പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത വേണമെന്നും എന്നാൽ, സംസ്ഥാന സർക്കാർ മുന്നോട്ടുവച്ച കെ റെയിൽ പദ്ധതി പ്രായോഗികമല്ലെന്നും വീണ്ടും തുറന്ന് പറഞ്ഞ് മെട്രോമാൻ ഇ.ശ്രീധരൻ. തുരങ്കപാതയും എലവേറ്റഡ് പാതയും ചേർന്ന പദ്ധതിയാണ് കേരളത്തിൽ പ്രായോഗികം. ഇത് പൂർത്തിയായാൽ തിരുവനന്തപുരത്തുനിന്ന് 1 മണിക്കൂർ 8 മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താമെന്നാണ് ശ്രീധരൻ പറയുന്നത്. വിപ്ലവകരമായ നിർദ്ദേശമാണ് മുമ്പോട്ട് വയ്ക്കുന്നത്. ഇനി സർക്കാർ നിലപാട് നിർണ്ണായകമാകും.

സംസ്ഥാന സർക്കാർ തയ്യാറെങ്കിൽ രാഷ്ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാൻ ഒരുക്കമാണെന്നും ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പൊന്നാനിയിലെത്തി ചർച്ച നടത്തി മടങ്ങിയ ശേഷം കെ റെയിലുമായി ബന്ധപ്പെട്ട് ശ്രീധരന്റേതെന്ന പേരിൽ പ്രസ്താവന വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തിയാണ് വിശദീകരണം. കെ റെയിലിൽ തിരുവനന്തപുരത്ത് കണ്ണൂരിലേക്ക് നാലു മണിക്കൂർ യാത്ര സമയമാണ് വിഭാവനം ചെയ്യുന്നത്. എന്നാൽ ശ്രീധരന്റേത് ഒരു മണിക്കൂറിലെ പദ്ധതിയും. ഇത് സാധ്യമാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുക ശ്രീധരൻ തയ്യാറാക്കുന്ന രൂപരേഖയാവും. സർക്കാർ ഇതിന് പച്ചക്കൊടി കാട്ടുമോ എന്നതാണ് നിർണ്ണായകം.

നിലവിലെ പാതയ്ക്ക് സമാന്തരമായും ഭൂമിക്ക് മുകളിലൂടെയും പാത കൊണ്ടുപോകുന്നതാണ് കെ റെയിലിന്റെ പ്രധാന പ്രശ്‌നം. ഇത്രയും ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ആയിരക്കണക്കിന് കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇരുഭാഗത്തും ഉയരത്തിൽ മതിൽ കെട്ടി വേർതിരിക്കുന്നതിനാൽ പ്രാദേശിക യാത്രയെയും ചുറ്റുപാടിനെയും ബാധിക്കും. ഇതൊഴിവാക്കാനാണ് ശ്രീധരന്റെ പുതിയ നിർദ്ദേശം. ഇത് സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്നാണ് സൂചന. ശ്രീധരൻ മുമ്പിൽ നിൽക്കുമ്പോൾ കേന്ദ്ര സർക്കാരും എതിർപ്പുമായി എത്തില്ല. ഇതിനൊപ്പം പദ്ധതി ചെലവും നിർണ്ണായകമാകും.

കെ റെയിലിന്റെ അലൈന്മെന്റിലും അപാകതയുണ്ട്. മൂവായിരത്തിലധികം പാലങ്ങൾ വേണ്ടിവരും. ഇതിനുള്ള ചെലവുകളൊന്നും കെ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്രയും തുക ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി വിഭാവനം ചെയ്യുന്ന വേഗവും കുറവാണ്. കെ റെയിലിന് അനുമതി കിട്ടുമെന്ന പ്രതീക്ഷയുമില്ലെന്ന് ശ്രീധരൻ പറയുന്നു. 'റെയിൽവേ നയതന്ത്ര'വുമായി സംസ്ഥാന സർക്കാർ സജീവമാകുമ്പോഴും കെ റെയിലിന് പ്രതിസന്ധിയേറെയാണ്. മെട്രോമാൻ ശ്രീധരനുമായി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് ചർച്ചനടത്തിയത് അനുനയത്തിന്റെ സാധ്യത തേടിയാണ്.

അതിവേഗപാത സംബന്ധിച്ച തന്റെ നിർദ്ദേശങ്ങൾ തയ്യാറാക്കി വൈകാതെ നൽകുമെന്ന് കെവി തോമസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീധരൻ പറഞ്ഞിരുന്നു. ശ്രീധരന് കേന്ദ്രത്തിലും റെയിൽവേയിലുമുള്ള ബന്ധങ്ങളും അനുഭവപരിചയവും കേരളത്തിന് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊഫ. കെ.വി. തോമസും പറഞ്ഞു. കെ-റെയിൽ വിഷയത്തിൽ മെട്രോമാൻ ഇ. ശ്രീധരന്റെ എതിർപ്പ് ശക്തമായിരുന്നു. ശ്രീധരനെ ചേർത്ത് നിർത്താനാണ് സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമായാണ് കെവി തോമസ് എത്തിയത്.

കെ റെയിലിന് കേന്ദ്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ. ഡി.പി.ആറിന് അംഗീകാരം ലഭിക്കാതായതോടെയാണ് സർക്കാർ ഇ. ശ്രീധരനെ ഒപ്പംകൂട്ടി പുതിയ നീക്കത്തിന് എത്തുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു കെ.വി. തോമസിന്റെ കൂടിക്കാഴ്ച. ഹൈ-സ്പീഡ്, സെമി സ്പീഡ് റെയിൽവേ സംവിധാനമാണ് കേരളത്തിന് ആവശ്യമെന്നും ഇതുമായി ബന്ധപ്പെട്ട രൂപരേഖ അദ്ദേഹം തരുമെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്നും ചർച്ചയ്ക്കുശേഷം കെ.വി. തോമസ് പ്രതികരിച്ചു. രൂപരേഖ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും.

കെ-റെയിൽ എന്ന ആവശ്യത്തിൽ സംസ്ഥാനം പിന്നോട്ടുപോയിട്ടില്ല. ഹൈ സ്പീഡ് ട്രെയിൻ വേണമെന്ന നിലപാട് ശ്രീധരനുമുണ്ട്. നേരത്തേ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് ശ്രീധരനെ സന്ദർശിച്ചത്. കേരളത്തിന്റെ റെയിൽവേ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യാൻ മന്ത്രി അശ്വനി വൈഷ്ണവ് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും കെ.വി. തോമസ് പറഞ്ഞു.