കൊച്ചി: ഗവാസ്‌കർ എന്ന പൊലീസ് ഡ്രൈവറെ മകൾ തല്ലിയതോടെയാണ് സുദേഷ് കുമാർ എന്ന ഐപിഎസുകാരൻ വാർത്തകളിൽ നിറയുന്നത്. അന്ന് എ ഡി ജി പി യായിരുന്ന സുദേഷ് കുമാർ പൊലീസുകാരെ കൊണ്ട് വീട്ടിൽ അടിമപ്പണി ചെയ്യിക്കുന്നതും വിവാദമായിരുന്നു. ഗവാസ്‌കർ വിവാദത്തിനു ശേഷം തൊട്ടതെല്ലാം പുലിവാലായ സുദേഷ് സർക്കാരിന്റെ ഗുഡ് ഓഫീസർ ലിസ്റ്റിൽപ്പെട്ടതുമില്ല. പിന്നീട് ട്രാൻസ്‌പോർട്ട് കമ്മീഷണറും വിജിലൻസ് മേധാവിയുമൊക്കെയായെങ്കിലും സർക്കാരിന്റെ വിശ്വാസം പിടിച്ചു പറ്റുന്നതിൽ പരാജയപ്പെട്ടു. കൂടാതെ അഴിമതി ആരോപണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽപ്പെടുകയും ചെയ്തു.

നിലവിൽ ഡി.ജി.പി. റാങ്കിൽ ജയിൽ മേധാവിയായി ജോലി നോക്കുന സുദേഷ്‌കുമാർ ഐ പി എസ് അടുത്ത മാസം പെൻഷനാവുകയാണ്. അതു വരെ തനിക്ക് എതിരെ വരാൻ പോകുന്ന അച്ചടക്ക നടപടികൾ എല്ലാം വൻ സ്വാധീനം ഉപയോഗപ്പെടുത്തി സുദേഷ്‌കുമാർ മരവിപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. മുഖ്യമന്ത്രിക്ക് ഇദ്ദേഹത്തോട് വലിയ താൽപര്യം ഇല്ലാത്തതിനാൽ സുദേഷ് കുമാർ എല്ലാ ഓപ്പറേഷനുകളും നടത്തുന്നത് ഡൽഹി വഴിയാണ്. ഡൽഹിയിൽ പഠിക്കുന്ന കാലത്തെ സൗഹൃദം ഉപയോഗപ്പെടുത്തി സർക്കാരിൽ സമ്മർദ്ദം ചെലുത്തി രക്ഷപ്പെടാനാണ് സുദേഷ്‌കുമാറിന്റെ നീക്കം.

കോളേജ് പഠന കാലത്തെ സുഹൃത്ത്, രാഷ്ട്രീയത്തിലെ ഉന്നതനായതു കൊണ്ട് തന്നെ ആഭ്യന്തര സെക്രട്ടറി അന്വേഷണം പൂർത്തിയാക്കിയ രണ്ട് ആരോപണങ്ങളിലും നടപടി വൈകുകയാണ്. ഇക്കാര്യം പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ആരോപിക്കുന്നുണ്ട്. സുദേഷ്‌കുമാറിന്റെ വിഷയം സേനയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കും നാണക്കേട് ഉണ്ടാക്കിയിട്ടും ഇദ്ദേഹത്തെ സംരക്ഷിക്കുകയാണ് എന്ന വിമർശനമാണ് ഐപിഎസുകാർ പങ്കു വെയ്ക്കുന്നത്. ഇടയ്ക്ക് സുദേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യുമെന്ന് വാർത്തകൾ വന്നപ്പോൾ തന്നെ ഡൽഹി ഓപ്പറേഷൻ ഉണ്ടായി എന്നാണ് പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥർ പറയുന്നത്.

