കോഴിക്കോട്: അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധകളിൽ നടുങ്ങിയിരിക്കയാണല്ലോ മലയാളികൾ. ഷവർമയും മയോണൈസുമൊക്കെ വില്ലനാവുന്ന സന്ദർഭങ്ങൾ നാം പലതവണ കണ്ടു. അതിനിടെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ റെയ്ഡിലുകളിലുടെ തീർത്തും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം ഉണ്ടാക്കുന്നതിന്റെയും കാഴ്ചകൾ നാം കണ്ടു. ഈ സാഹചര്യത്തിൽ പൊതുവെ ഭക്ഷ്യവസ്തുക്കളോട് വല്ലാതെ ഭീതി നിലനിൽക്കുന്ന സമയത്താണ് അരിയിലും മായം എന്ന പേരിൽ വാട്സാപ്പിൽ വാർത്തകൾ പ്രചരിക്കുന്നത്.

നമ്മുടെ നാട്ടിൽ കിട്ടുന്ന അരിയിൽ മിക്സ് ചെയ്യുന്നതായി വൻ തോതിൽ പ്ലാസ്റ്റിക്ക് അരി ഉത്തരേന്ത്യയിൽനിന്ന് തയ്യാറാക്കുന്നുവെന്നാണ് പ്രചാരണം വന്നത്. വെള്ള പ്ലാസ്റ്റിക്ക് കവറുകൾ ഒരു മെഷീനിൽ തള്ളി അവ പൊടിച്ച്, അരിപോലെയാക്കുന്ന ഒരു വീഡിയോ ആണ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പുകളിൽ അടക്കം പടർന്നത്. അതോടെയാണ്, അരിയിലും മായമെന്ന വാർത്ത വൻ തോതിൽ പ്രചരിക്കുന്നത്.

എന്നാൽ ഇത് തീർത്തും വ്യാജ വാർത്തയാണെന്ന് ശാസ്ത്ര പ്രചാരകനായ ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു. തന്റെ ശാസ്ത്രലോകം ഫേസ്‌ബുക്ക് പേജിൽ ബൈജുരാജ് ഇത് സംബദ്ധിച്ച് നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. 'കുറച്ചു നാളായി സോഷ്യൽ മീഡിയിൽ കറങ്ങുന്ന ഒരു വീഡിയോ ആണിത്. പ്ലാസ്റ്റിക്ക് കൊണ്ടാണ് അരി ഉണ്ടാക്കുന്നത്, അത് കഴിക്കരുത് എന്നെല്ലാം പറഞ്ഞാണ് പ്രചാരണം. നമ്മൾ മാജിക്ക് കാണുന്ന സമയത്ത് പലതും നാം വിശ്വസിക്കും. ലോജിക്കലായി നാം ആലോചിക്കില്ല. എന്നാൽ നമ്മൾ ഒന്ന് ആലോചിച്ചാൽ അറിയാം ഇത് പ്ലാസ്റ്റിക്ക് ആണ്. പ്ലാസ്റ്റിക്ക് കൊണ്ട് നൂൽ ഉണ്ടാക്കുന്നുണ്ട്, അതിനുശേഷം അരിപോലുള്ള സാധനം ഉണ്ടാക്കുന്നുണ്ട്. ഇവിടെ പ്ലാസ്റ്റിക്കിന് രൂപമാറ്റം മാത്രമേ വരുന്നുള്ളൂ. ഈ പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ അരി നമുക്ക് കഴിക്കാൻ കഴിയുമോ. കഴിച്ചാൽ അത് ദഹിക്കുമോ. ഈ അരി തിളച്ച വെള്ളത്തിലിട്ടാൽ വേവുമോ. ആലോചിച്ച് കഴിഞ്ഞാൽ ഈ പ്ലാസ്റ്റിക്കിന്റെ അരി നടക്കാത്ത സംഭവം ആണെന്ന് മനസ്സിലാവും. പിന്നെ എന്തിനാണ് ഇത് ഉണ്ടാക്കുന്നത്. പക്ഷേ സൂക്ഷിച്ച് നോക്കിയാൽ നമുക്ക് മനസ്സിലാവും, ദൂരെ നിന്ന് അരിപോലെ തോന്നുമെങ്കിലും, ക്ലോസപ്പിൽ, അരി അല്ല എന്ന് മനസ്സിലാവും. ഇത് പ്ലാസ്റ്റിക്ക് തരിയാണ്. പ്ലാസ്റ്റിക്ക് ഗ്രാന്യൂൾ എന്ന് പറയും.

