പാലക്കാട്: എത്ര തന്നെ പുരോഗമനം പറഞ്ഞാലും ഉള്ളിന്റെ ഉള്ളിൽ ഇപ്പോഴും അന്ധവിശ്വാസവുമായി ജീവിക്കുന്ന ഒരു ജനതയാണ് കേരളീയർ എന്ന് പലതവണ തെളിഞ്ഞിട്ടുള്ളതാണ്. അതിലെ ഒരു അവസാന ഉദാഹരണമാണ് ഇപ്പോൾ വൈറലാവുന്ന ഒരു വീഡിയോ. പാലക്കാട്ടെ പല ഗ്രാമങ്ങളിലും വിവാഹം കഴിഞ്ഞ് പെൺകുട്ടി കരഞ്ഞ് കൊണ്ട് ഭർത്താവിന്റെ വീട്ടിൽ കയറണമെന്നതാണത്രേ ആചാരം. അതിനായി അവർ ചെയ്യുന്നതാവട്ടെ വരന്റെയും വധുവിന്റെയും തല കൂട്ടിയിടിപ്പിക്കുക. അങ്ങനെ വേദനിച്ച് കരയുന്ന ഒരു വധുവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പാലക്കാട് ജില്ലയിലെ പല്ലശ്ശനയിലാണ് സംഭവം.

ചെറുക്കന്റെ വീട്ടിലെ കാരണവന്മാരോ അടുത്ത ബന്ധുക്കളോ ആണ് പലപ്പോഴും ഇത്തരം നീച കൃത്യങ്ങൾ ചെയ്യുന്നത്. ഇവിടെ വരന്റെയും വധുവിന്റെ പിറകിൽ നിൽക്കുന്ന ഒരാൾ ഇരുവരുടെ തലപിടിച്ച് പൊടുന്നനെ കൂട്ടിയിടിപ്പിക്കുന്നത് വീഡിയോയിൽ വളരെ വ്യക്തമാണ്. തുടർന്ന് തല വേദനിച്ച് പെൺകുട്ടി കരയുന്നതും കാണാം. വീഡിയോ വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയരുകയാണ്.

കേരളം പ്രാകൃതയുഗത്തിലോ?

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ശരണ്യ എം ചാരു ഇങ്ങനെ എഴൂതുന്നു. 'ആചാരമെന്ന പേരും പറഞ്ഞ് ഇമ്മാതിരി നാറിത്തരം കാണിക്കുന്നത് 21 ാം നൂറ്റാണ്ടിൽ ആണെന്നതാണ് ഹൈലൈറ്റ്. ആ കൊച്ചിന്റെ സ്ഥാനത്ത് ഞാനെങ്ങാനും ആയിരിക്കണമായിരുന്നു. തല കൂട്ടിയിടിപ്പിച്ച ആ തൈരന്റെ ചെകിടടച്ചു ഒന്ന് കൊടുത്തിട്ടേ ബാക്കി വർത്താനം ഉണ്ടാവുള്ളൂ. പാവം ആ കുട്ടിയുടെ മുഖം നോക്ക്.''

