കൊച്ചി: ഒരു കാലത്ത് എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്ന സിന്ധുജോയി ഏതാണ്ട് പത്തുവർഷക്കാലത്തോളം കേരളരാഷ്ട്രീയത്തിൽനിന്ന് പൂർണ്ണമായി മാറി നിൽക്കയായിരുന്നു. ഇപ്പോൾ ജി ശക്തിധരൻ ഉന്നയിച്ച കൈതോലപ്പായ വിവാദത്തോടെയാണ് അവർ വീണ്ടും ഫേസ്‌ബുക്കിൽ സജീവമായയത്. കൈതോലപ്പായ വിവാദത്തിന്റെ മറവിൽ തനിക്കെതിരെ അപവാദം പറയുന്നവരെ നിയമനടപടി സ്വീകരിക്കുമെന്നും സിദ്ധു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സിപിഎം വിഭാഗീയതിലെ ചില സൂചനകൾ നൽകിക്കൊണ്ടാണ് സിന്ധുജോയി പോസ്റ്റിട്ടിരിക്കുന്നത്. എറണാംകളുത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രൊഫ. കെ വി തോമസിനെതിരെ മത്സരിച്ചപ്പോൾ മുസ്ലിം വിരുദ്ധയാക്കി മാറ്റി പാർട്ടിയിലെ ചിലർ പാരവെച്ച അനുഭവമാണ് സിന്ധുജോയി പറയുന്നത്.

എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡണ്ടും, സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് മർദ്ദനവും ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മൽസരിച്ചു പരാജയപ്പെട്ടിരുന്നു. പിന്നീട് എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ വി തോമസിനെതിരെ മത്സരിച്ചെങ്കിലും അവിടെയും തോൽവിയുണ്ടായി. അതിനിടെ സിപിഎം വിട്ട് സിന്ധു കോൺഗ്രസിൽ ചേക്കേറി. എന്നാൽ ഇതും അധികാലം നീണ്ടുനിന്നില്ല. ഇപ്പോൾ സിപിഎമ്മിലേക്ക് ഔദ്യോഗികമായി തിരിച്ചുവന്നില്ലെങ്കിലും, അവർ ഇടതുപക്ഷ സഹയാത്രികയായി തുടരുകയാണ്. അതിനിടെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തും അവർ വാർത്തയായിരുന്നു.

കഴിഞ്ഞ 11 വർഷമായി പുർണ്ണമായും രാഷ്ട്രീയത്തിൽനിന്ന് വിട്ടിനിൽക്കയാണ് അവർ. എന്നിട്ടും തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നവരെ ശക്തമായി നേരിടുമെന്നാണ് സിന്ധു ജോയ് പറഞ്ഞിരുന്നു. അതിനുശേഷമാണ് അവർ സിപിഎം വിഭാഗീയത ചൂണ്ടിക്കാട്ടി പോസറ്റ് ഇടുന്നത്. ഞാനിതൊക്കെ തുറന്നെഴുതുമ്പോൾ സിപിഎമ്മിൽ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും ആരും വ്യാഖ്യാനിക്കരുത് എന്നും സിന്ധു പറയുന്നുണ്ട്. ഒരു ചെറിയ ന്യൂനപക്ഷമാണ് ചതിയുടെയും വഞ്ചനയുടെയും പുറംകരാർ എടുത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്നത് എന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിന്ധുജോയിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

