കോഴിക്കോട്: മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കേരളത്തിൽ കൂടിക്കൂടി വരികയാണെന്ന വിമർശനത്തിന് പുതിയ തെളിവുകൾ കിട്ടുകയാണ്. ഭൗതികവാദികളാണ് കമ്യൂണിസ്റ്റുകാർ എന്നും, തികഞ്ഞ മതേതരവാദികളായ അവർ ഒരു മതത്തിനോടും ആഭിമുഖ്യം പുലർത്തുരുത് എന്നതുമൊക്കെ പഴയ കാര്യം. ഇപ്പോൾ അമ്പലക്കമ്മറ്റിയിലും, പള്ളിക്കമ്മറ്റിയിലുമൊക്കെ പാർട്ടികേഡർമാർ തന്നെ എത്തിപ്പെടുന്ന കാലമാണ്. അതിന് പുറമേ നഗ്നമായ ന്യൂനപക്ഷ പ്രീണനമാണ് കേരളത്തിൽ സിപിഎം നടത്തുന്നതെന്ന് കഴിഞ്ഞ കുറേക്കാലമായി ഉയർന്നുവരുന്ന വിമർശനമാണ്. അതിന് അടിവരയിടുകയാണ്, തലശ്ശേരി എംഎൽഎയും നിയമസഭാ സ്പീക്കറുമായ ഷംസീറിന്റെ ചില പ്രസംഗങ്ങൾ.

ഭൗതികവാദി പാർട്ടിയിൽ നിന്ന് നിൽക്കുന്ന ഷംസീറിന് സ്വന്തം മതത്തിലെ പ്രശ്നങ്ങൾ കാണാൻ കഴിയുന്നില്ല. 'പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥം എന്നാണ്' ഷംസീർ വിശേഷിപ്പിച്ചത്. ഇസ്ലാം മതത്തെയും ഖുർആനെയും ഇസ്ലാമിക വിശ്വാസങ്ങളെയും ശരീഅത്ത് നിയമങ്ങളെയും പുകഴ്‌ത്തുന്ന ഷംസീറിന്റെ നിരവധി വീഡിയോകൾ ഉണ്ട്. അതേ വ്യക്തി തന്നെ ഹിന്ദു പുരാണങ്ങൾ മിത്തുകളാണെന്ന് പറയുന്നു.

ഷംസീർ ഒരു ചടങ്ങിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ നടത്തിയ ഒരു പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. 'ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്റ്റിക് സർജറി ചെയ്തതായി പഠിപ്പിക്കുന്നു. പുഷ്പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം.''- ഷംസീർ പറയുന്നു. ഇത് കാര്യം ശരിയും ശാസ്ത്രീയവുമാണ്. പക്ഷേ സ്വന്തം മതത്തെക്കുറിച്ച് ഷംസീറിന്റെ പഴയ വീഡിയോ കാണുമ്പോഴാണ് ഇരട്ടത്താപ്പ് പ്രകടമാവുക.

'ഇസ്ലാം മഹത്തരം'

വിമർശന ബുദ്ധിയോടെ മറ്റ് മതങ്ങളെ വിലയിരുത്തുന്ന ഷംസീർ സ്വന്തം മതത്തെക്കുറിച്ച് പുകഴ്‌ത്തി പറയുന്ന നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷംസീർ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. 'ഒരാൾ സ്വർഗത്തിൽ പോകണമോ നരകത്തിൽ പോകണമോ എന്ന് തീരുമാനിക്കുത് ലീഗല്ല. ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നെല്ലാം തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ഓഫീസിൽ നിന്നല്ല. അതിന് അള്ളാഹു മലക്കുകളെ ഭൂമിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഒരു മുസ്ലീമിന്റെ ജീവിതം ഒരു നിസ്‌കാരം മുതൽ വാങ്ക് വരെയാണ്. ലേബർ റൂമിൽ വെച്ച് തന്നെ ചെവിയിലേയ്ക്ക് വാങ്ക് വിളിച്ച് കൊടുക്കുകയാണ്. ആ സമയം മുതൽ ഒരു ഇസ്ലാമിന്റെ ജീവിതം തുടങ്ങുകയാണ്. അവൻ ചെയ്യുന്ന നന്മയെയും തിന്മയെയും അറിയാൻ മാലാഖമാരെ മലക്കുകളുടെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നു. ഈ ലോകത്തിലെ ജീവിതമല്ല, പരലോകത്തെ ജീവിതമാണ് മഹത്തരം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന പുരോഗമന ദർശനം മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണ് ഖുർആൻ. ''ഷംസീർ ചൂണ്ടിക്കാട്ടുന്നു. അതായത് ഗണപതിയെപ്പോലെ അള്ളാഹുവും മലക്കുമൊന്നും ഷംസീറിന് മിത്തല്ല. ഒരു തികഞ്ഞ വിശ്വാസിയുടെ ശബ്ദമാണ് അവിടെ കേൾക്കുന്നത്.