ചെറിയ പ്ലാസ്റ്റിക്ക് കമ്പനികൾ ബോട്ടിലും അതിന്റെ ക്യാപ്പും ഒക്കെ ഉണ്ടാക്കുന്ന കമ്പനികൾ ഇതുപോലെയുള്ള ഗ്രാന്യൂൾസ് ആണ് വാങ്ങുന്നത്. ഇത് പല നിറങ്ങളിൽ ലഭ്യമാണ്. ഇത് കൈയിലെടുത്ത് നോക്കിക്കഴിഞ്ഞാൽ, ഇത് നല്ലതാണോ, മായമുണ്ടോ, കൃത്യമാണോ എന്നെല്ലാം മനസ്സിലാവും. കൂടാതെ ഇത് ഗ്രാന്യൂൾസായി വെച്ചു കഴിഞ്ഞാൽ സ്റ്റോർ ചെയ്യാനും ട്രാൻസ്പോർട്ടേഷനും എല്ലാം സൗകര്യമാണ്. പ്ലാസ്റ്റിക്ക് ഗ്രാന്യൂളുകൾ ഓൺലൈൻ സൈറ്റുകളിൽനിന്ന് ഓഡർ ചെയ്തും വാങ്ങാവുന്നതാണ്. പല നിറത്തിലും പല വലിപ്പത്തിലും ലഭിക്കും. ഇതാണ് ചെറുകിട പ്ലാസ്റ്റിക്ക് കമ്പനികൾ വാങ്ങുന്നത്. അപ്പോൾ ഈ വീഡിയോയിൽ കണ്ടത് പ്ലാസ്റ്റിക്ക് അരിയല്ല തരിയാണ്. ''- ബൈജുരാജ് വ്യക്തമാക്കുന്നു. അതായത് പ്ലാസ്റ്റിക്ക് ഗ്രാന്യൂളുകൾ നിർമ്മിക്കുന്ന വീഡിയോയാണ് പ്ലാസ്റ്റിക്ക് അരിയെന്ന് പറഞ്ഞ് വാട്സാപ്പ് കേശവമാമന്മ്മാർ പ്രചരിപ്പിക്കുന്നത്.

ഇനി ഇത് അരിയിൽ കലർത്തിയാലും രൂപത്തിലെ സാരമായ വ്യത്യാസംമൂലം ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയും. മാത്രമല്ല ഇത് വേവുകയുമില്ല. വയറ്റിൽപോയാലും ദഹിക്കാതെ കിടക്കും. അതുകൊണ്ടുതന്നെ പരിശോധനകളിൽ പെട്ടന്ന് കണ്ടുപിടിക്കപ്പെടും. അതിനാൽ ഇത്തരം സാധനങ്ങൾ പൊതുവേ മായം ചേർക്കാനും ഉപയോഗിക്കാറില്ല. മാത്രമല്ല പ്ലാസ്റ്റിക്കിന് 160 രൂപയാണ് വില. 36 രൂപ മുതൽ 55 വരെ സാധാരണ അരിക്ക് 160 രൂപ മുടക്കി ഒരു ലക്ഷങ്ങൾ വിലയുള്ള മിഷനുകൾ വച്ച് പ്ലാസ്റ്റിക്കിനെ അരിയാക്കി മാറ്റി 50 രൂപയ്ക്ക് കൊടുക്കുക പ്രായോഗികമല്ല.