കേരളാ പൊലീസും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും എന്തുചെയ്യുകയാണ്് എന്ന് ചോദിക്കുന്നവരും ഏറെയാണ്. ഇങ്ങനെ പോവുകയാണെങ്കിൽ നമുക്ക് ഇനി സതി അടക്കമുള്ള പ്രാകൃത ആചാരങ്ങൾ തിരിച്ചുകൊണ്ടുവരാമെന്നും ആക്റ്റീവിസ്റ്റുകൾ ചുണ്ടിക്കാട്ടുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങളും, സാമുദായിക പരിഷ്‌ക്കരണ സംഘടനകളും ഏറെ പണിപ്പെട്ടാണ് , കേരളത്തിലെ വിവാഹത്തിൽ അടക്കം നിലനിന്നുപോന്നിട്ടുള്ള ഒരുപാട് അനാചാരങ്ങൾ നിർത്തലാക്കിയത്. നായർ സമുദായത്തിലെ സംബന്ധവും, പുടവ കൊടുത്തുകൊണ്ടുള്ള രാത്രി വിവാഹങ്ങളുമൊക്കെ നിർത്തലാക്കാൻ യത്‌നിച്ച കഥ എൻഎസ്എസ് ആചാര്യൻ മന്നത് പത്മനാഭന്റെ അത്മകഥയിൽ പറയുന്നുണ്ട്. അതുപോലെ മൂത്തയാൾക്ക് മാത്രം വിവാഹം പറഞ്ഞിരുന്ന നമ്പൂതിരി സമുദായത്തിൽ മാറ്റം ഉണ്ടാക്കിയത് ഇഎംഎസ് അടക്കം പലതവണ എഴുതിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ കാലം ഇത്രമേൽ പുരോഗമിച്ചിട്ടും, പഴയ ആചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ ചിലർ ശ്രമിക്കയാണ്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് മനോജ് ദാസ് ഈ വീഡിയോ ഷെയർ ചെയ്തശേഷം ഇങ്ങനെ പ്രതികരിക്കുന്നു. 'എത്ര മനോഹരമായ ആചാരങ്ങൾ അല്ലേ. ചിത്രം സിനിമയിൽൽ ലാലേട്ടൻ പറഞ്ഞതുപോലെ ഇനിയും ഉണ്ടോ ഇത്തരം ആചാരങ്ങൾ. ഖേരളം നമ്പർ വൺ തന്നെയാണ് സുഹൃത്തുക്കളെ. ഒരു പെൺകുട്ടിയുടെ അവളുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങിൽ ഒന്നിൽ തന്നെ കരയിപ്പിച്ചിട്ട് അത് നോക്കി നിൽക്കുന്ന കുറേ ഏഭ്യന്മാർ. കേരളം ഏങ്ങോട്ടാണ് പോകുന്നത്. വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച ആ കാലത്തേക്ക് നാം തിരിച്ച് നടക്കയാണോ?''. ഒറ്റനോട്ടത്തിൽ തന്നെ സ്ത്രീകൾക്ക് എതിരായ അതിക്രമം എന്ന നിലയിൽ പൊലീസിന് ഇതിൽ കേസ് എടുക്കാൻ കഴിയുമെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷേ ഒരു സാമൂഹികബോധവത്ക്കരണം എന്ന നിലയിൽ, വനിത കമ്മീഷനാണ് ഈ വിഷയത്തിൽ ഇടപെടേണ്ടതെന്നും, ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ ഇതുവരെയുള്ള വിവരം വെച്ച് അവർ ആരും തന്നെ വിഷയത്തിൽ ഇടപെട്ടിട്ടില്ല.

എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീർത്തും റിവൈലിസ്റ്റായ ഒരു പ്രവണത കേളത്തിൽ പൊതുവെയുണ്ട്. എംആർബിയും പ്രേംജിയുമൊക്കെ വിധവാ വിവാഹത്തിനടക്കം എറെ യത്‌നിച്ച പാലക്കാട് ജില്ലയിലാണ് ഇപ്പോൾ അന്ധവിശ്വാസങ്ങൾ വലിയ രീതിയിൽ തിരിച്ചുവരുന്നത്. 1934 ലാണ് നമ്പൂതിരി സമുദായത്തെ മാത്രമല്ല, കേരളത്തെയാകമാനം പിടിച്ചുകുലുക്കി വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ വിധവാ വിവാഹം നടക്കുന്നത്. വരൻ മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാട് എന്ന എംആർബി. വധു എടമന വെളുത്തേടത്ത് നാരായൺ നമ്പൂതിരിയുടെ യുവ വിധവ ഉമ. അതോടെയാണ് നമ്പൂതിരി സമുദായ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിനു തുടക്കം. കുടുംബം പടിയടച്ചു പിണ്ഡം വയ്ക്കുകയും കഴിയുന്നത്ര ദ്രോഹിച്ചിട്ടും എംആർബിയും ഉമയും ഒരുമിച്ചു ജീവിച്ചത് 62 വർഷമാണെന്നു സാക്ഷ്യപ്പെടുത്തുന്നു മകൾ സരള. ജാതകം നോക്കി മുഹൂർത്തം കുറിച്ച് ആചാരപ്രകാരം നടത്തിയ വിവാഹം 15 ദിവസവും, പൊരുത്തം നോക്കാതെ നടന്ന വിവാഹം നീണ്ടുനിന്നത് ആറ് പതിറ്റാണ്ടിലധികവുമാണ്. 1934ൽ ആചാരങ്ങളെ വെല്ലുവിളിക്കാൻ നമുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ, 2023ൽ കേരളം എവിടെ എത്തിയെന്ന് തലമുട്ടൽ വീഡിയോ സൂചിപ്പിക്കുന്നു.