2020ൽ മനോരമ ന്യൂസിൽ ഷാനി പ്രഭാകരൻ നയിച്ച ഒരു ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഷംസീർ ഇങ്ങനെ പറയുന്നു. 'എല്ലാമതഗ്രന്ഥങ്ങളും ഞാൻ വായിച്ച് പഠിച്ചിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസ്നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വളരെ പ്രോഗ്രസീവായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം. ആ പരിശുദ്ധ ഖുറാനകത്ത് സ്ത്രീ വിരുദ്ധമായ രീതിയിലേക്ക്, സത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്. അതിൽ ഒരു തർക്കവും ആർക്കും വേണ്ട. സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതമായ ഇസ്ലാമിനെ യാഥാസ്ഥിതിക മതപൗരോഹിത്യം...''( ചർച്ചയിൽ അപ്പോൾ അവതാരകയായ ഷാനി പ്രഭാകരൻ അപ്പോൾ ഇടപെടുന്നു) ഷാനി: ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല. മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണ്.അങ്ങനെ പറഞ്ഞാൽ പുതിയൊരു തർക്കം നമ്മുടെ ഇടയിൽ ഉന്നയിക്കും''- അതിന് ഷംസീർ ഇങ്ങനെ പറയുന്നു.' ഇസ്ലാം സ്ത്രീകൾക്ക് തുല്യത മാത്രമല്ല പുരുഷനേക്കാൾ, ഒരു പടി സ്വാതന്ത്ര്യം ചിലയിടങ്ങളിൽ നൽകുന്നുണ്ട്. അതാണ് ഇസ്ലാം.''- ഈ സംഭാഷണ ശകലവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

സ്ത്രീവിരുദ്ധതയുടെ പേരിൽ എറ്റവും ആരോപണം നേരിടുന്ന ഇസ്ലാമിനെ മതപണ്ഡിതർ പോലും ശ്രമിക്കാത്ത രീതിയിൽ വെളുപ്പിക്കാനാണ് ഷംസീർ ശ്രമിക്കുന്നതെന്ന് ജാമിദ ടീച്ചറെപ്പോലുള്ള നിരവധി സ്വതന്ത്ര ചിന്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ഇസ്ലാമിൽ സ്ത്രീ എന്നാൽ അരപ്പുരുഷൻ ആണെന്നതിൽ തർക്കമില്ല. സ്വത്തവകാശത്തിലും സാക്ഷി പറയുന്നതിലുമെല്ലാം ഈ വിവേചനം പ്രകടമാണ്. ഒരു പൊതു സിവിൽ കോഡ് വന്നാൽ ഇത് പരിഹരിക്കാൻ കഴിയും. എന്നാൽ അതിനെതിരെ സെമിനാർ നടത്തിയ സിപിഎമ്മിൽനിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാൻ കഴിയില്ല''- ജാമിദ ടീച്ചർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. വല്ലാത്ത ഒരു തരം പുരോഗമനം എന്നും മതങ്ങളെ തൂക്കിനോക്കുമ്പോൾ, ആർക്കാണ് കൈവിറയ്ക്കുന്നതെന്നും ചോദിച്ച് സ്വതന്ത്രചിന്തകരും ഷംസീറിനെ ട്രോളുന്നുണ്ട്.