കോഴിക്കോട്: ഒരുകാലത്ത് വിപ്ലവ കവി എന്നറിയപ്പെട്ടിരുന്ന കവി സച്ചിദാനന്ദൻ ഇപ്പോൾ വെറും പാർട്ടി കവിയായി മാറിയയോ? 'ഒരു ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ട്' എന്ന ഇന്ത്യൻ എക്സ്പ്രസ് അഭിമുഖം വൻ വിവാദമായതോടെ, താൻ പറഞ്ഞത് വെറും തമാശ മാത്രമാണെന്ന് പറഞ്ഞാണ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ സച്ചിദാനന്ദൻ മലക്കം മറിഞ്ഞത്. ഇതോടെയാണ് അദ്ദേഹത്തിന്റെ വൺ സൈഡ് നവോത്ഥാനവാദത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധം ഉയരുന്നത്.

കിത്താബിൽ സംഭവിച്ചത്

ഒരു കാര്യം പറഞ്ഞിട്ട് അത് പിൻവലിക്കുക എന്ന ഭീരുത്വം, നേരത്തെയും സച്ചിദാനന്ദൻ നടത്തിയിട്ടുണ്ടെന്ന്, സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. രണ്ടുവർഷം മുമ്പ് റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള മത മൗലികവാദികൾ വൻ പ്രതിഷേധം ഉയർത്തിയിരുന്നു. ഉണ്ണി ആറിന്റെ വാങ്ക് എന്ന കഥയെ ആസ്പദമാക്കിയുള്ള നാടകമായിരുന്നു കിത്താബ്. വാങ്കുവിളിക്കാനുള്ള ഒരു പെൺകുട്ടിയുടെ ആഗ്രഹമായിരുന്നു കഥയുടെ പ്രമേയം.

കോഴിക്കോട് ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഒന്നാം സ്ഥാനം ലഭിച്ച കിത്താബ് നാടകം, പക്ഷേ ഇസ്ലാമോഫോബിക് ആണെന്ന് പറഞ്ഞ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നാടകം അവതരിപ്പിച്ച വടകരയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂളിനെതിരേയും വലിയ വിമർശനം ഉയർന്നതോടെ സ്‌കൂൾ അധികൃതരും പിന്മാറി.

ഇത് വലിയ വിവാദമായതോടെ നിരവധി സാംസ്‌കാരിക പ്രവർത്തകർ പിന്തുണയുമായെത്തുകയും നാടകത്തിനായി ഒരു സംയുക്ത പ്രസ്താവനയും ഇറക്കി. സച്ചിദാനന്ദനും പ്രസ്താവനയിൽ ഒപ്പ് വെച്ചിരുന്നു. പക്ഷേ പിറ്റേന്നുതന്നെ അദ്ദേഹം ഒപ്പ് പിൻവലിക്കുകയായിരുന്നു. ഈ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികൾക്ക് ഊർജം പകരുകയായിരുന്നുവെന്ന് റഫീഖ് മംഗലശ്ശേരി ആരോപിച്ചിരുന്നു. കഥാകൃത്ത് ഉണ്ണി ആറും അന്ന് റഫീഖിനെതിരായ നിലപാടാണ് എടുത്തത്. തന്റെ കഥ വളച്ചൊടിച്ച് അവതരിപ്പിച്ചു എന്നായിരുന്നു ഉണ്ണിയുടെ നിലപാട്. തന്നെ തീവ്രവാദികൾക്ക് മുന്നിൽ എറിഞ്ഞുകൊടുക്കുന്ന നിലപാടാണ് ഇവർ രണ്ടുപേരും എടുത്ത് എന്ന് റഫീഖ് ആരോപിച്ചിരുന്നു.

നേരത്തെ പധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും വിമർശിച്ച ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെ സച്ചിദാനന്ദനെ ഫേസ്‌ബുക്ക് വിലക്കിയ സംഭവം സമൂഹത്തിൽ വലിയ തോതിൽ ചർച്ചയായിരുന്നു. ഫേസ്‌ബുക്ക് നടപടിക്കെതിരെ ശശി തരൂർ അടക്കമുള്ള പ്രമുഖർ രംഗത്തെത്തുകകയും ചെയ്തു. ഡിവൈഎഫ്‌ഐ അടക്കം സച്ചിദാനന്ദനെ പിന്തുണച്ചു കൊണ്ട് രംഗത്തുവരികയും ചെയ്തു.പക്ഷേ കിത്താബ് നാടകത്തിനെതിരെ, അതായത് മറുഭാഗത്ത് പ്രതികൾ ഇസ്ലാമിസ്റ്റുകൾ ആവുമ്പോൾ, ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രതികരിക്കുന്ന ആർക്കും ധൈര്യം വരുന്നില്ല. സമാനമായ സംഭവമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.