മുസ്ലിംവിരുദ്ധയാക്കാൻ ശ്രമം

തസ്ലിമ നസ്രീനും ചില നേരാങ്ങളമാരും. തസ്ലിമ നസ്രീനെ നിങ്ങൾ മറന്നിട്ടുണ്ടാവില്ല; ആരു മറന്നാലും എനിക്കങ്ങനെ മറക്കാനാവില്ലല്ലോ?. കാരണമുണ്ട്; എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ എന്റെ തോൽവിക്ക് ആയമ്മക്കും ചെറുതല്ലാത്തൊരു പങ്കുണ്ട്! സത്യമാണത്.
പ്രശസ്ത എഴുത്തുകാരി, ഫെമിനിസ്റ്റ്, ഒപ്പം വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള ഡോക്ടറും. 'ലജ്ജ' എന്ന പേരിലുള്ള അവരുടെ നോവൽ ആസ്വാദക പ്രീതിയും അതിനേക്കാളേറെ വിവാദങ്ങളും നേടിയിട്ടുണ്ട്. തസ്ലിമ കേരളം സന്ദർശിച്ച വേളയിലെ ഒരു പൊതുചടങ്ങിൽ ഞാനും അവരോടൊപ്പം പ്രസംഗിച്ചിട്ടുണ്ട്. യുവജന, വിദ്യാർത്ഥി നേതാവ് എന്ന നിലയിൽ സംഘാടകരുടെ ക്ഷണം അനുസരിച്ചായിരുന്നു അത്. പത്രങ്ങളിൽ ആ ചടങ്ങിന്റെ വാർത്തയും ചിത്രവും പതിവുപോലെ അച്ചടിച്ചുവന്നു.

പ്രശസ്ത എഴുത്തുകാരിയായ അവർക്കൊപ്പം ഞാനൊരു ഫോട്ടോയുമെടുത്തു. ഞാൻ ഈ സംഭവം പാടേ മറന്നു. എറണാകുളത്ത് മത്സരിക്കാൻ തീവണ്ടിയിറങ്ങിയ എന്നോട് ചിലർ ആദ്യം തിരക്കിയത് തസ്ലിമ നസ്രീനൊപ്പമുള്ള ഫോട്ടോ കയ്യിലുണ്ടോ എന്നായിരുന്നു. ഇപ്പോൾ കൈവശമില്ലെന്നും ഗൂഗിളിൽ തിരഞ്ഞാൽ കിട്ടിയേക്കുമെന്നും ഞാൻ മറുപടി പറഞ്ഞു. ഈ ചിത്രം പ്രചാരണം അവസാനിക്കുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ 'അതിവിദഗ്ദമായി' ഉപയോഗിച്ച് തുടങ്ങി. മുസ്ലിം സ്വാധീനമുള്ള ഇടങ്ങളിൽ അവർ ഈ ചിത്രം പോസ്റ്റർ അടിച്ച് പ്രദർശിപ്പിച്ചു. മുസ്ലിം വിരുദ്ധതയാണ് സിന്ധു ജോയിയുടെ മുഖമുദ്ര എന്നായിരുന്നു ആ വ്യാജപ്രചാരണം. അന്നും ഇന്നും എന്റെ ആത്മസുഹൃത്തുക്കളിൽ പലരും ഇസ്ലാം വിശ്വാസികളാണ്. അവർക്കൊപ്പം ആ വീടുകളിൽ പലകുറി നോമ്പുതുറയിൽ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയുള്ള എന്നെയാണവർ വർഗീയ കാർഡിറക്കി തറപറ്റിക്കാൻ ശ്രമിച്ചത്.

തൊട്ടടുത്ത മണ്ഡലമായിരുന്ന മുവാറ്റുപുഴയിൽ 2004 ലോക്‌സഭാ ഇലക്ഷനിൽ പി സി തോമസിന്റെ വിജയം കോടതി റദ്ദാക്കിയത് സമാനമായൊരു കാരണം കൊണ്ടാണെന്നതും ശ്രദ്ധേയം. മദർ തെരേസയോടൊപ്പം നിൽക്കുന്ന ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചു എന്നതായിരുന്നു കാരണം. ഇരുതല മൂർച്ചയുള്ള ഒരായുധമായിരുന്നു ആ ചെറിയ ചിത്രം.

