കണ്ണൂർ: സുഡാൻ സംഘർഷത്തിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ സ്വദേശിയായ അൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. വിമുക്തഭടനായിരുന്നു. വീട്ടിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ദാൽ ഗ്രൂപ്പ് ഓഫ് കമ്പനി ജീവനക്കാരനാണ് ആൽബർട്ട് അഗസ്റ്റിൻ. വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സുഡാനിൽ സൈന്യവും അർധസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ 56പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. 'സെൻട്രൽ കമ്മിറ്റി ഓഫ് സുഡാൻ ഡോക്ടേഴ്‌സ്' ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത് . വെടിവെപ്പിലും ബോംബാക്രമണത്തിലും 595 പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേരത്തെ, സംഘർഷത്തിൽ 27പേർ കൊല്ലപ്പെട്ടതായും 170 ഓളം പേർക്ക് പരിക്കേറ്റതായും സുഡാൻ ഡോക്ടേഴ്‌സ് സിൻഡികേറ്റും അറിയിച്ചിരുന്നു.

ശനിയാഴ്ചയാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും (ആർ.എസ്.എഫ്) സായുധ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. തലസ്ഥാന നഗരമായ ഖാർത്തൂം, മർവ, അൽ-അബൈദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നിയന്ത്രണം ആർ.എസ്.എഫ് ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റിന്റെ കൊട്ടാരം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ആർ.എസ്.എഫ് അവകാശപ്പെട്ടിരുന്നു. സൈന്യവുമായുള്ള പോരാട്ടത്തെത്തുടർന്ന് സുഡാനിലെ പല പ്രധാന സ്ഥലങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവർ അവകാശപ്പെട്ടിട്ടുണ്ട്

സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സുഡാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തു വന്നിരുന്നു. ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ എംബസി നിർദ്ദേശിച്ചു. 'റിപ്പോർട്ടുചെയ്ത വെടിവയ്‌പ്പുകളും ഏറ്റുമുട്ടലുകളും കണക്കിലെടുത്ത് എല്ലാ ഇന്ത്യക്കാരോടും പരമാവധി മുൻകരുതലുകൾ എടുക്കാനും വീടിനുള്ളിൽ തന്നെ തുടരാനും നിർദ്ദേശിക്കുന്നു. ദയവായി ശാന്തരായിരിക്കുക. അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക,' ഖാർത്തൂമിലെ ഇന്ത്യൻ എംബസി ട്വീറ്റിൽ പറഞ്ഞു.