സിപിഎമ്മിനെ ഭയക്കുന്നോ?

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ, വ്യക്തി ആരാധന വളരെ ദോഷകരമെന്നാണ് സച്ചിദാനന്ദൻ ഇന്ത്യൻ എക്പ്രസ് അഭിമുഖത്തിൽ പറഞ്ഞത്. വ്യക്തി രാധന സ്റ്റാലിന്റെ കാലത്ത് നമ്മൾ കണ്ടതാണ്. മാർക്സിസ്റ്റ് പാർട്ടി സ്റ്റാലിനേയും സ്റ്റാലിനിസത്തേയും വിമർശിക്കുന്നില്ലെങ്കിൽ, വ്യക്തി ആരാധന പല രൂപങ്ങളിൽ ഉയർന്നുവരുമെന്ന അപകടമുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ പ്രത്യേക അഭിമുഖപരിപാടിയായ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ആരാധനയ്ക്ക് ഏതെങ്കിലും നേതാവിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അതിന് ഇത്തരം വിഗ്രഹാരാധനയുടെ പിന്നിലെ മനഃശാസ്ത്രം മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യം മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന് സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.

ഇനി ഒരു വട്ടം കൂടി സിപിഎം അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കണമെന്ന് താൻ പാർട്ടി സഖാക്കളോട് പറയാറുണ്ടെന്ന് കവി സച്ചിദാനന്ദൻ പറയുന്നു. അങ്ങിനെ സംഭവിച്ചാൽ പാർട്ടിയുടെ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർ ഭരണം ലഭിച്ചതോടെ അസഹിഷ്ണുത വർദ്ധിച്ചതായി കാണുന്നു. ഇനി ഒരിക്കൽ കൂടി അധികാരം കിട്ടിയാൽ ബംഗാളിൽ സംഭവിച്ച ദുരന്തം ഇവിടേയും സംഭവിക്കും. ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തതിലൂടെ ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന് അമിതാധികാരം നൽകുന്നത് ആപത്താണെന്നും സച്ചിദാനന്ദൻ പറഞ്ഞു.

പക്ഷേ വാർത്ത പുറത്തുവന്നതോടെ സച്ചിദാനന്ദൻ വീണ്ടും മലക്കം മറിഞ്ഞു. താൻ ഇങ്ങനെയല്ല ഉദ്ദേശിച്ചതന്നെും, തമാശയായി പറഞ്ഞ കാര്യങ്ങൾ പോലും സീരിയസ് ആയി അടിച്ചുവന്നിരിക്കയാണ് എന്നൊക്കെയാണ് അദ്ദേഹം പറയുന്നത്. പക്ഷേ ഇന്ത്യൻ എക്പ്രസ് അത് ഇതുവരെ നിഷേധിച്ചിട്ടില്ല. അവർ അഭിമുഖം റെക്കോർഡ് ചെയ്തതുമാണ്. ഇനി ഒരു കവി എന്ന നിലയിൽ സ്വന്തമായി വ്യക്തിത്വമുള്ള സച്ചിദാനന്ദൻ പാർട്ടിയുടെ കണ്ണുരുട്ടലിൽ പേടിച്ചുപോയോ എന്നാണ് ആക്ഷേപം. നേരത്തെ ജനകീയ സാഹിത്യവേദിയും, നക്സൽ പ്രസ്ഥാനവുമായി ഒക്കെ ഏറെ ബന്ധമുള്ള വിപ്ലവ കവി എന്ന ഒരു എസ്റ്റാബിഷ്മെന്റിലും പെടാത്ത കവിയായിരുന്നു സച്ചിദാനന്ദൻ. എന്നാൽ ഒരു ഘട്ടത്തിൽ അദ്ദേഹം സംഘപരിവാറിനെ മാത്രം വിമർശിക്കുന്ന കവിയായി മാറി. ഇതാണ് സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്. കേരള സംസ്ഥാന സാഹിത്യ അക്കാദമി അദ്ധ്യക്ഷൻ എന്ന പദവി നിലനിർത്താൻ വേണ്ടി ഈ രീതിയിലുള്ള വിധേയത്വം വേണോ എന്ന ചോദ്യം സംഘപരിവാർ കേന്ദ്രങ്ങളും ഉയർത്തുന്നുണ്ട്.