നക്ഷ്രത്രഹോട്ടലിലെ വാരിക്കുഴി

പ്രചാരണത്തിനിടയിൽ അവർ നക്ഷത്ര ഹോട്ടലിൽ ഒരുക്കിയ ഒരു ഉച്ചഭക്ഷണമായിരുന്നു ഞാൻ ഓർമ്മിക്കുന്ന മറ്റൊരു വാരിക്കുഴി! പ്രചാരണവേളയിൽ സ്ഥാനാർത്ഥിയല്ല സ്വന്തം ഭക്ഷണകാര്യം പോലും തീരുമാനിക്കുന്നത്. അതാത് പ്രദേശത്തെ പാർട്ടിയാണ് അതൊക്കെ ഒരുക്കുന്നത്. 'ഇന്ന് ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുള്ളത് ------- ഹോട്ടലിൽ ആണ്'- എന്നോട് ഒരുദിവസം പറഞ്ഞു. എനിക്ക് അപകടം മണത്തു. തൊഴിലാളിവർഗ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ വേണോ ഉച്ചഭക്ഷണം? സ്ഥാനാർത്ഥി പര്യടനം നടത്തുന്ന വാഹനവും അനുഗമിക്കുന്ന മറ്റ് വാഹനങ്ങളും ദേശീയ പാതയോരത്തെ ആ നക്ഷത്രഹോട്ടലിലേക്ക് ഓടിച്ചുകയറ്റി. എന്റെ പടവുംവച്ചുള്ള വാഹനം അവിടെയിട്ട് മാധ്യമങ്ങളെ വിളിച്ചു വരുത്താനായിരുന്നു ശ്രമം. ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചു മടങ്ങുന്ന കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിയുടെ ചിത്രം പിറ്റേന്നത്തെ പത്രങ്ങൾക്ക് ചൂടുള്ള വിഭവമാകും തീർച്ച. ചൂട് വെള്ളത്തിൽ വീണ പൂച്ചക്ക് ഏതു വെള്ളവും തിരിച്ചറിയാമല്ലോ? ഞാൻ നേതൃത്വത്തെ വിവരമറിയിച്ചു. ഇനി മുതൽ ഭക്ഷണം വീടുകളിൽ ക്രമീകരിച്ചാൽ മതിയെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം. ഇതോടെ സൂത്രധാരന്റെ മുഖത്ത് ഇളിഭ്യച്ചിരി.

എറണാകുളത്ത് ഇല്ലെങ്കിലും അവിടുത്തെ രാഷ്ട്രീയ അടിയൊഴുക്കുകൾ ഒട്ടൊക്കെ ഞാൻ ഇപ്പോഴും അറിയുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എം സ്വരാജ് മത്സരിക്കുന്നതിനും എത്രയോ മുൻപുതന്നെ അയാളെ തോൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇക്കൂട്ടർ തുടങ്ങിയിരുന്നു!. ഇലക്ഷന് ഏതാണ്ട് എട്ടുമാസം മുൻപുതന്നെ സ്വരാജ് മനസിൽപോലും ചിന്തിക്കാത്ത ചില കാര്യങ്ങളിൽ അയാളെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചു കളി തുടങ്ങി. ചില ശബ്ദസന്ദേശങ്ങൾ പ്രചരിച്ചു തുടങ്ങി; ചിലതൊക്കെ എനിക്കും ലഭിച്ചു. ഞാനത് മറ്റൊരാൾ മുഖേന സ്വരാജിനെ അറിയിക്കാൻ ശ്രമിച്ചിരുന്നു; ശ്രദ്ധിക്കാനും ഉപദേശിച്ചു. ആ തിരക്കിനിടയിൽ സ്വരാജ് അത് ഗൗരവമായി എടുത്തോയെന്ന് എനിക്കറിയില്ല.

