കോഴിക്കോട്: സോഷ്യൽ മീഡിയിൽ നിരന്തരമായി സാമൂഹിക വിഷയങ്ങളിൽ ഇടപെട്ട് കൊണ്ടിരിക്കുന്ന വ്യക്തിയാണ്, എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ മൈത്രേയൻ. ഇദ്ദേഹത്തിന്റെ നിരവധി വീഡിയോകൾ വൈറലാണ്. മതം, ദൈവം, ശാസ്ത്രം, സ്വതന്ത്ര ചിന്ത, ലിംഗനീതി, പരിസ്ഥിതി വാദം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ആഴത്തിൽ സംസാരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. സർക്കാസത്തിൽ കുതിർന്ന വാക്കുകളുമായി മതജീവികൾക്ക് ചൂട്ട മറുപടി കൊടുക്കാൻ കഴിയുന്ന മൈത്രേയേൻ, സ്വന്തമായി വലിയൊരു വിഭാഗം ആരാധകരെയും സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ സകലരെയും ട്രോളുന്ന മൈത്രേയന് ഈയിടെ കഷ്ടകാലമാണ്. നേരത്തെ ഇന്റർ ഗവൺമെന്റ് പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, കേരളത്തിലും സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിനായി ചില നിർദ്ദേശങ്ങൾ വെച്ചുകൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഇതിൽ പലതും തീർത്തും അപ്രായോഗികവും പരിഹാസ്യവുമായിപ്പോതിനാൽ അദ്ദേഹം ട്രോളുകളിൽ നിറഞ്ഞിരുന്നു.

അടുത്ത 15-20 വർഷത്തിനുള്ളിൽ കേരളത്തിന്റെ ഒരുപാട് തീരപ്രശേദം കടലെടുത്തു പോകും. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ കുടുതൽ ദുർബ്ബലപ്പെട്ടതാണെന്ന് മൈത്രേയൻ പറയുന്നു. ഇതിനുള്ള പരിഹാരമായി, ചുരുങ്ങിയത് പത്തുനിലയുള്ള വീടുകളെ വെക്കാവൂ, നദീതീരത്ത് നിന്ന് രണ്ട് കീ മീ വിട്ടുവേണം നിർമ്മാണം, പത്തുഡിഗ്രിയിൽ കൂടുതൽ ചരിവുള്ള മലഞ്ചെരുവുകളിൽ വീടുകൾ അനുവദിക്കരുത്, കുട്ടനാട്ടിലൊക്കെ ചങ്ങാടങ്ങൾ തീർത്ത് അതിലും വീടുവെക്കാം എന്നുള്ള തീർത്തും അപ്രായോഗികവും, ഒറ്റനോട്ടത്തിൽ ഭ്രാന്തൻ നിർദ്ദേശങ്ങൾ എന്ന് തോന്നിപ്പിക്കുന്നവയുമാണ് മൈത്രേയേൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇത് സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൾ വലിയതോതിൽ പ്രചരിപ്പിച്ചതോടെ മൈത്രേയൻ എയറിൽ ആയി. പക്ഷേ എന്നിട്ടും തന്റെ നിലപാടുകൾ അദ്ദേഹം തിരുത്തിയില്ല.

പുഴയിൽ കുലുക്കുഴിയാൻപോലും പാടില്ല

ഇപ്പോൾ ഇതാ 'കാലവസ്ഥാ വ്യതിയാനം: മൂന്ന് നേരം കുളിക്കുന്ന മലയാളികൾ അറിയാൻ' എന്ന പുതിയ പോസ്റ്റാണ് ട്രോളിന് ഇടയാക്കിയത്. ജലസംരക്ഷണത്തിനായി മൈത്രേയൻ പറയുന്ന നിർദ്ദേശങ്ങൾ പലതും അമ്പരപ്പിക്കുന്നതും അപ്രായോഗികവുമാണ്. കുടിക്കാനും കുളിക്കാനും പാചകം ചെയ്യാനുമൊക്കെ ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കണമെന്നും, ചെടികൾ നനയ്ക്കാനും തറ തുടയ്ക്കാനും കാറും കാലും കഴുകാനുമൊക്കെ ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.വെള്ളം വായിൽ നിറച്ച്, കാർക്കിച്ച് പുഴയിലേയ്ക്ക് തുപ്പാൻപോലും പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളും ഇതിലുണ്ട്.

