കോഴിക്കോട്: കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ മാത്രം പുനരുദ്ധാരണത്തിന്റെ പേരിൽ കോടികൾ മുടക്കിയിട്ടും പ്രശ്നങ്ങൾ തീരാതെ ടാഗോർ ഹാൾ. കോഴിക്കോട് കോർപറേഷന് കീഴിലുള്ള ഹാളിനാണ് സർക്കാരിന്റെ കോടികൾ മുടക്കിയിട്ടും ശാപമോക്ഷം ലഭിക്കാത്തത്. കെട്ടിട നമ്പറിലും മറ്റും നടന്നപോലെ ഇതിന് നൽകിയ കരാറിലും അഴിമതിയുണ്ടെന്നാണ് വിമർശനം. ചെലവഴിച്ച കോടികളിൽ എത്ര രൂപ ആരുടെയെല്ലാം കീശയിലേക്കു പോയോയെന്ന സംശയവും ഇതോടെ ബലപ്പെടുകയാണ്.

കോഴിക്കോട് നഗരത്തിലെ പ്രധാന സാംസ്‌കാരികകേന്ദ്രം കൂടിയാണ് നഗരഹൃദയത്തിലുള്ള ഈ അഭിമാനയിടം.ഗാനമേളകളും സാഹിത്യ സമ്മേളനങ്ങളും സിനിമാ പ്രദർശനങ്ങളും രാഷ്ട്രീയ പാർട്ടികളുടെ വമ്പൻ പരിപാടികളുമെല്ലാം അരങ്ങേറുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട വേദിയായി മാറുന്ന ഇടമാണ് ഈ ഹാൾ. വിവാഹങ്ങൾക്ക് ഒരു ലക്ഷം രൂപയും സാംസ്‌കാരിക പരിപാടികൾക്ക് നാൽപതിനായിരം രൂപയുമാണ് ദിവസ വാടക ഈടാക്കുന്നത്. ആയിരത്തോളം പേർക്ക് സുഗമമായി ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇവിടുത്തെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. പക്ഷേ ഇവിടുത്തെ കെട്ടിടത്തിന് പരാതിയൊഴിഞ്ഞ നേരമില്ലെന്നതാണ് കഴിഞ്ഞ കുറേ വർഷങ്ങളായിട്ടുള്ള സ്ഥിതി.

പുതുതായി വീണ്ടും ഇടതുപക്ഷം കോർപറേഷന്റെ ഭരണ സാരഥ്യം ഏറ്റെടുത്തതിന് ശേഷം മാത്രം ഒരു കോടിയോളം രൂപയാണ് ഇവിടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചെലവഴിച്ചത്. എന്നിട്ടും പ്രശ്നങ്ങൾ അതുപോലെ മാറ്റമില്ലാതെ തുടരുന്നത് എന്തുകൊണ്ടാണെന്നാണ് നഗരവാസികൾ ചോദിക്കുന്നത്. പരിപാടിക്കായി ഹാൾ ബുക്ക് ചെയ്യുന്നവർ സ്വന്തമായി ജനറേറ്റർ ഉൾപ്പെടെയുള്ളവ വാടകക്കെടുത്തുകൊണ്ടുവന്നാലെ ഇവിടുത്തെ വിളക്കുകൾ തെളിയൂവെന്ന സ്ഥിതിയാണ്. പുനരുദ്ധാരണം കൊട്ടിഘോഷിച്ച് നടത്തിയിട്ടും തൊട്ടാൽ ഷോക്കടിക്കാത്ത വൈദ്യുത സംവിധാനംപോലും ഇവിടെ ഒരുക്കാനായിട്ടില്ല. ഈ പ്രശ്നം രൂക്ഷമായതോടെയായിരുന്നു കെ എസ് ഇ ബി ടാഗോറിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചത്.

മഴയില്ലാത്തപ്പോൾപോലും വേദിക്കു മുകളിൽനിന്ന് വെള്ളം കിനിഞ്ഞിറങ്ങുന്ന സ്ഥിതിയാണ്.നിർമ്മാണത്തിലെ പ്രത്യേകതമൂലം മഴ അവസാനിച്ചാലും വെള്ളം മുകളിൽ കെട്ടിനിൽക്കുന്നതാണ് ഇതിന് കാരണമാവുന്നതെന്നാണ് കോർപറേഷൻ എഞ്ചിനിയറിങ് വിഭാഗത്തിന്റെ വിശദീകരണം. വെസ്റ്റിഹിൽ ഗവ. എഞ്ചിനിയറിങ് കോളജിലെ വിദഗ്ധ സംഘം ഈ വിഷയത്തിൽ പഠനം നടത്തിയിരുന്നു. മേൽക്കൂരയിൽ മാറ്റങ്ങൾ വരുത്തിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്നാണ് ഇവർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. അരനൂറ്റാണ്ട് പിന്നിട്ട സാംസ്‌കാരിക നിലയം പൊളിച്ചു പണിയേണ്ടിവരുമെന്നാണ് സംഘത്തിന്റെ ശുപാർശ.

