലം എന്ന് പറയുന്നതിൽ അർത്ഥമില്ല. അവർ ചൂണ്ടിക്കാട്ടി.

എഴുത്തുകാരൻ എം. മുകുന്ദൻ രാമാശ്രമം ഉണ്ണീരിക്കുട്ടി പുരസ്‌കാരം കെ.കെ. ശൈലജയ്ക്ക് സമർപ്പിച്ചു. മുൻ കോഴിക്കോട് മേയർ സി.ജെ.റോബിനെ ചടങ്ങിൽ ആദരിച്ചു.മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, ഉണ്ണീരിക്കുട്ടിയുടെ മകനും രാമാശ്രമം ട്രസറ്റ് സെക്രട്ടറിയുമായ ശിഷൻ ഉണ്ണീരിക്കുട്ടി, ഡോ. കെ. മൊയ്തു, വീ ടോക്ക് മീഡിയ എക്സിക്യുട്ടീവ് എഡിറ്റർ അശോക് ശ്രീനിവാസ്, എം.എ. ഉണ്ണിക്കൃഷ്ണൻ, എം.എ. ജീഷ്, എ. അഭിലാഷ് ശങ്കർ എന്നിവർ സംസാരിച്ചു. വ്യവസായ പ്രമുഖനും, കോഴിക്കോടിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത എം എ ഉണ്ണീരിക്കുട്ടിയുടെ സേവനങ്ങളും ചടങ്ങിൽ സംസാരിച്ചവർ എടുത്തു പറഞ്ഞു.