മൈത്രേയന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയണ്. 'കാലവസ്ഥാ വ്യതിയാനം: മൂന്ന് നേരം കുളിക്കുന്ന മലയാളികൾ അറിയാൻ. കാലം മറുകയാണ്. വേനലിന്റെ കാഠിന്യം വർദ്ധിക്കും. പൊതുവേ ഉയർന്ന പ്രദേശങ്ങളിലും കഴിഞ്ഞ തവണ മഴ കുറഞ്ഞ ഒറ്റപ്പെട്ട പ്രദേശങ്ങളിലും വരൾച്ചയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ വെള്ളത്തിന്റെ ഉപഭോഗം നാം നിയന്ത്രിക്കണം.

നിയന്ത്രണം രണ്ടു രീതിയിൽ ചെയ്യാം. ഒന്നാമതായി, വെള്ളം ഉപയോഗിക്കുന്നതിന് മുൻപ് എപ്പോഴും ഒന്നാലോചിക്കുക 'ഇതത്യാവശ്യമുണ്ടോ?' അത്യാവശ്യമില്ലെങ്കിൽ ഒഴിവാക്കുക. രണ്ടാമതായി, കുടിക്കാനും ഭക്ഷണം പാചകം ചെയ്യാനും പാത്രം കഴുകാനും കുളി, നന മുതലായ ശരീര ശുദ്ധിക്കു മാത്രം ശുദ്ധവെള്ളം ഉപയോഗിക്കുക. ശുദ്ധീകരിച്ച പൈപ്പുവെള്ളം ഇവയ്ക്ക് മാത്രമായി തരം തിരിക്കുക. ചെടികൾ നനയ്ക്കാനും തറ തുടയ്ക്കാനും കാറും കാലും കഴുകനും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിക്കുക. പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും പറഞ്ഞ് രണ്ടുതരത്തിൽ വെള്ളം വിതരണം ചെയ്യുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ ആവശ്യപ്പെടുക. ധനമുള്ളവർ അവരുടെ വീടുകളിൽ വെള്ളം വ്യത്യസ്ത രീതിയിൽ ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടാക്കുക. പുതിയ വീട് വെയ്ക്കുന്ന വർ ഇക്കാര്യം മറക്കാതെ വീടിന്റെ ചെലവിൽ ഇവയും ഉൾപ്പെടുത്തുക.

ഒരോ വീട്ടിലും മഴവെള്ളസംഭരണികൾ ഉണ്ടാക്കാൻ മറക്കരുത്. ഫ്ലാറ്റ് സമുച്ചയങ്ങളിൽ പോലും ഇവയെല്ലാം നടപ്പാക്കാവുന്നതാണ്. ഒരു വർഷത്തെ വെള്ളത്തിന്റെ ഉപഭോഗം കണക്കുകൂട്ടി അത്രയും വെള്ളം ശേഖരിക്കാനുള്ള സൗകര്യം നാം ഒരുക്കണം. ഇതൊരടിയന്തിരതയായി നാം മനസ്സിലാക്കണം. ഇത്രയധികം മഴ കിട്ടുന്ന സംസ്ഥാനത്തിൽ ജലദൗർലഭ്യത നാം അനുഭവിച്ചു കൂടാ. നന്നായ രീതിയിൽ കൈകാര്യം ചെയ്താൽ മലയാളിക്ക് ജലമില്ല എന്ന ദുരനുഭവം ഉണ്ടാകേണ്ട യാതൊരാവശ്യവുമില്ല.