വിരമിച്ച ശേഷം അമേരിക്കയിലേയ്ക്ക് പോകാനാണ് സുദേഷ്‌കുമാറിന്റെ നീക്കം. സുദേഷ് കുമാറിന്റെ പിതാവ് അമേരിക്കയിലായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തി ശിഷ്ടകാലം അവിടെ ബിസിനസ് സ്ഥാപനം നടത്തി മുന്നോട്ടു പോവാനാണ് താൽപര്യമെന്ന് അദ്ദേഹം ചില അടുപ്പക്കാരോടു തുറന്ന് പറഞ്ഞിട്ടുണ്ട്. വിരമിക്കലിന് മുൻപ് സസ്‌പെൻഷൻ ഉണ്ടായാൽ പിന്നീട് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ചാണ് അന്വേഷണവും നടപടിയും മരവിപ്പിക്കാൻ സുദേഷ് കുമാർ രംഗത്ത് ഇറങ്ങിയത്. വിജിലൻസ് ഡയറക്ടറായിരിക്കെയാണ് സുധേഷ് കുമാർ ചൈനയിൽ കുടുംബ സമേതം കറങ്ങിയത്.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് മറ്റാരുടെയെങ്കിലും ആതിഥ്യം സ്വീകരിച്ചോ സമ്മാനമായോ വിദേശത്ത് പോകാൻ അധികാരമില്ല. അഖിലേന്ത്യാ സർവീസ് ചട്ടത്തിലെ ഈ വ്യവസ്ഥ സുധേഷ് ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരനായ കോഴിക്കോട് സ്വദേശിയായ ഖത്തറിലെ വ്യവസായിയാണ് സുധേഷിന്റെ ചൈനായാത്ര സ്‌പോൺസർ ചെയ്തത്. ഭാര്യയും രണ്ട് മക്കളുമൊത്താണ് സുധേഷ്‌കുമാർ ചൈനയിൽ പോയത്. സുധേഷിനെ സഹായിക്കാൻ വ്യവസായിയുടെ അനിയനും ചൈനയിലേക്ക് പോയിരുന്നു.

സുധേഷിന്റെയും ഭാര്യയുടെയും മക്കളുടെയും വിമാനക്കൂലി, താമസം, ചൈനയിലെ നാല് നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാനയാത്ര, ഷോപ്പിങ് എന്നീ ചെലവുകൾക്ക് പണം നൽകിയത് വ്യവസാസിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതമാണ് സർക്കാരിന് പരാതി കിട്ടിയത്. എന്നാൽ സംസ്ഥാനത്തെ മുതിർന്ന ഡി.ജി.പിയായ സുധേഷിനെതിരായ പരാതി ആദ്യഘട്ടത്തിൽ സർക്കാർ തലത്തിൽ ഒതുക്കപ്പെട്ടു. അന്വേഷണമുണ്ടാകാതിരുന്നതോടെ, പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ സത്യവാങ്മൂലം നൽകാൻ കോടതി ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനു പിന്നാലെയാണ് ആഭ്യന്തര സെക്രട്ടറി വിവാദങ്ങളെ കുറിച്ച് അന്വേഷിച്ചത്. ഡിജിറ്റൽ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയതോടെ, സുധേഷിന്റെ കള്ളക്കളി തെളിഞ്ഞു.

യാത്രാ ടിക്കറ്റ്, പണം ട്രാൻസ്ഫർ ചെയ്തതിന്റെ രേഖകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കിട്ടിയതോടെ കേസെടുക്കാതെ മറ്റ് മാർഗ്ഗമില്ലെന്നായി. രേഖകൾ കിട്ടിയതോടെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകും മുൻപേ കേസെടുക്കണമെന്ന സ്ഥിതിയായി. മാത്രമല്ല, സുധേഷിനെതിരെ കേസെടുക്കാൻ ആഭ്യന്തര സെക്രട്ടറി സർക്കാരിന് ശുപാർശ നൽകുകയും ചെയ്തു. ഇതോടെയാണ് വിജിലൻസിൽ നിന്ന് മാറ്റി സുധേഷിനെ ജയിൽ വകുപ്പ് മേധാവിയാക്കി ഇരുത്തിയത്. രണ്ടാഴ്ചത്തെ ചൈനായാത്രയ്ക്ക് സർക്കാരിന്റെ അനുമതി നേടിയിരുന്നില്ലെന്നതിൽ വകുപ്പുതല അന്വേഷണവും നടത്തേണ്ടതുണ്ട്.അതും ഇതുവരെ തുടങ്ങിയിട്ടില്ല.
ചൈനായാത്രയെക്കുറിച്ച് മാത്രമല്ല അന്വേഷണം നടന്നത്.