ഞാനിതൊക്കെ തുറന്നെഴുതുമ്പോൾ സിപിഎമ്മിൽ ആപാദചൂഡം വിഭാഗീയതയാണെന്നും സ്ത്രീ വിരുദ്ധതയാണെന്നും ആരും വ്യാഖ്യാനിക്കരുത്. ലക്ഷക്കണക്കിന് പാർട്ടി അംഗങ്ങളും കോടിക്കണക്കിന് അനുഭാവികളുമുള്ള ഒരു പാർട്ടിയാണ് അത്. അതിൽ സൂക്ഷ്മദർശിനി കൊണ്ടു നോക്കിയാൽ മാത്രം കാണാനാവുന്ന വളരെ ചെറിയൊരു ന്യൂനപക്ഷമാണ് ചതിയുടെയും വഞ്ചനയുടെയും പുറംകരാർ എടുത്ത് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്. ഇത്തരക്കാർക്ക് പലകാലങ്ങളിലും പല പേരായിരിക്കും; യഥാർത്ഥ കമ്യൂണിസ്റ്റിന്റെ വ്യാജവേഷത്തിലാവും അവർ കൊട്ടിപ്പാടുക.

എന്നെ ഹൃദയപൂർവം സ്നേഹിച്ച അനേകായിരം പേരുള്ള പാർട്ടിയാണ് ഇത്. എനിക്കുനൽകാൻ പൊതിച്ചോറുകെട്ടി വഴിയോരത്ത് കാത്തുനിന്ന അമ്മമാർ, കുടുക്ക പൊട്ടിച്ച് അവരുടെ കുഞ്ഞുസമ്പാദ്യം എണ്ണിനോക്കാതെ എനിക്കുതന്ന കൊച്ചു സഹോദരങ്ങൾ, രാവെളുപ്പോളം പോസ്റ്റർ ഒട്ടിക്കാനും ചുവരെഴുതാനും വീടുവീടാനന്തരം കയറാനും ഹൃദയം നൽകിയ എത്രയോ ആളുകൾ. എന്റെ മരണം വരെ എന്റെ ഹൃദയത്തിലും മിഴികളിലും നിങ്ങളുണ്ടാവും പ്രിയ സഖാക്കളേ...

'കൈതോലപ്പായ' വിവാദത്തിനെതിരെ പ്രതികരിച്ചു കൊണ്ടാണല്ലോ ഞാനെന്റെ വാല്മീകത്തിൽ നിന്ന് പുറത്തുവന്നത്. കലൂരിലെ ദേശാഭിമാനി പത്രത്തിന്റെ ഓഫീസിൽ നിന്ന് കൈതോലപ്പായയിൽ കെട്ടി പണം കൊണ്ടുപോയി എന്നായിരുന്നല്ലോ ആരോപണം. പത്രം അച്ചടിക്കാനുള്ള ന്യൂസ്പ്രിന്റ് പൊതിഞ്ഞുവരുന്ന ബ്രൗൺ നിറമുള്ള പാക്കിങ് ഷീറ്റിന് കൈതോലപ്പായയേക്കാൾ കട്ടിയുണ്ട്; ഉറപ്പുമുണ്ട്. നാലുവാര നടന്നാൽ ദേശാഭിമാനി പ്രസ്സിൽ സുലഭമായി കിട്ടുന്ന ഈ പാക്കിങ് ഷീറ്റ് ഉള്ളപ്പോൾ ആരാണ് പാതിരാത്രിയിൽ ഓലപ്പായ തേടി പോകുന്നത്. ഒരു സംശയം ചോദിച്ചെന്നേയുള്ളൂ; നെടുവീർപ്പും വിലാപവുമായി വീണ്ടും വന്നേക്കരുത്!

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയിൽ എരിവും പുളിയും ചേർക്കാനും അതുവഴി ഇക്കിളികോവാലന്മാർക്ക് ക്ലിക്കും വ്യൂവും വരുമാനവും ഉണ്ടാക്കാനും ഒരു പഴകിപ്പാടിയ നുണയുടെ 'മസാല തുണ്ട്', പത്രങ്ങൾക്കു പൊലിമയുള്ള തലക്കെട്ട് ചമയ്ക്കാൻ 'കൈതോലപ്പായ' എന്ന പ്രയോഗം, ഡിബേറ്റുകൾക്കായി കോടികളുടെ അഴിമതി ആരോപണം. 'ബ്ലോക്ക് ബസ്റ്റർ' ആകേണ്ടതായിരുന്നു തിരക്കഥ. പക്ഷേ, സംവിധാനം അൽപ്പമൊന്നു പാളിപ്പോയി! അല്ലെങ്കിൽത്തന്നെ 'പ്രൊപ്പഗാണ്ട സിനിമ'കളുടെയെല്ലാം തലവിധി ആണല്ലോ അത്!