ചരിഞ്ഞ പ്രദേശങ്ങളിൽ ഒരു തുണ്ടു ഭൂമിയുള്ളവർ നിശ്ചയമായും മഴക്കുഴികൾ എടുത്തിരിക്കണം. കൊതുക് വളരും എന്ന് പറഞ്ഞ് ഇതൊഴിവാക്കരുത്. കൊതുകിന്റെ ശല്യത്തേക്കാൾ വലുതാണ് ജല ദൗർലഭ്യത. കൊതുകിനെ അടിച്ചിരിക്കാനുള്ള ഇടമെങ്കിലും നമുക്കുണ്ടായിരിക്കുമല്ലോ.

എവിടെയെങ്കിലും ഒരു പൈപ്പ് പൊട്ടി കിടക്കുന്നത് കണ്ടാൽ അത് നന്നാക്കാൻ മുൻകൈ എടുക്കുക. നമ്മുടെ ആവശ്യമെന്ന നിലയിൽ പെരുമാറുക, പഞ്ചായത്തും മുൻസിപ്പാലിറ്റിയും കോർപ്പറേഷനുമൊന്നും നന്നാകില്ലെന്ന് പറയാൻ മാത്രം നാവ് ചലിപ്പിക്കേണ്ട ആവശ്യമില്ല. പൗരന്റെ യഥാർത്ഥ ഉത്തരവാദിത്തമിതാണ്. നദികളും കുളങ്ങളും കിണറുകളും ഒന്നിച്ചു ചേർന്ന് വൃത്തിയായി സൂക്ഷിക്കാൻ മുൻകൈ എടുക്കുക. ജോലിയിൽ നിന്ന് വിരമിച്ചു ഇരിക്കുന്നവരും പ്രായമായിരിക്കുന്നവരും വളർന്ന മക്കളുടെ ജീവിതത്തിൽ ഇടപെട്ട് അവരുടെ ജീവിതം കുളമാക്കുന്നതിന് പകരം ഈ കുളങ്ങളും കിണറുകളും മറ്റ് ജലാശയങ്ങളും വൃത്തിയായി സൂക്ഷിക്കാൻ മുൻകൈ എടുക്കുക.

ജീവിതം ആർത്ഥസമ്പുഷ്ടമാകും. അമ്പലങ്ങളിലും പള്ളികളിലും ചെലവഴിക്കുന്ന സമയങ്ങളിൽ കുറച്ച് സമയം ഇത്തരം സാമൂഹ്യ പ്രവർത്തികൾക്ക് മാറ്റിവയ്ക്കുക. അവിടെ കാണിക്കയിടുന്ന ധനത്തിൽ അല്പം മാറ്റിവച്ച് ഇത്തരത്തിൽ ഉപയോഗപ്പെടുത്തുക. അവരവർക്ക് സ്വാധീനമുള്ള ആരാധനാലയങ്ങളിൽ ഇത്തരം പൊതുവായ പ്രവർത്തികൾ ആ ആരാധനാലയങ്ങളുടെ ചടങ്ങുകളിലോ, ഉത്സവ പരിപാടികളിലോ ഉൾപ്പെടുത്തി അനാവശ്യമായി ഇന്ന് വ്യയം ചെയ്ത് പോകുന്ന ഊർജ്ജവും ധനവും പ്രയോജനപ്രദമാക്കുക. എന്തിന്റെ പേരിലും ഒന്നിച്ചു കൂടുന്ന എല്ലാ ദിവസങ്ങളും ഇത്തരത്തിലുള്ള ഒരു പ്രവൃത്തി ആവിഷ്‌ക്കരിക്കുക.പൊതുവായ കിണറും കുളങ്ങളും നദികളും കായലുകളും എങ്ങനെ ശുദ്ധമായി ഉപയോഗിക്കുവാൻ കഴിയുമെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുവാൻ ശ്രമിക്കുക. ചില നിർദ്ദേശങ്ങൾ ഞാൻ പറയാം.