ഇതേ വ്യവസായിയുടെ സ്‌പോൺസർഷിപ്പിൽ സുധേഷ് 16വിദേശയാത്രകൾ നടത്തിയതായി സർക്കാരിന് പരാതി കിട്ടിയിരുന്നു. ഈ യാത്രകളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതാണ്. നോർത്ത് സോൺ എ.ഡി.ജി.പിയായിരിക്കെയാണ് വ്യവസായിയുമായി സുദേഷ് പരിചയപ്പെട്ടത്. വ്യവസായിക്കായി വഴിവിട്ട ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കേണ്ടാതായുണ്ട്. അത്തരമൊരു അന്വേഷണം നടന്നിട്ടും ഇല്ല. കാക്കിയുടെ അധികാരമുപയോഗിച്ച് തലസ്ഥാനത്തെ ഭീമാ ജുവലറിയിൽ നിന്ന് 95ശതമാനം ഡിസ്‌കൗണ്ട് സംഘടിപ്പിച്ച് ഏഴുപവന്റെ നെക്ലേസ് വാങ്ങിയെടുത്തതിലും സുധേഷിനെതിരേ കേസുണ്ടാവേണ്ടതാണ്.

മകൾക്കായി ആന്റിക് ശ്രേണിയിൽപെട്ട 7പവന്റെ നെക്ലേസ് ഡിജിപി തിരഞ്ഞെടുത്ത ശേഷം ഗൺമാനെക്കൊണ്ട് ഡിസ്‌കൗണ്ട് ആവശ്യപ്പെട്ടു. 5ശതമാനം നൽകാമെന്ന് മാനേജർ പറഞ്ഞു. ജുവലറിയുടമയുടെ മകനെ കാണണമെന്ന് ഗൺമാൻ വഴി ഡിജിപി അറിയിച്ചു. 30ശതമാനം പണിക്കൂലിയുള്ള ആഭരണമാണിതെന്നും മൂന്നുലക്ഷത്തോളം സ്വർണവിലയും ഒരുലക്ഷം പണിക്കൂലിയുമാവുമെന്നും പരമാവധി 10% ഡിസ്‌കൗണ്ട് നൽകാമെന്നും ജുലവറിയുടമയുടെ മകൻ അറിയിച്ചു. രണ്ടുദിവസത്തിനു ശേഷം ഡിജിപി ജുവലറിയിലെത്തി ആഭരണം ഫുൾ ഡിസ്‌കൗണ്ടിൽ നൽകണമെന്നാവശ്യപ്പെട്ടു.

ഡിജിപിയായതിനാൽ 50ശതമാനം ഡിസ്‌കൗണ്ട് നൽകാമെന്ന് ജുവലറിയുടമയുടെ മകൻ അറിയിച്ചു. 'നിങ്ങൾ ചെയ്യുന്നതെല്ലാം അറിയാമെന്നും സ്വർണക്കടത്തിൽ അകത്താക്കുമെന്നും' ഡിജിപി ഭീഷണിപ്പെടുത്തി. 5ശതമാനം പണം നൽകി നെക്ലേസുമെടുത്ത് പോയി. ഡിജിപിക്ക് 95ശതമാനം ഡിസ്‌കൗണ്ടിൽ നെക്ലേസ് നൽകിയതായി അവർ ഇൻവോയ്‌സിൽ രേഖപ്പെടുത്തി. ഡി.ജി.പി ഭീഷണിപ്പെടുത്തിയതും നെക്ലേസുമായി പോയതുമെല്ലാം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും ഇൻവോയ്‌സും പരിശോധിച്ച് ആഭ്യന്തര സെക്രട്ടറി പരാതി സത്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിട്ടും സുദേഷ്‌കാറിനെ സംരക്ഷിക്കുന്നതിനെതിരെ പൊലീസിൽ നിന്നു മാത്രമല്ല പുറത്തു നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.