ആധുനിക രീതിയിലുള്ള കമ്മ്യൂണിറ്റി ഹാളും കോൺഫ്രൻസ് ഹാളുമെല്ലാം ഉൾപ്പെട്ട പദ്ധതി തയാറായിട്ടുണ്ടെന്ന് കോർപറേഷൻ അധികൃതർ സൂചിപ്പിച്ചു. നാലു വർഷം മുൻപ് ഇവിടുത്തെ താഴെയുള്ള ഇരിപ്പിടങ്ങളെല്ലാം മാറ്റി സ്ഥാപിച്ചിരുന്നു. 35 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്നാണ് കോർപറേഷൻ രേഖകൾ. എന്നാൽ മുകൾ നിലയിൽ ഇപ്പോഴും കസേരകളെല്ലാം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇവിടെ ട്രാൻസ്ഫോർമർ സ്ഥാപിക്കാൻ 30 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. 2019ൽ ഹാളിന്റെ ശുചിമുറികൾ നവീകരിച്ചിരുന്നു. ഇതോടൊപ്പം ഡൈനിങ് ഹാളും വേദിയുമെല്ലാം ടൈലിട്ട് മനോഹരമാക്കിയിരുന്നു.

ഇത്തരം അറ്റകുറ്റപണികൾക്കായി ഓരോ വർഷവും 20 മുതൽ 30 ലക്ഷം രൂപവരെയാണ് ചെലവഴിക്കുന്നത്. എന്നിട്ടും പ്രശ്നങ്ങൾക്ക പരിഹാരം കാണാത്തത് ഉദ്യോഗസ്ഥരും ഭരണ നേതൃത്വവും കരാറുകാരും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടെ തെളിവാണെന്നാണ് ആരോപണം. കെട്ടിട നമ്പർ അഴിമതിക്കൊപ്പം ഇത്തരം വിഷയങ്ങളും അന്വേഷിക്കപ്പെടണമെന്നാണ് നഗരവാസികൾ ആവശ്യപ്പെടുന്നത്.

ടാഗോർ ഹാൾ പൊളിച്ചുമാറ്റും മേയർ ഡോ. ബീന ഫിലിപ്പ്

കോഴിക്കോട്: ടാഗോർ ഹാൾ പുതുക്കിപണിയുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിച്ചുനീക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ്. നിലവിലെ കെട്ടിടത്തിന്റെ ശോച്യാവസ്ഥയാണ് നടപടിക്കൊരുങ്ങാൻ കോർപറേഷനെ പ്രേരിപ്പിച്ചിരിക്കുന്നത്. കെട്ടിടം പൂർണമായും പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനാണ് ആലോചിക്കുന്നത്. ഹാൾ ബുക്ക് ചെയ്തിരിക്കുന്നവർക്ക് പണം തിരിച്ചുനൽകും.

പരിപാടി മാറ്റാൻ പ്രയാസമാവുന്നവർക്ക് അവരുടെ ഉത്തരവാദിത്വത്തിൽ ജനറേറ്റർ ഉൾപ്പെടെയുള്ള ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി പരിപാടി നടത്താമെന്നും മേയർ വ്യക്തമാക്കി. കെട്ടിടം മാറ്റിപണിയേണ്ടിവരുമെന്ന് നേരത്തെ പൊതുമരാമത്ത് സമിതി അധ്യക്ഷൻ പി സി രാജനും വ്യക്തമാക്കിയിരുന്നു. അതേസമയം നിലവിലെ അറ്റകുറ്റപണികളിൽ സംഭവിച്ച പാളിച്ചകളും ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ചുമൊന്നും അന്വേഷണം നടത്താതെ തിടുക്കത്തിൽ പൊളിച്ചുനീക്കുന്നത് അഴിമതിക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വിമർശനം ഉയരുന്നുണ്ട്.