ചാത്തന്നൂർ: കലക്ടറുടെ ഉത്തരവിനെ മറികടന്ന് രഹസ്യമായി മരമടി മത്സരം നടത്താനുള്ള സംഘാടകരുടെ നീക്കം തടഞ്ഞ് സബ്കലക്ടർ.മത്സരത്തിനായി കാളകളെ എത്തിച്ചപ്പോൾ മൂട്ടോളം വരുന്ന പാടത്തെ ചെളിയിൽ ഇറങ്ങി നിന്നാണ് സബ് കലക്ടർ മത്സരം തടഞ്ഞത്.സബ് കലക്ടറുടെ നടപടിക്ക് കൈയടിയുമായി സോഷ്യൽമീഡിയയിൽ ഉൾപ്പടെ നിരവധി പേരാണ് രംഗത്ത് വന്നത്.കേരള കർഷക സംഘം ചാത്തന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചിറക്കര ഏലായിൽ നടത്താനിരുന്ന മരമടി മത്സരത്തിനിടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.

ഈ മാസം 26ന് കലക്ടർ അഫ്‌സാന പർവീൺ മരമടി മത്സരം നടത്താൻ പാടില്ല എന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവ്, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരം മരമടി തുടങ്ങിയ എല്ലാ മത്സരങ്ങളും സമ്പൂർണമായി നിരോധിച്ചിട്ടുണ്ടന്ന് അധികൃതർ പറഞ്ഞു.ഇതനുസരിച്ചായിരുന്നു കലക്ടറുടെ ഉത്തരവ്.എന്നാൽ ഇതിനു വിരുദ്ധമായി മത്സരം രഹസ്യമായി നടത്തുവാൻ സംഘാടകർ ശ്രമിക്കുകയായിരുന്നു.

നിലം ഉഴാൻ എന്ന പേരിൽ ചിറക്കര ക്ഷേത്രത്തിനു സമീപത്ത് നിന്നു പ്രകടനമായി കാളകളെ ഏലായിലേക്ക് എത്തിച്ചു.മത്സരത്തിനായി പൂട്ടി പതം വരുത്തിയ കണ്ടത്തിൽ പത്തോളം ജോഡി കാളകളെ ഇറക്കിന്നതായി വിവരം ലഭിച്ചതോടെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കര ഏലായിൽ എത്തുകയായിരുന്നു.

കാളകളെ കണ്ടത്തിൽ ഇറക്കിയെങ്കിലും സബ് കലക്ടർ ചേതൻ കുമാർ മീണ മുട്ടോളം ചെളിയിൽ ഇറങ്ങി കാളകളുടെ മുന്നിൽ എത്തി തടയുകയായിരുന്നു.ചാത്തന്നൂർ എസിപി ബി.ഗോപകുമാറും ഒപ്പമുണ്ടായിരുന്നു. മരമടി കണ്ടത്തിലേക്കു കാളകളെ ഇറക്കുന്നത് പൊലീസുകാർ തടഞ്ഞു. മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ വ്യക്തമാക്കി.

മരമടിക്കായി കരയുടെ വിവിധ ഭാഗങ്ങളിൽ കാളകളെയും മറ്റും നേരത്തെ തന്നെ എത്തിച്ചിരുന്നു. നിരോധന ഉത്തരവിനു വിരുദ്ധമായി സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെട്ടതോടെ നിയമം കർശനമായി പാലിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു കലക്ടർ നിർദ്ദേശം നൽകിയിരുന്നു. കലക്ടറുടെ നിരോധന ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ഇതിനിടെ മരമടി മാറ്റി വച്ചതായി സംഘാടകർ അറിയിച്ചെങ്കിലും വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ ജോഡി ഉരുക്കൾ എത്തിയിരുന്നു. മരമടി കണ്ടത്തിനു സമീപത്തെ വേദിയിൽ കൂറ്റൻ ട്രോഫികൾ പ്രദർശിപ്പിക്കുകയും ചെയ്തു.നിരോധനം ലംഘിക്കുന്നുണ്ടോ എന്നറിയാൻ തഹസിൽദാർ ജാസ്മിൻ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.

മത്സരം തടയുന്നതിനായി, ചാത്തന്നൂർ എസിപി ഗോപകുമാർ, പാരിപ്പള്ളി ഇൻസ്‌പെക്ടർ എ.അൽ ജബ്ബാർ എന്നിവരുടെ നേതൃത്വത്തിൽ പരവൂർ,പാരിപ്പള്ളി, ചാത്തന്നൂർ, കണ്ണനല്ലൂർ, കൊട്ടിയം, എആർ ക്യാംപ് എന്നിവിടങ്ങളിൽ നിന്ന് വനിതാ പൊലീസുകാർ ഉൾപ്പെടെ സ്ഥലത്ത് ഉണ്ടായിരുന്നു.സബ് കലക്ടറും സംഘാടകരും ചർച്ച നടത്തി. ഒരു രീതിയിലും മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ നടത്തുവാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയതോടെ പരിപാടി നിർത്തിവച്ചു. ഇതോടെ പ്രതീകാത്മകമായി മനുഷ്യരെ ഉപയോഗിച്ചു പ്രധാന കണ്ടത്തിൽ മരമടി നടത്തി.