കരഞ്ഞാണ് വീട്ടിൽ കയറിയതെന്ന് വധു

അതിനിടെ ഈ വീഡിയോവിൽ വിവാദമായ വരനെയും വധുവിനെയും കണ്ടെത്തി ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖം എടുത്തിട്ടുണ്ട്. പാലക്കാട് പല്ലശന സ്വദേശി സച്ചിനും കോഴിക്കോട് മുക്കം സ്വദേശി, സജ്ലയുടെയും വിവാഹത്തിനാണ് ഈ ദുരാചാരം ഉണ്ടായത്. വധൂവരന്മാരുടെ തലകൾ തമ്മിൽ ഇടിപ്പിക്കുക എന്നത് പാലക്കാട്ടെ ഒരു ആചാരമാണെന്ന് ഒരു വിഭാഗവും, അങ്ങനെ ഒരു ആചാരം ഇല്ലെന്ന് മറുവിഭാഗവും പറയുന്നിണ്ട്. പാലക്കാട് ഭാഗത്ത് ഇങ്ങനെ ഒരു ആചാരം ഉള്ളതായി അറിയില്ല എന്നാണ് വരൻ സച്ചിനും പറയുന്നത്. ഇനി ഉണ്ടെങ്കിൽ തന്നെ അമ്മമാർ ആരെങ്കിലും ചെറുതായി തല മുട്ടിക്കയാണ് ചെയ്യുന്നത് എന്നാണ് സച്ചിൻ പറയുന്നത്. ഈ കടുംകൈ ചെയ്തത് തന്റെ ഒരു അമ്മാവൻ ആണെന്ന് സച്ചിൻ സമ്മതിക്കുന്നുണ്ട്. ഇദ്ദേഹവും തന്റെ ഭാര്യക്കുണ്ടായ ദുരിതത്തിൽ വിഷമത്തിലാണ്.

വധു സജ്ലയുടെ പ്രതികരണം ഇങ്ങനെ. 'ശരിക്കും ഞെട്ടലായിരുന്നു. ഓൾറെഡി ചേട്ടന്റെ അനിയത്തി പിറകിൽ നിന്ന് പറയുന്നുണ്ടായിരുന്നു, ചേച്ചിക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന്. അവർ അങ്ങനെ പറഞ്ഞതുകൊണ്ട് ഇനി ഇടിയില്ല എന്ന് കരുതി ഇരിക്കയായിരുന്നു. അതുകൊണ്ട് ഞാൻ ചിരിക്കാനും തുടങ്ങി. ആൾറെഡി എന്റെ വീട്ടുകാരെ മിസ്സ് ചെയ്തതിന്റെ ഭാഗമായി കിളിപോയി ഇരിക്കയായിരുന്നു ഞാൻ. ഇടിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഇപ്പോഴും തലക്ക് ചെറുതായി വേദനയുണ്ട്. സമീപത്തുള്ള ഭിത്തിയിലും തല ഇടിച്ചിട്ടുണ്ട്. ആ സമയത്ത് ശരിക്കും ഫീൽ ആയിട്ടാണ് കരഞ്ഞത്. ഇടികിട്ടിയതോടെ എവിടെയാണ് നിൽക്കുന്നത് എന്നുപോലും മറന്നുപോയി. അല്ലെങ്കിൽ ഞാൻ തന്നെ അയാളെ തിരിച്ച് ചീത്ത പറഞ്ഞേനേ.''- സജ്ന പറയുന്നു.

ഈ സംഭവത്തോടെ മൊത്തത്തിൽ എല്ലാവരും കരഞ്ഞുപോയി എന്ന് വരൻ സച്ചിൻ പറയുന്നു. 'നിലവിളക്ക് എടുത്ത് കരഞ്ഞിട്ടാണ് വീട്ടിൽ കയറിയത്. ഇനി ഒരാൾക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാവരുത്. പല്ലശ്ശന പഞ്ചായത്തിലേക്ക് വിവാഹം കഴിച്ചുവരുന്ന ഒരു കുട്ടിക്കും ഇതുപോലെ അനുഭവം ഉണ്ടാവരുത്. അത്രത്തോളം വേദന ഞാൻ അനുഭവിച്ചു. ''- സജ്ന പ്രതികരിച്ചു.