സഖാവ് പിണറായി വിജയനെക്കുറിച്ചുള്ള ചെറിയൊരു ഓർമയോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ഞാനറിയുന്ന സഖാവ് വിജയേട്ടൻ ആരുടെ കയ്യിൽനിന്നും സമ്മാനങ്ങളോ സഹായങ്ങളോ സ്വീകരിക്കാറില്ല. ഒരു സംഭവം ഞാനോർമിക്കുന്നു. ജപ്പാനിൽ എല്ലാക്കൊല്ലവും മുടങ്ങാതെ സംഘടിപ്പിക്കുന്നതാണ് 'ഹിരോഷിമ - നാഗസാക്കി അനുസ്മരണം'. ഒരിക്കൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ ഞാനും അതിൽ ക്ഷണിക്കപ്പെട്ടു. ജപ്പാനിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പാർട്ടി സെക്രട്ടറിക്ക് ചെറിയൊരു ഉപഹാരം ഞാൻ കരുതിയിരുന്നു. ജപ്പാൻ രീതിയിലുള്ള ചെറിയ ചായക്കപ്പുകളുടെ ഒരു സെറ്റ്. എകെജി സെന്ററിൽ ഞാനത് സഖാവിനു നൽകി. സ്നേഹപൂർവം അത് നിഷേധിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഞാൻ ഇന്നുമോർക്കുന്നു: 'പാർട്ടി സെക്രട്ടറി ഇങ്ങനെയുള്ള സമ്മാനങ്ങളൊന്നും സ്വീകരിച്ചുകൂടാ.' എനിക്കും ഒപ്പമുള്ള മറ്റു വിദ്യാർത്ഥി സഖാക്കൾക്കും ഒരു പാഠം കൂടി ആയിരുന്നു.

ഒരു ധാർഷ്ട്യക്കാരന്റെ ആസ്ഥാനപട്ടം ചാർത്തിക്കൊടുത്ത് പലരും വേട്ടയാടിയ ഒരു നേതാവാണ് സഖാവ് പിണറായി. പലകുറി എഴുതിയും പറഞ്ഞും പഴിചാരിയും നിരന്തരം വേട്ടയാടപ്പെടുന്ന ഒരാൾ; വെട്ടിയും കോറിയും കരിവാരിത്തേച്ചും വികൃതമാക്കാൻ ചിലർ ശ്രമിക്കുന്ന ആർജവമുള്ള നേതൃമുഖം. ആ കുടുംബം കൂടി പുകപടലങ്ങളിൽ ശ്വാസം മുട്ടുന്നു എന്നുമാത്രം. അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ഇപ്പോഴത്തെ കർക്കിടകക്കാറ്റിലും പറന്നാടുകയാണ്.

ഒരു നുണ പലകുറി ആവർത്തിച്ചാൽ അത് സത്യമെന്നു ജനം വിശ്വസിക്കുമെന്ന പ്രൊപ്പഗാണ്ടയുടെ പ്രമാണം വിജയകരമായി ആദ്യം പരീക്ഷിച്ചത് ജോസഫ് ഗീബൽസ്; ഗീബൽസിന്റെ ഇളമുറക്കാർ ശക്തിമാന്മാരായി വട്ടമിട്ടു നടക്കുന്നുണ്ട് നമുക്കു ചുറ്റും. രാഷ്ട്രീയ ആരോപണങ്ങൾ പലതും എത്രത്തോളം ബാലിശവും അടിസ്ഥാന രഹിതവും അതിക്രൂരവുമാണെന്ന് തെളിയിക്കാൻ എന്റെ ജീവിതം തന്നെ സാക്ഷി''- സിന്ധുജോയിയുടെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.