കോഴിക്കോട്: ഒരു റോജ പാക്ക് പോലും ഉപയോഗിക്കാത്ത, പുകവലിയോ, മദ്യപാനമോ അനാവശ്യമായി ചായുകുടി പോലുമോ ഇല്ലാതിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച പ്രശസ്ത സംവിധായകൻ സിദ്ദിഖ്. പക്ഷേ ഇദ്ദേഹത്തിന് കരൾ രോഗം വന്നു എന്നത്, ഡോക്ടർമാരെയും അമ്പരപ്പിച്ചിരുന്നു. സിദ്ദിഖ് ആരുടേയോ നിർദേശ പ്രകാരം യുനാനി മരുന്നുകൾ ധാരാളമായി കഴിച്ചിരുന്നുവെന്നും ഇതാണ് അദ്ദേഹത്തെ കരൾ രോഗിയാക്കിയെന്നും നടൻ ജനാർദ്ദനൻ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ഇതേതുടർന്ന് ഐഎംഎ ഭാരവാഹിയായ ഡോ സുൽഫിനൂഹ് അടക്കമുള്ളവർ യുനാനി മരുന്നിലെ ഹെവി മെറ്റൽസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എഴുതിയിരുന്നു.

സിദ്ദിഖിന്റെ മരണത്തോടെ സോഷ്യൽ മീഡിയിൽ മലയാളത്തിലെ പല സെലിബ്രിറ്റികളുടെയും മരണത്തിന് ഇടയാക്കിയ അന്ധവിശ്വാസത്തെയും, കപടവൈദ്യത്തെക്കുറിച്ച് ചർച്ച നടക്കുകയാണ്.

മരണത്തിന് വഴങ്ങിക്കൊടുത്തവർ

ആധുനിക ചികിത്സ നിഷേധിച്ചുകൊണ്ട് മരണത്തിന് വഴങ്ങിക്കൊടുത്ത സെലിബ്രിറ്റികളെക്കുറിച്ചാണ് ഇപ്പോൾ, ചർച്ച പുരോഗമിക്കുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും പുരോഗമനം പറയുന്ന ശ്രീനിവാസൻ, പ്രകൃതി ചികിത്സയുടെ വലയിൽ വീണുപോയത് ചികിത്സയെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം ഇല്ലാത്തതുകൊണ്ടായിരുന്നു. മോഡേൺ മെഡിസിന്റെ സഹായം കൊണ്ടാണ് അദ്ദേഹത്തിന് ജീവിതം ഇപ്പോൾ നീട്ടിക്കൊണ്ടു പോകാൻ കഴിയുന്നത്. അലോപ്പതി മരുന്നുകൾ കടലിൽ എറിയണം എന്നാണ് അദ്ദേഹം ഒരിക്കൽ എഴുതിയത്.

സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് സിദ്ദീഖ് പി എ ഇങ്ങനെ എഴുതുന്നു:

ലിവർ സിറോസിസ് ആയിട്ടും ചികിത്സിക്കാതെ കൊണ്ട് നടന്നതുകൊണ്ടാണ് കൊച്ചിന്റെ ഹനീഫാ അകാല ചരമം പ്രാപിച്ചത് എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. സംവിധായകൻ പത്മരാജൻ രോഗാതുരനായ കാലഘട്ടത്തിൽ പൂജയും ഹോമവും ആയുർവേദ ചികിത്സയും ആണ് എടുത്തിരുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞിരുന്നു. ആധുനിക ചികിത്സയെ ഭയപ്പെട്ടിരുന്ന ആളായിരുന്നു ലോഹിതദാസ്. അദ്ദേഹത്തിനോട് മമ്മൂട്ടി പലപ്രാവശ്യം ചികിത്സ എടുക്കാൻ പറഞ്ഞിട്ടും ഒഴിഞ്ഞു മാറിയിരുന്നായി പറയപ്പെടുന്നു.മദ്യപിക്കാത്ത വ്യക്തിയായിരുന്നു കൊച്ചിൻ ഹീനീഫ. അദ്ദേഹത്തിന് നോൺ ആൾക്കഹോളിക് ലിവർ സിറോസിസാണ് വന്നത്.

അതുപോലെ ലക്ഷ്മിതരുവും മുള്ളാത്തയും കൊണ്ട് ക്യാൻസറിന് ചികിത്സ തേടിയിരുന്നതിന്റെ ഭവിഷ്യത്തിനെ കുറിച്ച് ജിഷ്ണു തന്റെ മരണത്തിന്റെ അവസാന നാളുകളിൽ ഫേസ്‌ബുക്കിൽ എഴുതിയിരുന്നു. ഇതിന്റെ പിന്നാലെ പോയതുകൊണ്ട് തന്റെ അസുഖം മൂർച്ഛിക്കയാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആലപ്പുഴയിൽ ഉള്ള ഒരു പ്രകൃതി ചികിത്സകന്റെ വാക്ക് കേട്ട് ക്യാൻസറിന് പ്രകൃതി ചികിത്സ നടത്തിയാണ് അബി എന്ന മിമിക്രി കലാകാരൻ മൺമറഞ്ഞു പോയത്. അപവാദമായി പറയാനുള്ളത് മലയാളത്തിൽ ഇന്നസെന്റും മമ്ത മോഹൻദാസും ആണ്. അവർ അധുനിക ചികത്സ എടുക്കുകയും കാൻസറിനെ അതിജീവിക്കയും ചെയ്തു. ഇന്നസെന്റ് മരിച്ചതും അർബുദരോഗം കൊണ്ടായിരുന്നില്ല.

തുറന്നടിച്ച് ജനാർദ്ദനൻ

കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികത്സ തുടരവെ ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. റിപ്പോർട്ടർ ട്ിവിക്ക് നൽകിയ ഫോൺ ഇൻ ലൈവിൽ നടൻ ജനാർദ്ദനൻ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. 'ഈ ഒരു ദൂഷ്യവുമില്ലാത്ത വ്യക്തി ആരുമറിയാതെ, ചില ഗുളികകൾ കഴിക്കുമായിരുന്നു. യുനാനി എന്ന് പറയുന്ന മരുന്നൊക്കെ ആരോ പറഞ്ഞുകൊടുത്തിട്ട്, കഴിക്കുമായിരുന്നു. ആർക്കും അറിയില്ല, ആരോടും പറയില്ല. ഇത് കഴിച്ചതുകൊണ്ടുള്ള കുഴപ്പമെന്താണെന്ന് വച്ചാൽ കിഡിനിയും ലിവറുമൊക്കെ, അടിച്ചുപോവുമെന്നതാണ്. അതുകൊണ്ട് ദയവുചെയ്ത ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ, ഇതൊക്കെ ശ്രദ്ധിക്കണം''- ജനാർദ്ദനൻ പറഞ്ഞു.

യുനാനി വെറും മിത്താണ് എന്നാണ് ഐഎംഎ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കൂടിയാ ഡോ സുൽഫി നൂഹ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. 'യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്‌നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണ്. അത് മിത്തല്ല. ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്. ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു. പാൽനിലാവിന് മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ.''- ഇങ്ങനെയാണ് ഡോ സുൽഫി ചൂണ്ടിക്കട്ടിയത്.