നീന്താനല്ലാതെ പുഴകളോ നദികളോ കുളങ്ങളോ കായലോ ഉപയോഗിക്കാതിരിക്കുക. നീന്തുമ്പോൾ എങ്ങനെയാണ് നീന്തൽക്കുളങ്ങളിൽ പാലിക്കുന്ന നിയമങ്ങൾ നാം പാലിക്കുക, അവ കുട്ടികളെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും മുൻകൈ എടുക്കുക. എണ്ണയും സോപ്പും തേച്ച് ഇവയിലൊന്നും കുളിക്കാൻ ഇറങ്ങരുത്. വെള്ളം വായിൽ നിറച്ച്, കുലുക്കി, കാർക്കിച്ച് പുഴയിലേയ്ക്ക് തുപ്പാതിരിക്കക. നീന്തി കഴിഞ്ഞ് വെള്ളം കോരി ഇവയുടെ തീരത്ത് നിർമ്മിച്ച കുളിമുറികളിൽ, മറപ്പുരകളിൽ മാത്രം കുളിക്കുക, അവയ്ക്കുള്ളിൽ മാത്രം വസ്ത്രങ്ങൾ അലക്കുക. മലിനവെള്ളം കരയിലെ മണ്ണിൽ താഴ്ന്ന് ഇറങ്ങി മാത്രം പുഴയിൽ എത്തിച്ചേരാൻ അനുവദിക്കുക. അങ്ങനെ പുഴകൾ ശുദ്ധമായി നിലനിർത്താൻ എല്ലാവരും ശ്രമിക്കുക. കുളിക്കുന്നവരുടെ എണ്ണം കൂടുകയും എണ്ണ സോപ്പ് ഡിറ്റർജന്റ് എന്നിവയുടെ കണ്ടുപിടിത്തവും ഉപഭോഗവും അവയുടെ വർദ്ധനയും നമ്മുടെ ജീവിതശൈലികൾ മാറ്റാൻ നമ്മെ ബാദ്ധ്യസ്ഥപ്പെടുത്തിയിരിക്കുന്നു.

വ്യക്തിപരമായി ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങളോടൊപ്പം വ്യവസായശാലകളും വ്യാപാരസ്ഥാപനങ്ങളും വരുത്തുന്ന മലനീകരണത്തിനെതിരെ കോടതികളിൽ കേസ്സ് കൊടുത്തും സമരം ചെയ്തും വേണ്ട നടപടികൾ എടുപ്പിക്കുക. പൗരരുടെ മുഖ്യകടമകളാണ് ഇവയെല്ലാം. ശുദ്ധവെള്ളമില്ലാത്ത കേരളം ഉണ്ടാകാതിരിക്കട്ടെ. ഇവയെല്ലാം അടിയന്തിരതകളാണ്, കാത്തിരിക്കാനുള്ള കാലം നമുക്കില്ല. കാര്യങ്ങൾ മനസ്സിലാക്കി, മേല്പറഞ്ഞ പരിഹാരങ്ങളല്ലാത്ത, അവരവരുടെ സാഹചര്യവും സന്ദർഭവുമനുസരിച്ച് ഇണങ്ങുന്ന മറ്റ് പരിഹാരങ്ങൾ കണ്ടെത്തി വേണ്ടത് ചെയ്യുക. കൊണ്ടു പഠിക്കരുത്, കണ്ടു പഠിക്കുക'' - ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇതിന് പിന്നാലെ വലിയ ട്രോളുകളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതെല്ലാം വെറും പരിസ്ഥിതി മൗലികവാദമാണെന്നാണ് വിമർശനം. ചന്തി കഴുകാതെ ടിഷ്യൂപേപ്പർ ഉപയോഗിച്ചാൽ അത്രയും വെള്ളം ലാഭിക്കാമെല്ലോ എന്ന് ഒരാൾ ട്രോളുന്നു. മറ്റൊരാളുടെ കമന്റ് ഇങ്ങനെ -'' അട്ടപ്പാടിയിൽ ആണ് ഞാനിപ്പോ ഇവിടെ ഒക്കെ പത്തുകൊല്ലത്തിനു മുൻപ് മരുഭൂമി ആയിരുന്നിടത്ത് ഇന്ന് വെള്ളവും കാടും ഒക്കെ കൊണ്ട് നിറഞ്ഞിരിക്കുവാണ്. പിന്നെ എന്തിന് ഇങ്ങനെ കഷ്ടപ്പെടണം''. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളുമായി സംവാദം മുറുകുകയാണ്.